2019 March 24 Sunday
ആത്മാവിനെ ആയുധങ്ങള്‍ മുറിവേല്‍പ്പിക്കുന്നില്ല അഗ്നി ദഹിപ്പിക്കുന്നില്ല. ജലം നനയ്ക്കുന്നില്ല. കാറ്റ് ഉണക്കുന്നുമില്ല. -ഭഗവത്ഗീത

ചരിത്രത്തിലേക്കൊരു കൈ

സിംഗപ്പൂര്‍ സിറ്റി: രണ്ടാം ലോകയുദ്ധത്തിനു ശേഷമാണ് കമ്മ്യൂണിസ്റ്റ് ആശയധാരയിലുണ്ടായിരുന്ന കൊറിയന്‍ ഉപദ്വീപ് വടക്കും തെക്കുമായി രണ്ടു രാജ്യങ്ങളായി വഴിപിരിയുന്നത്. ദ.കൊറിയ പൂര്‍വ കമ്മ്യൂണിസ്റ്റ് ധാരയില്‍ തന്നെ നിലയുറപ്പിച്ചപ്പോള്‍ ഉത്തര കൊറിയ സ്റ്റാലിനിസ്റ്റ് ഏകാധിപത്യ സംവിധാനത്തിലേക്കു വഴിമാറുകയായിരുന്നു. ഏകാധിപത്യ വാഴ്ചയിലേക്കു നീങ്ങിയ രാജ്യത്തിനെതിരേ ലോകരാഷ്ട്രങ്ങള്‍ രംഗത്തെത്തിയപ്പോഴാണ് ആണവായുധങ്ങളെ കുറിച്ച് ഉ.കൊറിയ ചിന്തിക്കുന്നത്. അങ്ങനെ ആയുധങ്ങള്‍ വികസിപ്പിക്കാനും തുടങ്ങി. അതിനിടക്ക് 1950-53 കാലഘട്ടത്തില്‍ ഇരുകൊറിയകള്‍ക്കുമിടയില്‍ രൂക്ഷമായ യുദ്ധവും അരങ്ങേറി.
കാലങ്ങളായി ഉ.കൊറിയ തങ്ങളുടെ ആണവ-മിസൈല്‍ ശേഷികള്‍ വര്‍ധിപ്പിച്ചു കൊണ്ടിരുന്നു. ഇതിനകം ആറ് ആണവ പരീക്ഷണങ്ങളാണു രാജ്യം നടത്തിയത്. ഇതില്‍ ഒന്ന് ഹൈഡ്രജന്‍ ബോംബുമായിരുന്നു. 2011ല്‍ അധികാരത്തിലേറിയ ചെറുപ്പക്കാരനായ കിം ജോങ് ഉന്‍ ലോകശക്തിയായ അമേരിക്കയെ പോലും വിറപ്പിക്കുന്ന തരത്തിലേക്കു വളരുകയായിരുന്നു. മുന്‍ നേതാക്കളെ പോലെ ആണവ പരീക്ഷണം തുടര്‍ന്നു. ഇടക്കിടയ്ക്ക് ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണങ്ങളും. ഇതില്‍ പ്രകോപിതരായി യു.എന്നും യൂറോപ്യന്‍ യൂനിയനും അമേരിക്കയും രാജ്യത്തിനുമേല്‍ കടുത്ത ഉപരോധം ഏര്‍പ്പെടുത്തി.
2018 ജനുവരിയിലാണ് ബദ്ധവൈരികളായ ദക്ഷിണ കൊറിയയുമായി ചര്‍ച്ചയ്ക്ക് സന്നദ്ധത അറിയിച്ച് ഉ.കൊറിയ രംഗത്തെത്തിയത്. ഇതൊരു അവസരമാക്കിയെടുത്ത് ദ.കൊറിയ ചരിത്രപരമായ കൂടിക്കാഴ്ചയ്ക്കുള്ള വഴിയൊരുക്കി. 2018 ഏപ്രില്‍ 27ന് ആ ചരിത്രവും പിറന്നു. പതിറ്റാണ്ടുകള്‍ക്കു ശേഷം പാന്‍മുന്‍ജോം സൈനികരഹിത സമാധാനഗ്രാമത്തില്‍ ഇരുകൊറിയകളുടെയും നേതാക്കള്‍ ഒത്തുചേര്‍ന്നു. മേഖലയുടെ സമാധാനത്തിനായി പ്രവര്‍ത്തിക്കാന്‍ പ്രതിജ്ഞയെടുത്തു.
തൊട്ടുപിറകെ ദക്ഷിണ കൊറിയയുടെ തന്നെ ഇടപെടലില്‍ മറ്റൊരു ബദ്ധവൈരികളായ അമേരിക്കയുമായും ചര്‍ച്ച നടത്താന്‍ ഉ.കൊറിയ തയാറായി. അങ്ങനെയാണ് ഡൊണാള്‍ഡ് ട്രംപ്-കിം ജോങ് ഉന്‍ കൂടിക്കാഴ്ചയ്ക്കു വഴിതെളിയുന്നത്. ഇന്നലെ സിംഗപ്പൂരിലെ സെന്റോസ ദ്വീപില്‍ ഒടുവില്‍ ആ ചരിത്രവും തിരുത്തിയെഴുതപ്പെട്ടു. ചരിത്രത്തിലാദ്യമായി അമേരിക്കയുടെയും ഉ.കൊറിയയുടെയും ഭരണാധികാരികള്‍ പരസ്പരം ഹസ്തദാനം ചെയ്ത് പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തു പരിഹാരം കാണാന്‍ തീരുമാനിച്ചിരിക്കുകയാണ്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.