2019 April 23 Tuesday
പുറമെ നിന്ന് അടിച്ചേല്‍പിക്കാവുന്ന ഒന്നല്ല ജനാധിപത്യം എന്നത്. അത് ഉള്ളില്‍ നിന്നുതന്നെ വരേണ്ടതാണ് -മഹാത്മാഗാന്ധി

ചങ്ങാതികളെ ചേര്‍ത്തു നിര്‍ത്താന്‍ പാപ്പാല ഗവ. എല്‍.പി.എസിലെ കുരുന്നുകള്‍

 

കിളിമാനൂര്‍: പ്രളയം നാശം വിതച്ച തിരുവല്ലയിലെ ചാത്തങ്കേരി ന്യൂ എല്‍.പി.എസ്, ചാത്തങ്കേരി ഗവ. എല്‍.പി.എസ് എന്നീ സ്‌കൂളുകളിലെ മുഴുവന്‍ കുട്ടികള്‍ക്കും ബാഗും നോട്ടുബുക്കും വിത്തു പേനയും പെന്‍സിലും അടക്കം 9 ഇനങ്ങള്‍ നേരിട് നല്‍കി സഹജീവി സ്‌നേഹത്തിന് പുതിയ ചിത്രം വരക്കുകയാണ് ‘ചേര്‍ത്തുനിര്‍ത്താം ചങ്ങാതികളെ’ എന്ന പരിപാടിയിലൂടെ പാപ്പാല ഗവ. എല്‍.പി.എസിലെ കുരുന്നുകള്‍.
ദുരിതാശ്വാസ ക്യാംപുകളില്‍ നിന്നും തിരികെ വീട്ടില്‍ എത്തിയ കുട്ടികള്‍ വീടിനു മുന്നിലെ ചവറുകൂനകള്‍ക്കിടയില്‍ നിന്നും പഠനോപകരണങ്ങള്‍ ചികഞ്ഞെടുക്കുന്ന കാഴ്ച ടി.വിയില്‍ കണ്ട നാലാംക്ലാസിലെ കുട്ടികളാണ് ദുഃഖത്തോടെ അധ്യാപകരോട് വാര്‍ത്തയെ കുറിച് പറഞ്ഞത്. ഈ കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ വാങ്ങിനല്‍കാമെന്ന ആശയം ഇങ്ങനെയാണുണ്ടായത്. ഓണാഘോഷം വിപുലമായി നടത്താന്‍ സ്വരുക്കൂട്ടിയ തുകയോടൊപ്പം കുട്ടികള്‍ക്ക് ഓണത്തിന് സമ്മാനമായി കിട്ടിയ തുകയും ഇതോടൊപ്പം ചേര്‍ത്തു. ഇവരുടെ ആഗ്രഹത്തിനൊപ്പം പി.ടി.എയും വിദ്യാലയ വികസന സമിതിയും പൂര്‍വ വിദ്യാര്‍ഥികളും കൈകോര്‍ത്തപ്പോള്‍ രണ്ടു വിദ്യാലയങ്ങളിലെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും പുത്തന്‍ പഠനോപകരണങ്ങള്‍ നല്‍കാന്‍ കഴിഞ്ഞു.
സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ഥിയും കിടപ്പു രോഗിയുമായ രഞ്ജിനി നിര്‍മിക്കുന്ന ‘വിത്തു പേന’ അന്നാട്ടുകാര്‍ക്ക് പുതിയ അനുഭവം ആയിരുന്നു.
രണ്ട് സ്‌കൂളുകളിലും രക്ഷിതാക്കള്‍ക്കൊപ്പം അധ്യാപക സംഘടനാ നേതാക്കളും തിരുവല്ല ബി.പി.ഒ രാഗേഷും സ്‌കൂള്‍ ടീമിനെ സ്വീകരിക്കാന്‍ ഉണ്ടായിരുന്നു. 40,000 രൂപയാണ് പഠനോപകരണങ്ങള്‍ വാങ്ങാന്‍ ചെലവായത്. ഇതില്‍ പതിനൊന്നായിരം രൂപ ബക്കറ്റ് പിരിവിലൂടെയാണ് കണ്ടെത്തിയത്.
സ്‌കൂള്‍ പരിസരത്തെ മഹാമനസ്‌കത അടയാളപ്പെടുത്താന്‍ സ്‌കൂളിന് ഇതിലൂടെ കഴിഞ്ഞ ചാരിതാര്‍ഥ്യത്തിലാണ് അധികൃതര്‍. പ്രഥമധ്യാപകന്‍ കെ.വി വേണുഗോപാല്‍, പി.ടി.എ പ്രസിഡന്റ്് കെ.ജി ശ്രീകുമാര്‍, എസ്.എം.സി ചെയര്‍പേഴ്‌സണ്‍ ഷീജമോള്‍, എം. പി.ടി.എ പ്രസിഡന്റ് ഷൈനി, ജി. മനോഹരന്‍, ജി. വിജയന്‍, കിളിമാനൂര്‍ ഹക്കിം, അധ്യാപകരായ ശാന്തകുമാരി അമ്മാള്‍ ബിന്ദുകുമാരി, സജി, സിയാദ്, വിദ്യാര്‍ഥികള്‍ എന്നിവര്‍ സംഘത്തില്‍ ഉണ്ടായിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.