2020 June 03 Wednesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ചട്ടം ഞങ്ങള്‍ക്ക് പുല്ലാണ്

 

സൈന്യം
മോദിസേന:
യോഗി

ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈന്യത്തെ ‘മോദിസേന’ എന്നു വിശേഷിപ്പിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പ്രസ്താവനയ്‌ക്കെതിരേ മുന്‍ സേനാ മേധാവി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനര്‍ക്ക് കത്തയച്ചു. രാജ്യത്തിന്റെ സൈനികവിഭാഗം ഒരു വ്യക്തിയുടെയും സ്വകാര്യസ്വത്തല്ലെന്നും യോഗിയുടെ പ്രസ്താവന മുന്‍സൈനികരെയും സേനയിലുള്ളവരെയും അസ്വസ്ഥരാക്കുന്നെന്നും മുന്‍ നാവികസേന മേധാവി അഡ്മിറല്‍ എല്‍. രാംദാസ് പരാതിയില്‍ പറയുന്നു.
അടുത്തിടെ സൈന്യത്തെ രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് ഉപയോഗിക്കുന്നത് വര്‍ധിക്കുന്നതായും, പ്രചാരണങ്ങളില്‍ സൈനികരുടെ ചിത്രങ്ങള്‍ ഉപയോഗിക്കുന്നതില്‍ നിന്ന് രാഷ്ട്രീയകക്ഷികളെ വിലക്കണമെന്നും ആവശ്യപ്പെട്ടു. ഇത് ചൂണ്ടിക്കാട്ടേണ്ടത് തന്റെ ധാര്‍മിക കടമയാണെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷനര്‍ സുനില്‍ അറോറയ്ക്കയച്ച കത്തില്‍ അദ്ദേഹം പറഞ്ഞു.
യോഗിയുടെ പ്രസ്താവനയില്‍ കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് കമ്മിഷന്‍ വിശദീകരണം തേടിയിരുന്നു. ഗാസിയാബാദില്‍ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യവെയാണ് യോഗി ആദിത്യനാഥ് വിവാദ പരാമര്‍ശം നടത്തിയത്. കോണ്‍ഗ്രസുകാര്‍ ഭീകരര്‍ക്ക് ബിരിയാണി നല്‍കി സല്‍ക്കരിക്കുമ്പോള്‍ മോദിജിയുടെ സേന അവര്‍ക്ക് ബോംബുകളും വെടിയുണ്ടകളുമാണ് നല്‍കുന്നതെന്നായിരുന്നു പ്രസംഗം.

മോദിക്ക് രാജസ്ഥാന്‍
ഗവര്‍ണറുടെ വോട്ടഭ്യര്‍ഥന

ന്യൂഡല്‍ഹി: നരേന്ദ്രമോദിയെ ഒരിക്കലൂടെ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കണമെന്നു പ്രസ്താവന നടത്തിയ രാജസ്ഥാന്‍ ഗവര്‍ണറും ബി.ജെ.പി മുന്‍ നേതാവുമായ കല്യാണ്‍ സിങിന്റെ നടപടി വിവാദത്തില്‍. ഉന്നത ഭരണഘടനാ പദവിയിലിരിക്കുന്ന ഗവര്‍ണര്‍ നടത്തിയ അഭിപ്രായപ്രകടനം തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ട ലംഘനമാണെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ കണ്ടെത്തി. ഭരണഘടനാ പദവിയില്‍ ഇരിക്കുന്ന വ്യക്തികള്‍ രാഷ്ട്രീയത്തിന് അതീതരായിരിക്കണമെന്നാണ് ചട്ടം. എന്നാല്‍ ഗവര്‍ണര്‍ ഈ ചട്ടം ലംഘിച്ച് പരസ്യമായി ബി.ജെ.പിയെ പിന്തുണച്ചുവെന്നാണ് ആക്ഷേപം. ഗവര്‍ണര്‍ക്കെതിരേ നടപടിയാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മിഷന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ സമീപിക്കും. ഇക്കാര്യം ആവശ്യപ്പെട്ട് കമ്മിഷന്‍ രാഷ്ട്രപതിക്ക് കത്തു നല്‍കും. ഇന്നലെ രാത്രിയോടെ ഡല്‍ഹിയില്‍ ചേര്‍ന്ന കമ്മിഷന്‍ അംഗങ്ങള്‍ ഇക്കാര്യത്തില്‍ തുടര്‍നടപടികള്‍ സ്വീകരിച്ചു മുന്നോട്ടുപോവാന്‍ തീരുമാനിച്ചു.
ഇതു രണ്ടാംതവണയാണ് ഗവര്‍ണര്‍ പദവിയിലിരിക്കുന്നവര്‍ ചട്ടലംഘനം നടത്തിയതായി കമ്മിഷന്‍ കണ്ടെത്തുന്നത്. 1993ല്‍ ഹിമാചല്‍പ്രദേശ് ഗവര്‍ണറായിരിക്കെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ തന്റെ മകന്‍ സഈദ് അഹമ്മദിനുവേണ്ടി വോട്ടഭ്യര്‍ഥിച്ച ഗുല്‍സാര്‍ അഹമ്മദിന്റെ നടപടിയും ഇത്തരത്തില്‍ വിവാദമായിരുന്നു. അന്ന് ഗവര്‍ണറുടെ നടപടിയില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ നീരസം പ്രകടിപ്പിച്ചതോടെ അദ്ദേഹം ആ പദവിയില്‍നിന്നു രാജിവയ്ക്കുകയാണുണ്ടായത്.
കഴിഞ്ഞയാഴ്ച അലിഗഡിലെ ബി.ജെ.പി സ്ഥാനാര്‍ഥിയായി സതീഷ് ഗൗതമിനെ തീരുമാനിച്ചതിനു പിന്നാലെയായിരുന്നു കല്യാണ്‍ സിങിന്റെ വിവാദ പ്രസ്താവന. സതീഷ് ഗൗതമിനെ സ്ഥാനാര്‍ഥിയാക്കരുതെന്നാവശ്യപ്പെട്ട് കല്യാണ്‍ സിങിന്റെ വീട്ടുപരിസരത്ത് ബി.ജെ.പി പ്രവര്‍ത്തകര്‍ പോസ്റ്റര്‍ പതിച്ചിരുന്നു. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പ്രതിഷേധമുള്ള പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധനചെയ്യവെയാണ് ഗവര്‍ണര്‍ വിവാദ പ്രസ്താവനയിറക്കിയത്. പ്രവര്‍ത്തകര്‍ പാര്‍ട്ടി എടുക്കുന്ന എന്തു തീരുമാനവും അംഗീകരിക്കണമെന്നായിരുന്നു സിങിന്റെ പ്രസ്താവന. ഞങ്ങളെല്ലാം ബി.ജെ.പി പ്രവര്‍ത്തകരാണ്. ബി.ജെ.പി ജയിക്കണമെന്നാണ് ആഗ്രഹം. മോദി വീണ്ടും പ്രധാനമന്ത്രിയാകണമെന്നും ഞങ്ങള്‍ ആഗ്രഹിക്കുന്നുണ്ട്- കല്യാണ്‍ സിങ് പറഞ്ഞു.
1992ല്‍ ഉത്തര്‍പ്രദേശിലെ അയോധ്യയില്‍ ബാബരി മസ്ജിദ് തകര്‍ക്കുന്ന സമയത്ത് സംസ്ഥാന മുഖ്യമന്ത്രിയായിരുന്ന കല്യാണ്‍ സിങ്, നേരത്തെ സ്വീകരിച്ച പല നിലപാടുകളും പരസ്യമായ രാഷ്ട്രീയ ചായ്‌വ് പ്രകടിപ്പിക്കുന്നതാണെന്ന ആരോപണം നിലനിന്നിരുന്നു. ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ കല്യാണ്‍ സിങിനെതിരേ ഗൂഢാലോചനാ കുറ്റംചുമത്തിയിരുന്നു.

 

യന്ത്രത്തില്‍ തിരിമറി നടത്തണം: ശിവസേന

മുംബൈ: ബിഹാറിലെ ബെഗുസാര മണ്ഡലത്തില്‍ സി.പി.ഐ സ്ഥാനാര്‍ഥിയായി ജനവിധിതേടുന്ന ജെ.എന്‍.യു വിദ്യാര്‍ഥി യൂനിയന്‍ മുന്‍ നേതാവ് കനയ്യകുമാറിനെ വോട്ടിങ് യന്ത്രത്തില്‍ ക്രമക്കേട് നടത്തിയിട്ടെങ്കിലും പരാജയപ്പെടുത്തണമെന്ന് ആഹ്വാനംചെയ്ത ശിവസേനയുടെ നടപടിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മിഷന്‍ നടപടിക്കൊരുങ്ങുന്നു.
കനയ്യയുടെ വിജയം എന്തുവിലകൊടുത്തും തടയണമെന്നും കനയ്യയെ ലോക്‌സഭയിലേക്കു പറഞ്ഞയക്കരുതെന്നുമായിരുന്നു ശിവസേനയുടെ ആഹ്വാനം.
പാര്‍ട്ടി മുഖപത്രമായ സാമ്‌നയില്‍ എഴുതിയ ലേഖനത്തില്‍ മുതിര്‍ന്ന നേതാവും എം.പിയുമായ സഞ്ജയ് റാവത്താണ് ഈ ആവശ്യം ഉന്നയിച്ചത്. കനയ്യ വിജയിച്ചാല്‍ അതിനര്‍ത്ഥം ഭരണഘടന പരാജയപ്പെട്ടുവെന്നും അതിനാല്‍ വോട്ടിങ് യന്ത്രം അട്ടിമറിച്ചിട്ടാണെങ്കിലും കനയ്യ ലോക്‌സഭയില്‍ എത്തുന്നത് തടയണമെന്നുമാണ് ലേഖനത്തിലെ ആഹ്വാനം. ഇതു സംബന്ധിച്ച മാധ്യമവാര്‍ത്തകള്‍ പരിഗണിച്ചാണ് കമ്മിഷന്‍ സ്വമേധയാ നടപടിക്കു തുടക്കമിട്ടത്.

ഇക്കാര്യത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് മുംബൈയിലെ സാമ്‌ന ആസ്ഥാനത്തേക്ക് മഹാരാഷ്ട്ര ഇലക്ടറല്‍ ഓഫിസര്‍ നോട്ടീസയച്ചു. ഇന്ന് മറുപടി പറയണമെന്നാണ് നോട്ടീസിലെ ആവശ്യം.

ലേഖനം എഴുതിയ സാമ്‌നയുടെ പത്രാധിപസമിതി അംഗം കൂടിയായ സഞ്ജയ് റാവത്തിന്റെ വിശദീകരണം കേട്ട ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് ഇലക്ടറല്‍ ഓഫിസര്‍ അറിയിച്ചു. റാവത്തിന്റെ പ്രസ്താവന വോട്ടിങ് യന്ത്രത്തിലും തെരഞ്ഞെടുപ്പ് പ്രക്രിയയിലുമുള്ള അദ്ദേഹത്തിന്റെ വിശ്വാസ കുറവിനെയാണ് കാണിക്കുന്നതെന്ന് മുംബൈ സിറ്റി കലക്ടര്‍ ശിവാജി ജോന്ധലെ പറഞ്ഞു.

എന്നാല്‍, നോട്ടീസ് കൈപ്പറ്റിയെന്നും തന്റെ നിലപാട് വ്യക്തമാക്കി വിശദമായ മറുപടി നല്‍കുമെന്നും റാവത്ത് പ്രതികരിച്ചു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.