2019 January 22 Tuesday
ഒരിക്കലും വീഴാതിരിക്കുന്നതിലല്ല, വീഴുമ്പോഴൊക്കെ എഴുന്നേല്‍ക്കുന്നതിലാണ് മനുഷ്യന്റെ മാഹാത്മ്യം.

ചട്ടങ്ങളില്ലാതെ സംസ്ഥാന പൊലിസ്; കരടുചട്ടം കടലാസില്‍ ഒതുങ്ങുന്നു

തിരുവനന്തപുരം: കേരള പൊലിസ്ചട്ടം രൂപീകരിക്കാനുള്ള കരടുരൂപം മൂന്നുവര്‍ഷമായി നിയമവകുപ്പിന്റെ അലമാരയില്‍. 2011ലെ കേരള പൊലിസ് ആക്ടിലെ 129ാം വകുപ്പ് നല്‍കുന്ന പ്രത്യേക അധികാരം ഉപയോഗിച്ചാണ് സര്‍ക്കാര്‍ കേരള പൊലിസ്ചട്ടം രൂപീകരിക്കാന്‍ തീരുമാനിച്ചത്. ഇതിന്റെ കരട് 2015ല്‍ നിയമവകുപ്പ് ആഭ്യന്തര വകുപ്പിന് കൈമാറിയെങ്കിലും കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരും പിന്നീടുവന്ന ഇടതുസര്‍ക്കാരും ഇത് അവഗണിച്ചു.
പൊലിസിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായാണ് ഉപവകുപ്പുകള്‍ ചേര്‍ത്ത് ചട്ടങ്ങളുടെ കരട് രൂപീകരിച്ചത്. ഉടനെ പ്രാബല്യത്തില്‍ വരുമെന്ന് ചട്ടത്തിന്റെ കരടിന്റെ ആമുഖത്തില്‍ സൂചിപ്പിച്ചിട്ടുണ്ടെങ്കിലും മൂന്നുവര്‍ഷം പിന്നിട്ടിട്ടും നടപ്പിലാക്കാതെ സര്‍ക്കാരുകള്‍ ഒളിച്ചു കളി തുടരുകയാണ്. ഇപ്പോള്‍ വിവാദമായ കേരള പൊലിസ് അസോസിയേഷന്റെ പ്രവര്‍ത്തനത്തെ നിയന്ത്രിക്കണമെന്നായിരുന്നു കരടിലെ പ്രധാന വ്യവസ്ഥ.
രണ്ടുവര്‍ഷത്തില്‍ കൂടുതല്‍ ഒരംഗം ജില്ലാതലത്തിലോ സംസ്ഥാനതലത്തിലോ ഭാരവാഹിത്വം വഹിക്കാന്‍ പാടില്ലെന്നും മൂന്നുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം മേല്‍പ്പറഞ്ഞ തലങ്ങളില്‍ ഭാരവാഹിത്വം വഹിക്കുന്നതിന് തടസമുണ്ടാവില്ലെന്നും കരടില്‍ വ്യക്തമാക്കുന്നു. പൊലിസ് അസോസിയേഷനുകളുടെ സമ്മേളനങ്ങള്‍ ഒരു ദിവസത്തില്‍ കൂടുതല്‍ നീണ്ടുനില്‍ക്കാന്‍ പാടില്ലെന്നും പൊലിസ് അസോസിയേഷനുകള്‍ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ പ്രത്യക്ഷമായോ പരോക്ഷമായോ പങ്കെടുക്കാനോ ബന്ധപ്പെടാനോ പാടില്ലെന്നും നിര്‍ദേശമുണ്ട്. ഔദ്യോഗിക ജോലിക്കും ചുമതലകള്‍ക്കും യാതൊരു തരത്തിലുള്ള വീഴ്ചയും ഭംഗവും വരാത്ത രീതിയിലായിരിക്കണം പ്രവര്‍ത്തനം, പൊലിസ് അസോസിയേഷനുകള്‍ പൊലിസുകാരില്‍നിന്നു പണപ്പിരിവ് നടത്തരുതെന്നും കരടുചട്ടത്തില്‍ നിര്‍ദേശമുണ്ടായിരുന്നു.
കഴിഞ്ഞ ഇടതുസര്‍ക്കാരിന്റെ കാലത്ത് ജേക്കബ് പുന്നൂസ് ഡി.ജി.പിയായിരുന്നപ്പോഴാണു കേരള പൊലിസ് ആക്ട് നിലവില്‍ വരുന്നത്. എന്നാല്‍ ആക്ടിനു ചട്ടങ്ങള്‍ രൂപീകരിച്ചിരുന്നില്ല. കരടുചട്ടം രൂപീകരിക്കാന്‍ റിട്ട.എസ്.പിമാരായ കെ.എന്‍ ജയരാജന്‍, വി.കെ ഗിരിജാനാഥന്‍ നായര്‍, എ.ഐ.ജി എം. മധു, എസ്.പി ടി.കെ ഹരിദാസ്, അനൂപ് കുരുവിള ജോണ്‍ എന്നിവരുള്‍പ്പെട്ട സമിതിയെ 2011 ജനുവരി 18നു സര്‍ക്കാര്‍ നിയമിച്ചു. എന്നാല്‍, നടപടികള്‍ മുന്നോട്ടു പോയില്ല.
പിന്നീട് യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ 2014 നവംബര്‍ 29ന് മറ്റൊരു സമിതിയെ നിയോഗിച്ചു. ഐ.പി.എസുകാരായ എ. അക്ബര്‍, ദേബേഷ് കുമാര്‍ ബെഹ്‌റ, ശ്രീധരന്‍, മുഹമ്മദ് ഷബീര്‍, എസ്.പി സക്കറിയ ജോര്‍ജ് എന്നിവരാണ് സമിതിയില്‍ ഉണ്ടായിരുന്നത്. രണ്ടുമാസത്തിനകം നടപടികള്‍ പൂര്‍ത്തിയാക്കണമെന്നായിരുന്നു നിര്‍ദേശം. 2015ല്‍ കരടുചട്ടങ്ങള്‍ രൂപീകരിച്ച് സര്‍ക്കാരിന് സമര്‍പ്പിച്ചു. ഇത് പരിശോധിക്കാന്‍ നിയമവകുപ്പിന് കൈമാറി.
പൊലിസ് അസോസിയേഷനെ കൂടാതെ മറ്റു നിരവധി നിര്‍ദേശങ്ങളും കരടു ചട്ടത്തില്‍ ഉണ്ടായിരുന്നു. കസ്റ്റഡിയില്‍ എടുക്കുന്ന വ്യക്തികളെ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കി ബന്ധപ്പെട്ട പൊലിസ് ഉദ്യോഗസ്ഥന്‍ ഉചിതമായ നടപടികള്‍ സ്വീകരിക്കണമെന്ന് ചട്ടത്തിന്റെ കരടില്‍ വ്യക്തമാക്കുന്നു.
പ്രത്യേക സുരക്ഷയ്ക്കായി നിയോഗിക്കപ്പെടുന്ന പൊലിസ് ഉദ്യോഗസ്ഥര്‍ക്ക് മണിക്കൂറിനു പ്രത്യേക ഫീസ് നല്‍കണം. ഓരോ രണ്ടുവര്‍ഷം കൂടുമ്പോഴും ഈ ഫീസ് പുതുക്കണമെന്നും ചട്ടത്തില്‍ ചൂണ്ടിക്കാട്ടുന്നു. പൊലിസിനു കീഴില്‍ ട്രാഫിക് ക്രമീകരണ സമിതി രൂപീകരിക്കണമെന്നാണ് മറ്റൊരു നിര്‍ദേശം. തദ്ദേശസ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചാണ് ട്രാഫിക് ക്രമീകരണ സമിതി രൂപീകരിക്കേണ്ടത്.
ചട്ടങ്ങള്‍ നടപ്പില്‍ വരുത്തുന്നതിലെ കാലതാമസം മൂലം ചോദ്യം ചെയ്യാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്കും പരിമിതികളുണ്ട്. വ്യക്തമായ മേല്‍വിലാസമില്ലാത്ത വ്യക്തികള്‍ നല്‍കുന്ന പരാതികള്‍ തള്ളിക്കളയാനുള്ള അധികാരം ബന്ധപ്പെട്ട ഉദ്യോഗസ്ഥന് പൊലിസ് ചട്ടം അനുമതി നല്‍കുന്നു.
സംസ്ഥാന പൊലിസ് കംപ്ലയിന്റ്‌സ് അതോറിറ്റിയുടെ സിറ്റിങ് നടത്തുന്നതിന് ചെയര്‍പേഴ്‌സനെ കൂടാതെ കുറഞ്ഞത് രണ്ടംഗങ്ങളെങ്കിലും ഉണ്ടായിരിക്കേണ്ടതാണ്. ചട്ടം 23ല്‍ പരാമര്‍ശിക്കുന്ന പരാതികള്‍ പ്രാഥമിക പരിഗണനയില്‍ തന്നെ തള്ളിക്കളയാവുന്നതും അത്തരം പരാതികളിന്മേലുള്ള നടപടികള്‍ അവസാനിപ്പിച്ചതായി ഉത്തരവ് പുറപ്പെടുവിക്കാവുന്നതുമാണ്.
പരിഗണിക്കുന്നതിന് അര്‍ഹമെന്ന് പ്രഥമദൃഷ്ട്യാ കാണുന്ന പരാതികളില്‍ പ്രാഥമിക അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനു ബന്ധപ്പെട്ട ഏത് ഉദ്യോഗസ്ഥനോടും അതോറിറ്റിക്കു നിര്‍ദേശിക്കാം. റിപ്പോര്‍ട്ട് പരിശോധിച്ചതിനു ശേഷം പരാതിയില്‍ കഴമ്പില്ലെന്നു ബോധ്യപ്പെട്ടാല്‍ നടപടി അവസാനിപ്പിച്ചുകൊണ്ട് അതോറിറ്റിക്ക് ഉത്തരവിടാം. കൂടുതല്‍ അന്വേഷണം ആവശ്യമെന്നു ബോധ്യപ്പെട്ടാല്‍ പരാതിക്കാരനെയും എതിര്‍കക്ഷികളെയും സാക്ഷികളെയും സമന്‍സ് അയച്ചു വരുത്താനും വിസ്തരിക്കാനും അതോറിറ്റിക്ക് അധികാരമുണ്ടെന്നും ചട്ടത്തിന്റെ കരടില്‍ വ്യക്തമാക്കുന്നു.
കേരള പൊലിസില്‍ കാര്യമായ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ പോകുന്ന നിരവധി നിര്‍ദേശങ്ങളടങ്ങിയ ചട്ടമാണ് നിയമവകുപ്പിലെ ഫയല്‍ കൂമ്പാരത്തിനിടയിലൊതുങ്ങുന്നത്.
കേരള പൊലിസ് ആക്ടിനു കൂടുതല്‍ ശക്തി പകരുന്ന കേരള പൊലിസ് ചട്ടങ്ങള്‍ നടപ്പില്‍ വരുത്താന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് വിവരാവകാശ പ്രവര്‍ത്തകന്‍ ബിനു മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാറിനു പരാതി നല്‍കിയിട്ടും ഒരു നടപടിയും സ്വീകരിച്ചില്ല.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.