2018 June 11 Monday
വിഷമങ്ങള്‍ നേരിടുമ്പോള്‍ ക്ഷമയാണ് ധീരത. നിരാശയുടെ ഇരുള്‍മുറിയില്‍ തളര്‍ന്നിരിക്കാതെ പ്രതീക്ഷയുടെ വെളിച്ചത്തിലേക്ക് മനസിനെ നയിക്കുക.
ശ്രീബുദ്ധന്‍

ചരിത്രം പറയുന്ന വയനാട്

പൂക്കോട് തടാകം, കുറുവാ ദ്വീപ്, മുത്തങ്ങ വന്യജീവി സങ്കേതം, എടക്കല്‍ ഗുഹ, സൂചിപ്പാറ, മീന്‍മുട്ടി വെള്ളച്ചാട്ടങ്ങള്‍, ബാണാസുര സാഗര്‍, കാരാപ്പുഴ ഡാം, കാന്തംപാറ, ചെമ്പ്ര പീക്ക്, കര്‍ലാട് തടാകം, വയനാട് ചുരം, തോല്‍പ്പെട്ടി വന്യജീവി സങ്കേതം...സഞ്ചാരികളെ കാത്തിരിക്കുന്ന വയനാടന്‍ കാഴ്ചകള്‍ നിരവധിയാണ്. എന്നാല്‍ പ്രദേശവാസികള്‍ക്കും വിരലിലെണ്ണാവുന്ന സഞ്ചാരികള്‍ക്കും മാത്രമറിയാവുന്ന നിരവധി ചരിത്രശേഷിപ്പുകളും കാഴ്ചകളും വയനാട്ടിലുണ്ട്. ചരിത്രാന്വേഷികള്‍ക്കു പാഠവിഷയമാകേണ്ട വയനാടിന്റെ പൂര്‍വചരിത്രത്തിലേക്കു വെളിച്ചംവീശുന്ന അത്തരം കാഴ്ചകളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ഇവയില്‍ പലതും ടൂറിസം, വനം, ആര്‍ക്കിയോളജിക്കല്‍ വകുപ്പുകളുടെ അവഗണനയില്‍ നാശത്തിന്റെ വക്കിലാണ്.

തയാറാക്കിയത്: ഷഫീക് മുണ്ടക്കൈ, ഇല്ല്യാസ് പള്ളിയാല്‍ റഷീദ് നെല്ലുള്ളതില്‍, ജാഫര്‍ തലപ്പുഴ ഷരീഫ് മീനങ്ങാടി

പൂര്‍വചരിത്രത്തിലേക്കുള്ള വെളിച്ചം…

 

ആര്‍ക്കുമറിയാതെ മുണ്ടക്കൈയിലെ ‘അമ്പല ഗുഹ’

തിരിഞ്ഞുനോക്കാതെ വനം, ആര്‍ക്കിയോളജി വകുപ്പുകള്‍

 

ഒന്നും രണ്ടും തുരങ്കങ്ങളെ ബന്ധിപ്പിക്കുന്ന പുറത്തേക്കുള്ള വഴി

ഒന്നും രണ്ടും തുരങ്കങ്ങളെ ബന്ധിപ്പിക്കുന്ന പുറത്തേക്കുള്ള വഴി

മുണ്ടക്കൈ: പത്തും പതിനഞ്ചും മീറ്റര്‍ നീളവും ആറടിയോളം ഉയരവുമുള്ള തുരങ്കങ്ങള്‍, അതിനെക്കാളേറെ നീളമുള്ള മറ്റൊരു തുരങ്കം.. ചരിത്രാന്വേഷികള്‍ക്കു പാഠപുസ്തകമാകേണ്ട പലതും നശിക്കുന്ന കൂട്ടത്തില്‍ മുണ്ടക്കൈ അമ്പലകുന്നില്‍ സ്ഥിതിചെയ്യുന്ന പ്രദേശവാസികള്‍ ‘അമ്പല ഗുഹ’ എന്നു വിളിക്കുന്ന ചരിത്രശേഷിപ്പും കാടുകയറി നശിക്കുകയാണ്.
വനഭൂമിയില്‍ സ്ഥിതിചെയ്യുന്ന അമ്പലഗുഹ സംബന്ധിച്ചുള്ള വിവരങ്ങള്‍ ഇതുവരെ എവിടെയും രേഖപ്പെടുത്തിയിട്ടില്ല. സര്‍ക്കാരിന്റെ വിവിധ വകുപ്പുകളും ചരിത്രാന്വേഷികള്‍ക്കു പഠന വിഷയമാകേണ്ട ഈ ഗുഹയെ അവഗണിക്കുകയാണ്. നൂറ്റാണ്ടുകളുടെ പഴക്കമുള്ള തുരങ്കങ്ങളുടെ നിര്‍മാണ മികവ് അമ്പരപ്പിക്കുന്നതാണ്. ഗുഹക്കുള്ളിലേക്കു കയറാന്‍ അല്‍പം ബുദ്ധിമുട്ടുണ്ടെങ്കിലും അകത്ത് ഒരാള്‍ക്കു നിവര്‍ന്നു നടക്കാന്‍ കഴിയും. ആദ്യത്തെ തുരങ്കവും രണ്ടാമത്തേതും ഒന്നില്‍ നിന്നു മറ്റൊന്നിലേക്ക് പ്രവേശിക്കാവുന്ന തരത്തിലാണു നിര്‍മിച്ചിട്ടുള്ളത്.

 

ഒന്നാമത്തേതില്‍ കടന്നാല്‍ രണ്ടാമത്തേതിലേക്കു പ്രവേശിക്കുന്നതിനു മുന്‍പു പുറത്തു കടക്കാനുള്ള മാര്‍ഗവുമുണ്ട്. മൂന്നാമത്തെ തുരങ്കത്തിന് ഒരറ്റം മാത്രമാണുള്ളത്. ഇതിലേക്കു പ്രവേശിക്കാന്‍ അല്‍പം സാഹസം വേണം. എന്നാല്‍ ഇതിനകത്തും അഞ്ചരയടിയോളം ഉയരമുണ്ട്. പ്രദേശത്തെ പഴയ തലമുറക്കാര്‍ക്കുവരെ ഇതാരു നിര്‍മിച്ചെന്ന കാര്യത്തില്‍ കൃത്യമായ അറിവില്ല. വനം, ആര്‍ക്കിയോളജിക്കല്‍ വകുപ്പുള്‍ കാലമേറെ പിന്നിട്ടിട്ടും ഈ ചരിത്രശേഷിപ്പിനോടുള്ള അവഗണന തുടരുകയാണ്.

 രണ്ടാമത്തെ തുരങ്കത്തിലേക്കു പ്രവേശിക്കുന്ന ഭാഗം

രണ്ടാമത്തെ തുരങ്കത്തിലേക്കു പ്രവേശിക്കുന്ന ഭാഗം

മുന്‍പു പ്രദേശങ്ങളിലെ സ്‌കൂള്‍ വിദ്യാര്‍ഥികളടക്കം ഇവിടം സന്ദര്‍ശിച്ചിരുന്നു. എന്നാല്‍ നിലവില്‍ തുരങ്കത്തിനടുത്തേക്ക് എത്തുകതന്നെ സാഹസമാണ്. തുരങ്കത്തെ സംബന്ധിച്ചുള്ള പഠനങ്ങള്‍ തോട്ടം തൊഴിലാളികളും കുടിയേറ്റ കര്‍ഷകരും അധിവസിക്കുന്ന പ്രദേശത്തിന്റെ പൂര്‍വചരിത്രത്തിലേക്കുള്ള ചുവടുവയ്പ്പാകും. സൂചിപ്പാറ ഇക്കോ ടൂറിസം കേന്ദ്രത്തില്‍നിന്നു നാലു കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഈ ഗുഹാമുഖത്തെത്താം.

 

 

കൊത്തുപണികളുടെ കലവറ;

കാണണം ഈ കല്ലമ്പലങ്ങള്‍

 

പനമരം: കല്ലമ്പലങ്ങള്‍.. പോയകാലത്തിന്റെ അടയാളങ്ങള്‍. വയനാട് ആസ്വദിക്കുന്ന ചരിത്രാന്വേഷികളും സഞ്ചാരികളും കാണേണ്ടതു തന്നെയാണ്. പനമരം പഞ്ചായത്തിലെ പുഞ്ചവയലിലാണ് കല്ലമ്പലങ്ങള്‍ എന്നറിയപ്പെടുന്ന ജൈനക്ഷേത്രങ്ങള്‍ സ്ഥിതിചെയ്യുന്നത്. രണ്ടു കല്ലമ്പലങ്ങളാണ് പുഞ്ചവയലിലുള്ളത്. വിഷ്ണുഗുഡിയും ജനാര്‍ദന ഗുഡിയും.
ശിലാപാളികളും തൂണുകളും ഉപയോഗിച്ചുള്ള രണ്ടുനിര്‍മിതികളാണ് വിഷ്ണുഗുഡിയും ജനാര്‍ദനഗുഡിയും. 14-ാം നൂറ്റാണ്ടില്‍ ജൈനമത പ്രചാരകരായ ഹൊയ്‌സാള രാജാക്കന്മാര്‍ നിര്‍മിച്ചതാണിതെന്ന് വില്യം ലോഗന്റെ ‘മലബാര്‍ മാന്വലി’ല്‍ പറയുന്നുണ്ട്. ഇവിടെ 23-ാമത്തെ ജൈനമത തീര്‍ഥങ്കരനായിരുന്ന പാര്‍ശ്വനാഥന്റെ പ്രതിഷ്ഠയാണുള്ളത്. ജൈനരുടെയും വൈഷ്ണവരുടെയും ദേവതകളുടെ ചിത്രങ്ങള്‍ ഒരമ്പലത്തില്‍ തന്നെ കൊത്തിയിട്ടുള്ള രാജ്യത്തെ ഏക ക്ഷേത്രമാണിത്.

പനമരം പുഞ്ചവയലിലെ കല്ലമ്പലങ്ങള്‍

പനമരം പുഞ്ചവയലിലെ കല്ലമ്പലങ്ങള്‍

ഹിന്ദു-ജൈന ഏറ്റുമുട്ടലിനെ തുടര്‍ന്നുണ്ടായ ഒത്തുതീര്‍പ്പിന്റെ സ്മാരകമായാണു ചരിത്രകാരന്മാര്‍ ക്ഷേത്രത്തിലെ കൊത്തുപണികളെ കാണുന്നത്. പുരാതനകാലത്തെ ചിത്രങ്ങളും കൊത്തുപണികളും നിരവധിയുള്ള ഈ ജൈന ക്ഷേത്രങ്ങള്‍ ചരിത്രവിദ്യാര്‍ഥികള്‍ക്കും ടൂറിസ്റ്റുകള്‍ക്കും പ്രയോജനകരമാണ്. തൂണുകളിലും പാളികളിലുമായി 300ലധികം കൊത്തുപണികളുണ്ട്. ജനാര്‍ദനഗുഡിയിലെ ശിലാപാളികളിലൊന്നില്‍ കന്നഡയിലുള്ള എഴുത്തും കാണാം. പൂര്‍ണമായും കരിങ്കല്‍ പാളികള്‍കൊണ്ടു നിര്‍മിച്ചിരിക്കുന്ന ക്ഷേത്രത്തിന്റെ ഘടനയും നൂറ്റാണ്ടുകള്‍ക്കു മുന്‍പുള്ള കലാകാരന്മാരുടെ കരവിരുതില്‍ വിരിഞ്ഞ കൊത്തുപണികളും ചുമര്‍ച്ചിത്രങ്ങളും ആരെയും അതിശയിപ്പിക്കുന്ന തരത്തിലുള്ളതാണ്.
വിഷ്ണുഗുഡി എന്ന കല്ലമ്പലം ദേശീയ സ്മാരകമായി ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ 2015 ഏപ്രില്‍ 23ന് വിജ്ഞാപനം ചെയ്തിരുന്നു. ദേശീയ സ്മാരകമായി പ്രഖ്യാപിച്ചതിനു പിന്നാലെ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയിലെ ഉദ്യോഗസ്ഥര്‍ വിഷ്ണുഗുഡി സന്ദര്‍ശിക്കുകയും ചെയ്തു. ജീര്‍ണാസ്ഥയിലുള്ള ക്ഷേത്രം അറ്റകുറ്റപ്പണികള്‍ നടത്തി സംരക്ഷിക്കുന്നതിനു വിശദമായ പദ്ധതിയും രൂപരേഖയും ഉടന്‍ തയാറാക്കുമെന്നറിയിച്ച് ഉദ്യോഗസ്ഥര്‍ മടങ്ങി. എന്നാല്‍ ഇതുവരെ തുടര്‍ നടപടികള്‍ ഉണ്ടായിട്ടില്ല.
പുരാവസ്തു വകുപ്പിന്റെ തൃശൂര്‍ സര്‍ക്കിളില്‍ പെടുന്ന പ്രദേശമാണിത്. ചരിത്ര വിദ്യാര്‍ഥികളുടെയും നാട്ടുകാരുടെയും നിരന്തരമായ അഭ്യര്‍ഥനയെ തുടര്‍ന്നു കല്ലമ്പലങ്ങള്‍ ദേശീയ സ്മാരകങ്ങളാക്കി സംരക്ഷിക്കുമെന്ന് 2009ല്‍ അന്നത്തെ സാംസ്‌കാരിക വകുപ്പുമന്ത്രി വി നാരാണസ്വാമി ലോക്‌സഭയില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഏഴുവര്‍ഷം പിന്നിട്ടിട്ടും സംരക്ഷണ നടപടികളുണ്ടാവാത്തതിനാല്‍ ചരിത്രശേഷിപ്പുകള്‍ കാലക്രമത്തില്‍ നശിക്കുകയാണ്.

 

 

കുറുമ്പാലകോട്ടമലക്ക് പറയാനുണ്ട്, വിശേഷങ്ങളേറെ

 

കുറുമ്പാല കോട്ടമലയില്‍ നിന്നുള്ള കാഴ്ച

കുറുമ്പാല കോട്ടമലയില്‍ നിന്നുള്ള കാഴ്ച

കമ്പളക്കാട്: നഗരത്തിന്റെ തിരക്കില്‍ നിന്നൊഴിഞ്ഞു മലമുകളില്‍ ശാന്തസുന്ദരമായൊരു പുല്‍മേട്. നട്ടുച്ചയ്ക്കു പോലും വെയില്‍ ചൂടറിയിക്കാത്ത കുളിര്‍ക്കാറ്റ്. നേരം ചായുമ്പോള്‍ മഞ്ഞുപുതക്കുന്ന മനോഹര കാഴ്ച. പറയുന്നതു കുറുമ്പാല കോട്ടമലയെ കുറിച്ചാണ്. കമ്പളക്കാട്ട്‌നിന്ന് ആറ് കിലോമീറ്റര്‍ അകലെ പനമരം, പടിഞ്ഞാറത്തറ പഞ്ചായത്തുകളുടെ അതിര്‍ത്തിക്കിടയില്‍ സമുദ്രനിരപ്പില്‍നിന്ന് 1,200 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ഈ കുന്ന് കാഴ്ചക്കാരെ ആശ്ചര്യപ്പെടുത്തും.
വനം വകുപ്പിന്റെ അധീനതയിലാണ് ഈ പ്രദേശമുള്ളത്. പനമരത്തുനിന്ന് എട്ട് കിലോമീറ്റര്‍ സഞ്ചരിച്ച ശേഷം മൂന്ന് കിലോമീറ്റര്‍ ഇടുങ്ങിയ മണ്‍പാതയിലൂടെ കാല്‍നടയായോ ഓഫ് റോഡ് വാഹനങ്ങളിലോ സഞ്ചരിച്ച് ഈ മലയിലെത്താം. സാഹസിക യാത്രക്ക് അനുയോജ്യമാണിത്. ചരിത്രവും പ്രകൃതിസൗന്ദര്യവും ഉള്‍കൊള്ളുന്നതാണ് കുറുമ്പാല കോട്ടമല. ടിപ്പു സുല്‍ത്താന്റെ ഭരണകാലത്ത് ശത്രുക്കളുടെ നീക്കം അറിയാന്‍ നിരീക്ഷണകേന്ദ്രമായി ഉപയോഗിച്ചിരുന്നതും വെടിമരുന്ന് സൂക്ഷിച്ചതും ഇവിടെയാണ്. ഇതിനായി പാറ തുരന്നു പ്രത്യേകം ചെറിയ അറകള്‍ ഉണ്ടാക്കിയതായി കാണാം.
കുന്നിന്‍മുകളില്‍നിന്നുള്ള കാഴ്ചകളില്‍ ബാണാസുര സാഗര്‍, പാതിയമ്പം വനമേഖല, കോട്ടത്തറ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങള്‍ എന്നിവയും ഉള്‍പെടും. വര്‍ഷങ്ങള്‍ക്കുമുന്‍പ് പനമരം പഞ്ചായത്ത് ഇതിലേക്കുള്ള റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തി നടത്തിയതല്ലാതെ മറ്റൊന്നും ഈ സാഹസിക കാഴ്ചയുടെ വികസനത്തിനായി ചെയ്തിട്ടില്ല.
ടൂറിസം മേഖലക്കു മുതല്‍കൂട്ടാകുന്ന ഈ കുന്ന് അധികൃതര്‍ കണ്ടില്ലെന്നു നടിക്കുകയാണ്. പരിസ്ഥിതിയെ പ്രണയിക്കുന്നവര്‍ക്കു വിസ്മരിക്കാനാകാത്ത അനുഭവം നല്‍കുന്നതാണ് കുറുമ്പാലകോട്ടമല.

 

 

രണ്ടര സഹസ്രാബ്ദങ്ങളുടെ ചരിത്രവുമായി ആറാട്ടുപാറ

മീനങ്ങാടി: 2500 വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള ചരിത്രവുമായാണ് ആറാട്ടുപാറ സഞ്ചാരികളെയും ചരിത്രകുതുകികളെയും സ്വീകരിക്കുന്നത്. മഹാശിലായുഗത്തിലെ ജനവാസകേന്ദ്രമായി ആറാട്ടുപാറയും ചരിത്രത്തിന്റെ അവശേഷിപ്പുകളും സഞ്ചാരികള്‍ക്കു കാഴ്ചയൊരുക്കി കാത്തിരിക്കുകയാണ്.
untitled-5ദേശീയപാതയില്‍ മീനങ്ങാടി അന്‍പത്തിനാലില്‍നിന്ന് കുമ്പളേരി അമ്പലവയല്‍ റോഡില്‍ നാലു കിലോമീറ്റര്‍ യാത്ര ചെയ്താല്‍ എ.കെ.ജി ജങ്ഷനിലെത്താം. ഇവിടെനിന്നു കാണുന്ന പഞ്ചായത്ത് റോഡിലൂടെ 500 മീറ്റര്‍ മാത്രം അകലെയാണു വിസ്മയകാഴ്ചകളും സാഹസികതയും ചരിത്രശേഷിപ്പുകളുമായി ആറാട്ടുപാറയും മുനിയറകളും സ്ഥിതിചെയ്യുന്നത്. ചെറിയ അഞ്ചോളം വരുന്ന ഗുഹകളും, പക്ഷിപ്പാറ, പാറപ്പാലം, പാറമതില്‍, മകുടപ്പാറ, മുനിയറ(നന്നങ്ങാടി) തുടങ്ങി സമുദ്രനിരപ്പില്‍നിന്ന് 3,500 അടി ഉയരത്തിലുള്ള ആറാട്ടുപാറയുടെ പുറംലോകമറിയാത്ത കാഴ്ചകളും പഠനവിധേയമാക്കേണ്ട പഴയകാല ചരിത്രാവശിഷ്ടങ്ങളും നിരവധിയാണ്.
ശ്രദ്ധിക്കാതെ കിടക്കുന്ന മഹാശിലായുഗത്തിലെ മുനിയറകള്‍ (നന്നങ്ങാടികള്‍) പഴമയുടെ കാഴ്ചകള്‍ തേടുന്നവര്‍ക്കു കൗതുകമൊരുക്കുമെന്നതില്‍ സംശയമില്ല. 2014 ഡിസംബറില്‍ മീനങ്ങാടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എന്‍.എസ്.എസ് വിദ്യാര്‍ഥികള്‍ എട്ടു മുനിയറകളില്‍ രണ്ടെണ്ണം മണ്ണ് വെട്ടിമാറ്റി വൃത്തിയാക്കിയതോടെയാണു ചരിത്രമുറങ്ങിക്കിടക്കുന്ന ആറാട്ടുപാറയുടെ കാഴ്ചകളിലേക്ക് ആളുകളെത്തിയത്. ഇനിയും തുറന്നിട്ടില്ലാത്ത, പഠനവിധേയമാക്കേണ്ട ചരിത്രത്തിന്റെ ബാക്കിപത്രമായ മുനിയറകള്‍ ഒരു കാലഘട്ടത്തിലെ മനുഷ്യന്റെ ജീവിതരീതികള്‍ തുറന്നുകാട്ടുമ്പോള്‍ അവയെ സംരക്ഷിക്കാന്‍ വേണ്ട നടപടി അധികൃതരുടെ ഭാഗത്തുനിന്ന് ഇതുവരെ ഉണ്ടായിട്ടില്ല.
മഹാശിലായുഗത്തില്‍ മരണമടയുന്നവരുടെ രണ്ടാം സംസ്‌കരണഘട്ടമായി ഉപയോഗിച്ചുവന്നിരുന്ന മുനിയറകളും, ക്ഷീണമില്ലാതെ കയറിയിറങ്ങാവുന്ന പാറകളിലൂടെയുള്ള കൗതുകയാത്രയും വിദൂരദൃശ്യങ്ങളും, വിശ്രമിക്കാനുള്ള ചെറിയഗുഹകളും സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്കും പ്രകൃതിയുടെ മനോഹാരിത ഇഷ്ടപ്പെടുന്നവര്‍ക്കും ആസ്വാദനത്തിനു വകനല്‍കുന്നതാണ്. വിന്ധ്യാപര്‍വതത്തില്‍ സുലഭമായി ലഭിച്ചിരുന്ന, വെയിലേറ്റു കിടക്കുമ്പോള്‍ പാറയില്‍നിന്ന് അരക്കുപോലെ ഒലിച്ചിറങ്ങുന്ന ഔഷധദ്രവമായ കന്മദം 30 വര്‍ഷം മുന്‍പ് ആറാട്ടുപാറയില്‍ കണ്ടെത്തിയിരുന്നു.
അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കിയും, മഴക്കാലമായാല്‍ സെപ്റ്റംബര്‍ വരെ പാറയിലൂടെ വെള്ളമൊഴുകുമെന്നതിനാല്‍ ഈ വെള്ളം തടഞ്ഞുനിര്‍ത്തി ഡാം നിര്‍മിക്കാനുള്ള സാഹചര്യമൊരുക്കിയും ജില്ലയിലെ പ്രധാനകേന്ദ്രങ്ങളില്‍ ഒന്നായി ആറാട്ടുപാറയെ മാറ്റാമെന്നാണു ഇതുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന കുമ്പളേരി റോക്ക് ഗാര്‍ഡന്‍ ടൂറിസം ക്ലബ് സെക്രട്ടറിയും, റിട്ടയേഡ് ഹെഡ്മാസ്റ്ററുമായ നീറാംമുകുളത്ത് എന്‍.കെ ജോര്‍ജ് പറയുന്നത്.

 

 

എം.എസ് സ്വാമിനാഥന്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍; ജൈവസമ്പത്തിന്റെ പറുദീസ

 

എം.എസ് സ്വാമിനാഥന്‍ ഗവേഷണ നിലയത്തിലെ ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍നിന്നുള്ള കാഴ്ചഎം.എസ് സ്വാമിനാഥന്‍ ഗവേഷണ നിലയത്തിലെ ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍നിന്നുള്ള കാഴ്ച

എം.എസ് സ്വാമിനാഥന്‍ ഗവേഷണ നിലയത്തിലെ ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍നിന്നുള്ള കാഴ്ചഎം.എസ് സ്വാമിനാഥന്‍ ഗവേഷണ നിലയത്തിലെ ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍നിന്നുള്ള കാഴ്ച

പൂത്തൂര്‍വയല്‍: കല്‍പ്പറ്റക്കടുത്ത് പുത്തൂര്‍വയലില്‍ 42 ഏക്കര്‍ കൃഷിയുടെയും ജൈവ വൈവിധ്യത്തിന്റെയും കലവറയായി പ്രവര്‍ത്തിക്കുന്ന എം.എസ് സ്വാമിനാഥന്‍ ഗവേഷണ നിലയത്തിലെ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ അധികമാരും ശ്രദ്ധിക്കാതെ പോകുന്ന വിനോദ സഞ്ചാരകേന്ദ്രമാണ്. സഞ്ചാരികളുടെയും കര്‍ഷകരുടെയും ഗവേഷകരുടെയും തീര്‍ഥാടന കേന്ദ്രമാണിത്.
പൂമ്പാറ്റകള്‍ പാറിപ്പറക്കുന്ന ശലഭോധ്യാനം, ആമ്പലും താമരയും ആനത്താമരയും വിടര്‍ന്നുനില്‍ക്കുന്ന കുളങ്ങള്‍, കരിങ്കുളവും വയമ്പും ബ്രഹ്മിയും തെച്ചിയും കൊടുവേലിയും ഉള്‍പ്പെടുന്ന ഔഷധോധ്യാനം, ഈയങ്കവും ചെങ്കുത്തിയും വെടിപ്ലാവും വെള്ള പൈനയും അടങ്ങുന്ന വംശനാശം നേരിടുന്ന കൂട്ടുമരങ്ങള്‍, നേന്ത്രവള്ളി, കാക്കതൊട്ടിലി, മരമഞ്ഞള്‍ തുടങ്ങിയ വള്ളിച്ചെടികള്‍. ബള്‍ ബോഫില്ല, വാന്റ, സിംബീഡിയം, ബെന്‍ഡ്രോസിയം, എറിയ, യുലോപ്യ തുടങ്ങിയവയുടെ ഓര്‍ക്കിഡ് തോട്ടം തുടങ്ങി കണ്ണിനും മനസിനും കുളിര്‍മയേകുന്ന നൂറുനൂറുകാഴ്ചകളാണ് ഇവിടെയുള്ളത്.
2,000ലധികം സസ്യലതാദികളെ പരിപാലിക്കുന്ന കേന്ദ്രമാണിത്. വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന 130ഓളം കാട്ടുമരങ്ങളും 300ലധികം ഔഷധസസ്യങ്ങളും 100ലധികം പന്നല്‍ചെടികളും ഇവിടെയുണ്ട്. ഗവേഷണം ലക്ഷ്യമാക്കി വിദേശത്തുനിന്നുള്‍പ്പെടെ നിരവധിപേരും പഠനയാത്രക്കായി വിദ്യാര്‍ഥികളും ഈ കേന്ദ്രത്തിലെത്തുന്നുണ്ട്.
വയനാടിന്റെ ജൈവവൈവിധ്യം അവശേഷിക്കുന്ന സ്ഥലമായി ഈ കേന്ദ്രത്തെ കാണാം. മണികുന്ന് മലയടിവാരത്താണിത്. നല്ലപോലെ ജലലഭ്യതയുള്ള ഈ മനോഹരകേന്ദ്രം പല സഞ്ചാരികള്‍ക്കും കാണാനാകാറില്ല.

 

 

untitled-7ജൈവവൈവിധ്യ വിസ്മയമായി പേരിയ ഗുരുകുല ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍

പേരിയ: ലോകത്തിലെ തന്നെ അപൂര്‍വങ്ങളില്‍ അപൂര്‍വമായ സസ്യശേഖരങ്ങളുടെ സംഗമഭൂമിയാണ് പേരിയയിലെ ഗുരുകുല ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍. വിദേശസസ്യങ്ങളുടെ അടക്കം 3,000ത്തിലധികം ഇനങ്ങളില്‍പെട്ട സസ്യങ്ങള്‍ ഇവിടെ സംരക്ഷിച്ചുപരിപാലിച്ചു പോരുന്നു.
രാവിലെ എട്ടുമുതല്‍ വൈകിട്ട് അഞ്ചുവരെയാണു സന്ദര്‍ശകര്‍ക്ക് ഗാര്‍ഡനിലേക്ക് പ്രവേശനം. ജൈവസമ്പത്ത് കാണാനും പഠിക്കാനുമെത്തുന്ന സഞ്ചാരികള്‍ക്കു പ്രവേശനം സൗജന്യമാണ്. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ പുഷ്പമായ അമോഫോഫാലസ് ടൈറ്റാനം(ഭീമന്‍ ചേന) മുതല്‍ പ്രാചീനകാലത്ത് ഉപയോഗിച്ചിരുന്ന പാപിറസ് ചുരുളുകളുടെ സസ്യങ്ങള്‍ വരെ ഗാര്‍ഡനില്‍ വളരുന്നു. 35ലധികം ഇനങ്ങളില്‍പെട്ട ആന്തൂറിയവും ഈ ഉദ്യാനത്തിനു മാറ്റുകൂട്ടുന്നു.
40 വര്‍ഷം മുന്‍പ് ജര്‍മനിയില്‍നിന്നു വന്ന വോള്‍ഫ് ക്യാങ്റ്റയര്‍ കോഫ് സായിപ്പാണ് ഈ ഉദ്യാനം ആരംഭിച്ചത്. സഹധര്‍മിണി ലീലാമ്മയും രണ്ടു മക്കളും സഹപ്രവര്‍ത്തകരും ചേര്‍ന്ന് അവയെ സംരക്ഷിച്ചു പരിപാലിച്ചു പോരുകയാണ്. 2014 നവംബര്‍ ആറിന് സ്വാമി എന്നു നാട്ടുകാര്‍ വിളിച്ചിരുന്ന വോള്‍ഫ് സായിപ്പ് ഓര്‍മയായപ്പോള്‍ വനഭൂമിയുടെ സംരക്ഷണം മൂന്നരക്കുന്ന് ട്രസ്റ്റ് ഏറ്റെടുത്തു. ഇന്റര്‍നാഷനല്‍ യൂനിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നാച്വര്‍ തിരഞ്ഞെടുത്ത ലോകത്തിലെ 25 ബയോപാര്‍ക്കുകളില്‍ ഒന്ന് ഗുരുകുലമായിരുന്നു. ഉരഗങ്ങളും ശലഭങ്ങളും സ്വതന്ത്രമായി വിഹരിക്കുന്ന വിഷം തൊടാത്ത ഈ 50 ഏക്കര്‍ മണ്ണില്‍ കാണാനും പഠിക്കാനും ഒരുപാടുണ്ട്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.