2019 February 23 Saturday
പശുക്കള്‍ അയവിറക്കും പോലെ നാവു കൊണ്ട് അയവിറക്കി വായാടിത്തത്തോടെ സംസാരിക്കുന്നവനോട് അല്ലാഹു കോപിക്കും – മുഹമ്മദ് നബി(സ)

ചന്ദനമോഷണ ശ്രമം തടഞ്ഞ ഗര്‍ഭിണിയെ മോഷ്ടാക്കള്‍ മര്‍ദ്ദിച്ചു

മറയൂര്‍: വീടിന് സമീപത്ത് വളര്‍ന്നു നില്‍ക്കുന്ന ചന്ദനമരം മോഷ്ടിക്കാന്‍ ശ്രമിച്ചത് തടഞ്ഞ ഗര്‍ഭിണിയായ വീട്ടമ്മയ്ക്ക് മര്‍ദ്ദനം. മറയൂര്‍ ആനക്കപ്പെട്ടിയില്‍ താമസിക്കുന്ന സ്‌നേഹ ജ്യോതി (28) നെയാണ് ചന്ദനകൊള്ളക്കാര്‍ മര്‍ദ്ദിച്ച് അവശയാക്കിയത്. ബുധനാഴ്ച രാത്രി 7 മണിയോടെയാണ് സംഭവം. ഭര്‍ത്താവ് ജീപ്പ് ഡ്രൈവറാണോയെന്ന് ചോദിച്ച് രണ്ടു യുവാക്കള്‍ വീട്ടില്‍ കയറിവന്നു.
ഇതിനിടയില്‍ വളര്‍ത്തുനായ കുരയ്ക്കുകയും യുവാക്കളെ ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തു. തുടര്‍ന്ന് യുവാക്കള്‍ നായയെ കൈയ്യില്‍ കരുതിയിരുന്ന വടിയുപയോഗിച്ച് അടിക്കാന്‍ ശ്രമിക്കവെ സ്‌നേഹ ജ്യോതി തടഞ്ഞതാണ് മര്‍ദ്ദനമേല്‍ക്കാന്‍ കാരണം. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വൈകുന്നേരങ്ങളില്‍ വീടിന്റെ സമീപത്ത്’ ചിലര്‍ കറങ്ങി നടന്നിരുന്നു. ചന്ദനമരം വെട്ടിക്കടത്തുവാന്‍ എത്തിയവരാണ് ഇവിടങ്ങളില്‍ എത്തിയതെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ഇത്തരക്കാരെ നോക്കി പലവട്ടം പട്ടി കുരച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം.
ഏഴുമാസം ഗര്‍ഭിണിയായ സ്‌നേഹയും പതിനൊന്ന് മാസം പ്രായമുള്ള കുഞ്ഞും മാത്രമാണ് വീട്ടില്‍ താമസിക്കുന്നത്. ഭര്‍ത്താവ് മുത്തുരാജ് ലോറി ഡ്രൈവറാണ്. സംഭവം നടക്കുമ്പോള്‍ ഇയാള്‍ തമിഴ്‌നാട്ടിലേക്ക് ഓട്ടം പോയിരുന്നു. സ്‌നേഹ വിവരമറിയിച്ചതിനെ തുടര്‍ന്നെത്തിയ മാതാപിതാക്കളാണ് തലക്ക് പരിക്കേറ്റ യുവതിയെ കണ്ണന്‍ ദേവന്‍ ഹില്‍സ് പ്ലാന്റേഷന്‍ കമ്പനിയുടെ ജനറല്‍ ആശുപത്രിയിലെത്തിച്ചത്.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.