2020 August 15 Saturday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

‘ചരിത്രത്തിനു മാത്രമല്ല, പഴമയ്ക്കും മാറ്റമില്ലാതെ കയ്യൂര്‍’ കൊട്ടമ്പാള ഉപയോഗം ഇന്നും സജീവം

വിനയന്‍ പിലിക്കോട്

ചെറുവത്തൂര്‍: കാലവും കാര്‍ഷിക രീതികളും മാറിയെങ്കിലും തലയില്‍ കൊട്ടമ്പാള (പാളത്തൊപ്പി)യണിയുന്ന കയ്യൂരുകാരുടെ ശീലത്തിനു മാറ്റമില്ല. വിപ്ലവ പോരാട്ടങ്ങളുടെ വിളനിലമായ കയ്യൂര്‍ കൃഷിയിലും സമ്പന്നമാണ്. നെല്ല്, തെങ്ങ്, കവുങ്ങ്, പച്ചക്കറികള്‍ എന്നിവയെല്ലാം ഈ ഗ്രാമത്തിന്റെ കാര്‍ഷിക കാഴ്ചയാണ്. ഏക്കറുകളോളം വരുന്ന കവുങ്ങിന്‍ തോപ്പുകള്‍ ഇവിടെയുണ്ട് എന്നത് തന്നെയാണ് പാളത്തൊപ്പികള്‍ ഈ പ്രദേശത്തുകാരുടെ വേഷത്തിനൊപ്പം ചേര്‍ന്നു നില്‍ക്കാന്‍ കാരണമായത്.
പഴയകാലത്ത് ജില്ലയിലെ മിക്കയിടങ്ങളിലും കര്‍ഷകര്‍ കൊട്ടമ്പാളയണിഞ്ഞിരുന്നുവെങ്കിലും കാലമാറ്റത്തില്‍ അവ പ്ലാസ്റ്റിക് തൊപ്പികള്‍ക്കും മഴക്കോട്ടുകള്‍ക്കുമെല്ലാം വഴിമാറി.
എന്നാല്‍ കാര്‍ഷിക സംസ്‌കാരത്തില്‍ വലിയ മാറ്റങ്ങളൊന്നും വരാത്ത കയ്യൂരില്‍ പാളത്തൊപ്പികള്‍ ഉപയോഗിക്കാത്തവരുള്ള വീടുകള്‍ നന്നേ ചുരുക്കമാണ്. കവുങ്ങിന്‍ പാള കൊണ്ട് ഇവിടെയുള്ള കൊച്ചു കുട്ടികള്‍ വരെ  കൊട്ടമ്പാള നിര്‍മിക്കും.
പാള വെള്ളത്തില്‍ കുതിര്‍ത്ത് അതു തൊപ്പിപോലെ വളച്ചെടുക്കണം. മുന്‍ ഭാഗത്തു പാള നാരുകൊണ്ട് കെട്ടി ഭംഗി വരുത്തും.  കൊട്ടമ്പാളയുടെ ഉള്ളില്‍ ചെറിയ അറകളുണ്ട്. പണം സൂക്ഷിക്കാനും മറ്റും തൊപ്പിയിലെ അറകളാണ് കര്‍ഷകര്‍ ഉപയോഗിക്കുന്നത്. ഒറ്റമുണ്ടാണ് ഇപ്പോഴും ഇവിടെ മിക്ക കര്‍ഷകരുടെയും വേഷം. അതിനാല്‍ പണം സൂക്ഷിക്കാന്‍ കീശകളില്ല. അതുകൊണ്ടാണ് തൊപ്പിയില്‍ ഇത്തരത്തില്‍ അറകള്‍ നിര്‍മിക്കുന്നത്.  അതിഥികളെ  പാളത്തൊപ്പിയണിയിച്ച് സ്വീകരിക്കുന്ന പതിവും ഇവിടെയുണ്ട്.
സി.പി.എം അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി കയ്യൂരിലെത്തിയപ്പോള്‍ അദ്ദേഹത്തെ കയ്യൂരുകാര്‍ സ്വീകരിച്ചതും കൊട്ടമ്പാളയണിയിച്ചാണ്. പ്രൊ കബഡി മത്സരങ്ങള്‍ക്കു മുന്നോടിയായി  ചെറുവത്തൂരില്‍ പരിശീലനത്തിനെത്തിയ  യു മുംബ കബഡി ടീമിനെ വരവേറ്റതും കയ്യൂരില്‍ നിന്നെത്തിച്ച  കൊട്ടമ്പാള നല്‍കിയാണ്.
കൗതുകം തോന്നിയ താരങ്ങളെല്ലാം കൂടുതല്‍ തൊപ്പികള്‍ വാങ്ങിയാണ് നാട്ടിലേക്ക് മടങ്ങിയത്.  തേജസ്വിനി പുഴയോരത്താണ് കയ്യൂര്‍ ഗ്രാമം. മോടി കൂട്ടി കാലത്തിനൊപ്പം മാറാത്ത ചായക്കടകളും ഈ നാട്ടില്‍ പലയിടങ്ങളിലുണ്ട്. അവിടങ്ങളില്‍ എപ്പോഴും തോര്‍ത്തു മുണ്ടുടുത്ത് പാളത്തൊപ്പിയും ധരിച്ച് ചായക്കടയിലെ ചൂടേറിയ ചര്‍ച്ചകളില്‍ പങ്കെടുക്കുന്ന കര്‍ഷകരെ കാണാം.
കര്‍ഷകര്‍ മാത്രമല്ല യുവാക്കളും കുട്ടികളുമെല്ലാം ഇവിടെ പാളത്തൊപ്പികള്‍ ഉപയോഗിക്കാറുണ്ട്. കൊട്ടമ്പാളയിലൂടെ കാലം മായ്ക്കാത്ത കാര്‍ഷിക സംസ്‌കാരത്തിന്റെ കാഴ്ചയൊരുക്കുകയാണ് കയ്യൂരുകാര്‍.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.