2019 July 18 Thursday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

ചരിത്രത്തെ ഓടിത്തോല്‍പ്പിച്ച് ഹിമാദാസ്

 

ന്യൂ ഡല്‍ഹി: ഇന്ത്യയുടെ അത്‌ലറ്റിക് ചരിത്രത്തെ ഓടിത്തോല്‍പ്പിച്ച് ഹിമാദാസ് എന്ന അസം കാരി പെണ്‍കൊടി. ട്രാക്കിനത്തില്‍ ഇന്ത്യക്ക് നഷ്ടത്തിന്റെ കണക്കുകള്‍വച്ച് മാത്രമേ അഭിമാനം കൊള്ളാനുള്ള അവകാശമുണ്ടായിരുന്നുള്ളു. 1960ലെ റോം ഒളിംപിക്‌സില്‍ 400 മീറ്ററില്‍ മില്‍ഖാ സിങ്ങും 1984 ലോസ് ആഞ്ചല്‍സില്‍ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ഉഷയും നേടിയ നാലാം സ്ഥാനങ്ങള്‍ മാത്രം പറഞ്ഞായിരുന്നു ഇന്ത്യ അത്‌ലറ്റിക് ചരിത്രത്തില്‍ ഊറ്റം കൊണ്ടിരുന്നത്. സെക്കന്‍ഡ് കൊണ്ട് മൂന്നാം സ്ഥാനം നഷ്ടമായ കഥയും നാം വേദനയോടെയായിരുന്നു ഓര്‍ത്തിരുന്നത്. എന്നാല്‍ അതിനെയെല്ലാം തിരുത്തിയ റെക്കോര്‍ഡാണ് ഹിമാദാസ് രചിച്ചിരിക്കുന്നത്. ഫിന്‍ലന്‍ഡില്‍ നടന്ന ലോക അണ്ടര്‍ 20 അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ 400 മീറ്ററിലാണ് ഹിമയുടെ സ്വര്‍ണം നേട്ടം. അന്താരാഷ്ട്ര തലത്തില്‍ ട്രാക്കിനങ്ങളില്‍ ഇന്ത്യയുടെ ആദ്യത്തെ സ്വര്‍ണ മെഡലാണിത്. മത്സരം പുരോഗമിക്കുമ്പോള്‍ നാലാം സ്ഥാനത്തായിരുന്ന ഹിമ അവസാനത്തെ 80 മീറ്ററിലാണ് നാല് എതിരാളികളേയും ബഹുദൂരം പിന്നിലാക്കി സ്വര്‍ണത്തിലേക്ക് കുതിച്ചത്. അസമിലെ നഗോണ്‍ ജില്ലയിലെ ധിങ്ങ് ഗ്രാമത്തിലെ കര്‍ഷക കുടുംബത്തില്‍ നിന്നാണ് ഹിമാദാസ് ലോക വേദിയിലേക്കെത്തുന്നത്. 51.46 സെക്കന്‍ഡിലായിരുന്നു ഹിമ ഓട്ടം പൂര്‍ത്തിയാക്കിയത്. മത്സരത്തിന് മുന്നോടിയായി നടന്ന ഹീറ്റ്‌സിലും ഹിമ മികച്ച പ്രകടനം പുറത്തെടുത്തിരുന്നു.

അന്ന് തന്നെ ഹിമയുടെ പരിശീലകന്‍ നിപോണ്‍ ഹിമക്ക് സ്വര്‍ണം നേടാനാകുമെന്ന് പ്രതികരിച്ചിരുന്നു. ലോക അണ്ടര്‍ 20 ചാംപ്യന്‍ഷിപ്പില്‍ സീമ പുനിയ, നവ്ജീത് കൗര്‍ എന്നിവര്‍ ഡിസ്‌കസ് ത്രോയില്‍ വെങ്കലവും നീരജ് ചോപ്ര ജാവലില്‍ ത്രോയില്‍ നേടിയ സ്വര്‍ണവുമാണ് ലോക അണ്ടര്‍ 20 മീറ്ററിലെ ഇന്ത്യയുടെ മെഡല്‍ നേട്ടങ്ങള്‍.

ഇതാദ്യമായാണ് ട്രാക്കില്‍ അണ്ടര്‍ 20 ഇനത്തിലും ഒരിന്ത്യന്‍ താരം സ്വര്‍ണം നേടുന്നത്. റൊമേനിയയുടെ ആന്ദ്രേസ് മിക്ലോസ് 52.07 സെക്കന്‍ഡ് കൊണ്ട് ഓട്ടം പൂര്‍ത്തിയാക്കി രണ്ടാം സ്ഥാനത്തെത്തി. 52.28 സെക്കന്‍ഡ് കൊണ്ട് അമേരിക്കന്‍ താരം ടയ്‌ലര്‍ മാന്‍സന്‍ വെങ്കലവും സ്വന്തമാക്കി. ബുധനാഴ്ച നടന്ന സെമി ഫൈനലില്‍ 52.10 സമയം കൊണ്ട് ഹിമ ദാസ് മികച്ച പ്രകടനം നടത്തിയിരുന്നു. ഗോള്‍ഡ് കോസ്റ്റില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ 51.32 എന്ന മികച്ച സമയം ഹിമ കണ്ടെത്തിയിരുന്നു. ഗുവാഹത്തിയില്‍ നടന്ന അണ്ടര്‍ 20 ചാംപ്യന്‍ഷിപ്പില്‍ 400 51.13 എന്ന സമയം കൊണ്ട് ഹിമ സ്വര്‍ണം സ്വന്തമാക്കിയിരുന്നു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.