2019 June 17 Monday
നമ്മളിലുള്ള നന്മയാണു നമ്മുടെ നീതിബോധം -തിരുവള്ളുവര്‍

ചട്ടഞ്ചാല്‍ ടൗണ്‍… ഇതാ, ഇങ്ങനെയാണ്

ചട്ടഞ്ചാല്‍: സ്‌കൂള്‍ വിദ്യാര്‍ഥികളടക്കം ദിവസേന ആയിരകണക്കിന് ആളുകള്‍ ആശ്രയിക്കുന്ന ചട്ടഞ്ചാല്‍ ടൗണ്‍ അടിസ്ഥാന സൗകര്യമില്ലാതെ വീര്‍പ്പുമുട്ടുന്നു. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, കെ.എസ്.ഇ.ബി സെക്ഷന്‍ ഓഫിസ്, സബ് ട്രഷറി, വില്ലേജ് ഓഫിസ്, ആരോഗ്യകേന്ദ്രം എന്നീ സര്‍ക്കാര്‍ സ്ഥാപനങ്ങളും നിരവധി വ്യാപാര സ്ഥാപനങ്ങളും സ്ഥിതി ചെയ്യുന്ന ചട്ടഞ്ചാല്‍ ടൗണിന്റെ ദുരവസ്ഥയ്ക്ക് പരിഹാരമുണ്ടാക്കാന്‍ പോലും അധികൃതര്‍ തുനിയുന്നില്ല. ചട്ടഞ്ചാല്‍ ടൗണിലെത്തുന്നവര്‍ക്ക് ബസ് കാത്തിരു കേന്ദ്രം, ശുചിമുറി, മത്സ്യ മര്‍ക്കറ്റ്, ഓവുചാല്‍, വാഹന പാര്‍ക്കിങ് തുടങ്ങിയ സൗകര്യങ്ങളില്ലാതെ ജനങ്ങള്‍ ദുരിതമനുഭവിക്കുന്നത്.

 

ബസ് കാത്തുനില്‍ക്കണം വെയിലില്‍

നൂറിലധികം ബസുകളാണ് ചട്ടഞ്ചാല്‍ ടൗണിലൂടെ കടന്ന് പോകുന്നത്. കാസര്‍കോട്, ദേളി ഭാഗത്തേക്ക് പോകുന്നവര്‍ ബസ് കാത്തിരിപ്പു കേന്ദ്രമില്ലാതെ വലയുന്നു. നിലവില്‍ ഇവിടെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് നിര്‍മിച്ച ഒരു ബസ് കാത്തിരിപ്പു കേന്ദ്രമുണ്ടെങ്കിലും കാലപഴക്കം കാരണം മേല്‍ക്കൂരയില്‍നിന്നും തൂണുകളില്‍നിന്നും സിമന്റ് അടര്‍ന്നുവീണ് അപകടാവസ്ഥയിലാണ്. കനത്ത മഴയിലും വെയിലിലും റോഡരികിലും കടത്തിണ്ണകളിലും ബസ് കാത്തുനില്‍ക്കേണ്ട ഗതികേടിലാണ് പൊതുജനം. സ്‌കൂള്‍ ബാഗുകളും മറ്റുമായി ബസ് കാത്തുനില്‍ക്കുന്ന വിദ്യാര്‍ഥികളാണ് ഇതുകാരണം കൂടുതല്‍ ദുരിതത്തിലായിരിക്കുന്നത്.

 

പ്രാഥമിക കാര്യങ്ങള്‍എവിടെ നിര്‍വഹിക്കണം

സര്‍ക്കാര്‍ ഓഫിസുകളിലേക്കും സ്‌കൂള്‍, കോളജിലേക്കും മറ്റുമായി എത്തുന്ന സ്ത്രികളും കുട്ടികളുമടക്കമുള്ളവര്‍ക്ക് മൂത്രശങ്ക വന്നാല്‍ സഹിക്കുകയല്ലാതെ മറ്റുവഴിയില്ല. ഇവിടെ എത്തുന്നവര്‍ക്ക് ടൗണില്‍ പൊതു ശുചിമുറി സൗകര്യം എവിടെയുമില്ല. പലരും ഹോട്ടലുകളെയും മറ്റുമാണ് ആശ്രയിക്കുന്നത്.

 

മീന്‍ വില്‍പന റോഡരികില്‍

ഏറെ തിരക്കുള്ള ദേശീയപാതയോരത്താണ് ടൗണില്‍ മീന്‍ കച്ചവടം നടത്തുന്നത്. മീന്‍ വില്‍പനയ്ക്കായി പ്രത്യേക മാര്‍ക്കറ്റോ മറ്റു സൗകര്യങ്ങളോ ഇല്ല. കനത്ത മഴ പെയ്താല്‍ ടൗണിലെ പല ഭാഗങ്ങളും ചെളിക്കുളമായി മാറുകയാണ്. ടൗണില്‍ ഓവുചാല്‍ സംവിധാനങ്ങളില്ലാത്തതാണ് പലയിടത്തും മഴവെള്ളം കെട്ടിക്കിടക്കാന്‍ കാരണം.

 

ഗതാഗത കുരുക്ക് പതിവ്

രാവിലെയും വൈകിട്ടും ടൗണില്‍ ഗതാഗത കുരുക്കും പതിവാകുകയാണ്. അശാസ്ത്രീയമായ വാഹനങ്ങള്‍ നിര്‍ത്തിയിടുന്നതും തലങ്ങും വിലങ്ങും നിരവധി പെട്ടികകള്‍ പ്രവര്‍ത്തിക്കുന്നതുമാണ് പ്രശ്‌നം രൂക്ഷമാക്കുന്നത്. അതിനു പുറമെ വേഗത കുറയ്ക്കാനുള്ള സംവിധാനങ്ങള്‍ ഇല്ലാത്തതിനാല്‍ ദേശീയപാതയിലുടെ അമിതവേഗതയില്‍ വാഹനങ്ങളോടുന്നത് അപകടത്തിനും കാരണമാവുകയാണ്.

 

പിടിച്ചെടുത്ത വാഹനങ്ങളുടെ ശവപറമ്പ്

നിരവധി കേസുകളില്‍ പൊലിസ് പിടിച്ചെടുത്ത നൂറുകണക്കിന് വാഹങ്ങളാണ് വര്‍ഷങ്ങളായി ഇവിടെ കുട്ടിയിട്ടിരിക്കുകയാണ്. നാലോളം തവണ ഇവിടെ കൂട്ടിയിട്ട വാഹനങ്ങള്‍ക്ക് തീപിടിക്കുകയും നൂറോളം വാഹനങ്ങള്‍ കത്തിനശിക്കുകയും ചയ്തിരുന്നു. വാഹനങ്ങളുടെ മുകളില്‍ കാടുകളൂം പുല്ലുകളും വളര്‍ന്ന് ഇഴജന്തുക്കളുടെയും കൊതുകുകളുടെയും താവളമായി മാറിയിരിക്കുകയാണ്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.