2018 November 17 Saturday
ജീവിച്ചതല്ല ജീവിതം, നാം ഓര്‍മയില്‍ വയ്ക്കുന്നതാണ്, പറഞ്ഞു കേള്‍പ്പിക്കാന്‍ വേണ്ടി നാം ഓര്‍മ്മയില്‍ വയ്ക്കുന്നതാണു ജീവിതം

ചരിത്രം മാറ്റിയെഴുതി ലെയ്സ്റ്റര്‍

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം ലെയ്സ്റ്റര്‍ സിറ്റിക്ക്, ലീഗിലെ ആറാമത്തെ ചാംപ്യന്‍ ടീം  

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന്റെ ചരിത്രത്തെ മാറ്റിയെഴുതി ലെയ്സ്റ്റര്‍ സിറ്റി കന്നി പ്രീമിയര്‍ ലീഗ് കിരീടം നെഞ്ചോടു ചേര്‍ത്തു. രണ്ടു മത്സരങ്ങള്‍ ബാക്കി നില്‍ക്കെ 36 കളികളില്‍ നിന്നു 77 പോയിന്റുകള്‍ നേടിയാണ് അവര്‍ ജേതാക്കളായത്. കഴിഞ്ഞ ദിവസം നടന്ന ചെല്‍സി- ടോട്ടനം ഹോട്‌സ്പര്‍ പോരാട്ടം 2-2നു സമനിലയില്‍ അവസാനിച്ചതോടെയാണ് ലെയ്സ്റ്റര്‍ ചാംപ്യന്‍മാരായത്. രണ്ടാം സ്ഥാനത്തുള്ള ടോട്ടനത്തിനു 70 പോയിന്റ്. അടുത്ത രണ്ടു മത്സരങ്ങള്‍ വിജയിച്ചാലും ടോട്ടനത്തിനു 76 പോയിന്റ് മാത്രമേ നേടാന്‍ സാധിക്കുകയുള്ളൂ.
പ്രീമിയര്‍ ലീഗിന്റെ ചരിത്രത്തിലെ ആറാമത്തെ മാത്രം ചാംപ്യനാണ് ലെയ്സ്റ്റര്‍. ബിഗ് ഫോര്‍ ടീമുകളായ മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, സിറ്റി, ചെല്‍സി, ആഴ്‌സണല്‍ എന്നിവരെ കൂടാതെ 1994-95 കാലത്ത് ബ്ലാക്ക്‌ബോണ്‍ റോവേഴ്‌സാണ് കിരീടം നേടിയ ടീം. കഴിഞ്ഞ ദിവസം മാഞ്ചസ്റ്റര്‍ യുനൈറ്റഡുമായുള്ള മത്സരം 1-1നു സമനിലയില്‍ പിരിഞ്ഞതോടെ ലെയ്സ്റ്ററിന്റെ കിരീടധാരണം നീളുകയായിരുന്നു. ചെല്‍സിക്കെതിരേ ടോട്ടനം വിജയിച്ചിരുന്നെങ്കില്‍ ലെയ്സ്റ്റര്‍ വീണ്ടും കാത്തിരിക്കേണ്ടി വന്നേനെ.
36 കളികളില്‍ നിന്നു 67 പോയിന്റുമായി ആഴ്‌സണല്‍ മൂന്നാം സ്ഥാനത്തും മാഞ്ചസ്റ്റര്‍ സിറ്റി 64 പോയിന്റുമായി നാലാം സ്ഥാനത്തും നില്‍ക്കുന്നു. 35 കളികളില്‍ നിന്നു 60 പോയിന്റുമായി മാഞ്ചസ്റ്റര്‍ യുനൈറ്റഡ് അഞ്ചാമതും 59 പോയിന്റുമായി വെസ്റ്റ് ഹാം യുനൈറ്റഡ് ആറാമതും 57 പോയിന്റുമായി സതാംപ്ടന്‍ ഏഴാമതും നില്‍ക്കുന്നു. ലിവര്‍പൂള്‍ 55 പോയിന്റുമായി എട്ടാം സ്ഥാനത്തും 48 പോയിന്റുമായി ചെല്‍സി ഒമ്പതിലും സ്റ്റോക് സിറ്റി പത്താം സ്ഥാനത്തും.

വാര്‍ഡി മികച്ച താരം

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ മികച്ച താരത്തിനുള്ള ഫുട്‌ബോള്‍ റൈറ്റേഴ്‌സ് അസോസിയേഷന്‍ പുരസ്‌കാരം ലെയ്സ്റ്റര്‍ സിറ്റി സ്‌ട്രൈക്കര്‍ ജാമി വാര്‍ഡിക്ക്. 290 മാധ്യമ പ്രവര്‍ത്തകര്‍ പങ്കെടുത്ത വോട്ടെടുപ്പില്‍ 36 ശതമാനം വോട്ടുകള്‍ വാര്‍ഡിക്ക് അനുകൂലമായി. 22 ഗോളുകള്‍ നേടി ലെയ്സ്റ്ററിനെ കിരീട വിജയത്തിലേക്ക് നയിക്കുന്നതില്‍ താരം നിര്‍ണായക പങ്കു വഹിച്ചിരുന്നു. ടീമംഗങ്ങളായ മെഹ്‌റസ്, കാന്‍ഡെ എന്നിവരെയാണ് വാര്‍ഡി പിന്തള്ളിയത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.