
ദമാം: അനധികൃത ടാക്സിയില്‍ യാത്രചെയ്യുന്നതിനിടെ മദ്യ കടത്തു കേസില്‍ പിടിയിലായ മലയാളി യുവാവിന് ജയില്‍ മോചനത്തിനായി ഇനിയും നാല് വര്‍ഷം കൂടി കാത്തിരിക്കണം. ലഹരി കടത്തു കേസില്‍ പതിനൊന്നു വര്‍ഷമായി മക്കയിലെ ഇസ്ലാഹിയ ജയിലില്‍ കഴിയുന്ന മലപ്പുറം വേങ്ങര നെല്ലിപ്പറമ്പ ഊരകം സ്വദേശി അബ്ദുല്‍ റസാഖ് കൊളക്കാടന്റെ മോചനമാണ് ശിക്ഷാ കാലാവധിയായ പതിനഞ്ചു വര്‍ഷം പൂര്‍ത്തിയായാല്‍ മാത്രമേ സാധിക്കൂവെന്നു സ്ഥിരീകരണമായത്. പതിറ്റാണ്ടിലധികമായി ജയില്‍ ശിക്ഷ അനുഭവിക്കുന്ന ഇദ്ദേഹത്തിന്റെ മോചനത്തിന് വേണ്ട സഹായം ചെയ്യണമെന്ന വീട്ടുകാരുടെ ആവശ്യം പരിഗണിച്ച് സന്നദ്ധ പ്രവര്ത്തകന് നബ്ഹാന് സയ്യിദ് കൊളത്തോട് എംബസിക്ക് നല്കിയ നിവേദനത്തെ തുടര്‍ന്ന് എംബസി നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്.
ജയിലില്‍ സന്ദര്‍ശനം നടത്തിയ എംബസി ഉദ്യോഗസ്ഥന് ജയില്‍ അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. 2007 ല്‍ ജിദ്ദയില്‍ ഒരു ഇലക്ട്രിക്കല്‍ സ്ഥാപനത്തില്‍ ജോലിക്കെത്തിയതായിരുന്നു അബ്ദുല്‍ റസാഖ് . ജോലി ആവശ്യാര്‍ത്ഥം ഒരു മലയാളായി ടാക്സിയില്‍ മക്കയിലേക്ക് പോകുന്നതിനിടെയാണ് ഇദ്ദേഹം പോലീസ് പിടിയിലായത്. വഴിയിലെ വാഹന പരിശോധനക്കിടെ വാഹനത്തില്‍ നിന്നും ലഹരി വസ്തുക്കള്‍ പിടി കൂടി. ഒടുവില്‍ അബ്ദുല്‍ റസാഖ് നിരപരാധിയാണെന്നും താനാണ് ലഹരി ഒളിപ്പിച്ചതെന്നും ഡ്രൈവര്‍ കോടതിയില്‍ ബോധ്യപ്പെടുത്തിയെങ്കിലും ഡ്രൈവറുടെ ശിക്ഷ തന്നെ റസാഖിനും വിധിക്കുകയായിരുന്നു. ലഹരി സാധനങ്ങള്‍ കച്ചവടത്തിനായി കടത്തുകയെന്നാണ് ഇരുവര്‍ക്കുമെതിരെ ചുമത്തിയത്. ഇതോടെ റസാഖിന്റെ കുടുംബം കടുത്ത ദുരിതത്തിലായി. ഭാര്യാ പിതാവിന്റെ സംരക്ഷണത്തിലാണ് ഭാര്യ ഫാത്വിമയും രണ്ടു മക്കളും. റസാഖിന്റെ മോചനത്തിനായി മുഖ്യമന്ത്രിക്കും നോര്‍ക്കക്കും പരാതി നല്‍കിയിരുന്നു. പതിനൊന്നു വര്‍ഷം ജയിലില്‍ പൂര്‍ത്തിയാക്കിയ അബ്ദുല്‍ റസാഖിന് ഇതോടെ ഇനിയും നാല് വര്‍ഷം കൂടി കാത്തിരിക്കണം.