2019 July 20 Saturday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

ചണമ്പിലൂടെ ജൈവവേലിയും വളവുമാക്കി കര്‍ഷകര്‍

മീനാക്ഷിപുരം: തമിഴ്‌നാട് അതിര്‍ത്തി പങ്കിടുന്ന മീനാക്ഷിപുരം മുതല്‍ ഗോവിന്ദാപുരം വരെയുള്ള  ഗ്രാമങ്ങളില്‍ പച്ചിലവളത്തിനും.  കീടനിയന്ത്രണത്തിനും ലക്ഷ്യമിട്ട് ചണമ്പ് കൃഷി വ്യാപിപ്പിക്കുന്നു.  താരതമ്യേന വെള്ളക്കെട്ടു പ്രദേശങ്ങള്‍ അല്ലാത്ത കൃഷിയിടങ്ങളിലാണ് ചണമ്പ് ഇല വളമായി വിതയ്ക്കുന്നത്. വളരെ എളുപ്പം വളരുകയും വേണ്ടുവോളം പച്ചിലവളം ലഭിക്കുന്നതുമാണ് ചണമ്പിനെ കര്‍ഷകര്‍ക്ക് പ്രിയപ്പെട്ടതാക്കിയത്.
ആര്യവേപ്പ് പോലെ കയ്പ്പുള്ളതിനാല്‍ ആടുകളോ പശുക്കളോ കൃഷിയിടത്തില്‍ കയറി ഭക്ഷിക്കില്ല. കൂടാതെ വണ്ടുകളും ശത്രു കീടങ്ങളും നട്ട തെങ്ങിന്‍ തൈകളെ ആക്രമിക്കാറില്ലെന്നും കര്‍ഷകര്‍ സാക്ഷ്യപ്പെടുത്തുന്നു. ഇത്തരത്തില്‍ ജൈവ വേലിയായും ചണമ്പ് ഉപയോഗിക്കുന്നു.
പച്ചിലവള ചെടികളില്‍ വളരെ എളുപ്പം വളരുന്ന ചെടിയാണ് ചണമ്പ്. താരതമ്യേന പൊക്കംകുറഞ്ഞ ചെടിയായതിനാല്‍ പറിച്ചു തടത്തിലിട്ട് ഉഴുതുമറിക്കാനും എളുപ്പമാണ്. മണ്ണിലെ ജൈവാംശം വര്‍ധിപ്പിക്കാന്‍ ഇടവിളയായി ചണമ്പ്, വളര്‍ത്തുകയും 40 ദിവസത്തിനുശേഷം പൂക്കുന്നതോടെ പിഴുത് മണ്ണില്‍ ചേര്‍ക്കുകയും ചെയ്യും. ഇതു കളയുടെ വളര്‍ച്ച തടയുന്നതോടൊപ്പം കൃഷിക്ക് വേണ്ട പച്ചിലവളവും നല്‍കും. തെങ്ങിനും വാഴക്കും മാവിനും പച്ചിലവളമായി  ചണമ്പിനെ ഉപയോഗിക്കാം.
വര്‍ഷത്തില്‍ മൂന്നു തവണകളായി ഈ പച്ചിലവള പ്രയോഗം നല്‍കുമ്പോള്‍ വെള്ളത്തിലൂടെയും മറ്റുമുള്ള വളനഷ്ടവും കുറയ്ക്കുന്നു. ധാതുനഷ്ടം സംഭവിക്കാത്ത ഹരിത സസ്യപദാര്‍ഥങ്ങളെ മണ്ണിലേക്ക് ഉഴുതോ കിളച്ചോ ചേര്‍ക്കുന്നതിന് ഈ പച്ചിലവളപ്രയോഗം വളരെ നല്ലതാണ്.
കേരളത്തില്‍ ചണമ്പ് കൃഷിയിടങ്ങള്‍ കുറവാണെങ്കിലും തമിഴ്‌നാട്ടില്‍ കൂടുതലായി കാണുന്ന പച്ചില വളച്ചെടിയാണിത്. പയറുവര്‍ഗച്ചെടികള്‍ക്ക് അതിന്റെ വേരുകളില്‍ നൈട്രജന്‍ സംഭരിക്കാന്‍ കഴിയും എന്ന വസ്തുതയാണ് കേരളത്തിലെ കര്‍ഷകരെ തിരിച്ച് പച്ചിലവളച്ചെടികളെ തിരഞ്ഞെടുക്കാന്‍  പ്രേരിപ്പിക്കുന്നത്. പറമ്പിലും വയലിലും മറ്റും ഈ കഴിവുള്ള ചെടികളെ നട്ടുവളര്‍ത്തി അവ പൂക്കാന്‍ തുടങ്ങുന്ന സമയത്ത് മണ്ണിനോട് ഉഴുത്‌ചേര്‍ത്താണ് ഇവയെ വളമാക്കിയിരുന്നത്. തമിഴ്‌നാട്ടില്‍ നിന്നാണ് ചണമ്പിന്റെ വിത്തു കൊണ്ടുവരുന്നത്. കിലോയ്ക്ക് 50 രൂപയാണ് വില.
സെന്റിന് 100-150 ഗ്രാം വിത്തു വിതച്ച് 60-80 കിലോ പച്ചിലവളം ഉത്പാദിപ്പിക്കാം എന്നതാണ് ഇതിന്റെ പ്രത്യേകത. ചണമ്പിന്റെ വേരുകളില്‍ സൂക്ഷ്മാണുക്കള്‍ വഴിയുള്ള നൈട്രജന്‍ സ്വാംശീകരണം സെന്റിന് 300-320 ഗ്രാം വരെയാണെന്ന് പട്ടഞ്ചേരി കൃഷി ഓഫിസര്‍ കെ.എസ്. സണ്ണി പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.