2020 July 13 Monday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ചക്ക: തീന്‍മേശയിലെ കൊതിയൂറും വിഭവം

ഷാക്കിര്‍ തോട്ടിക്കല്‍

അടുക്കളമുറ്റത്തെ ഫലവൃക്ഷമെന്ന പേരിലാണ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്ലാവ് അറിയപ്പെടുന്നത്. ഈ മരവും അതുവഴി ചക്കപ്പഴവും പശ്ചിമഘട്ടത്തിന്റെ സന്തതികളാണ്. കേരളത്തിന്റെ സ്വന്തം വൃക്ഷവും പഴവും!
വലുപ്പത്തിലെന്നപോലെ ഗുണത്തിലും ചക്കപ്പഴം ഒരു വമ്പന്‍ തന്നെ. മരവും മോശക്കാരനല്ല. ഈടും മഞ്ഞനിറവുമുള്ള പ്ലാവിന്‍ തടി സംഗീത ഉപകരണങ്ങളും വീട്ടുപകരണങ്ങളും ഉണ്ടാക്കാന്‍ ഒന്നാന്തരം. വാസ്തുശില്പ വിധിപ്രകാരം ഇതൊരു പവിത്ര വൃക്ഷമാണ്. ബോധിവൃക്ഷമായ അരയാലും, അത്തി, ആഞ്ഞിലി എന്നിവയുമെല്ലാം ഉള്‍പ്പെടുന്ന മൊറാസിയ (ങീൃമരലമല) സസ്യ കുടുംബത്തിലെ അംഗമാണ്. ശാസ്ത്രനാമം അൃീേരമൃുൗ െിലലേൃീുവ്യഹഹൗ.െ
നൂറുകണക്കിന് മധുരമുള്ള ചുളകള്‍ ഒന്നിച്ചു ചേര്‍ന്നതാണ് ഒരു ചക്ക. ഒരു ചക്കയ്ക്ക് അഞ്ചുമുതല്‍ 20 കിലോഗ്രാം ഭാരം വരെ ഉണ്ടാകാറുണ്ട്. കേരളത്തില്‍ പ്രധാനമായും പഴം, വരിക്ക എന്നീ രണ്ടുതരം ചക്കപ്പഴങ്ങളാണ് ഉള്ളത്. വഴുവഴുപ്പുള്ളതും മാധുര്യം കുറഞ്ഞതുമാണ് പഴച്ചക്ക. ഇതിന് നാര് കൂടുതലാണ്. മധുരം കൂടിയതും കട്ടിയുള്ള മാംസളഭാഗത്തോടുകൂടിയതുമാണ് വരിക്കച്ചക്ക. പണ്ട് സാധാരണക്കാരന്റെ ഭക്ഷണമായിരുന്ന മരച്ചീനിയെപോലെ നാട്ടുമ്പുറത്തുകാരുടെ ഇഷ്ടപ്പെട്ട ഫലമാണ് ചക്കയിന്നും.
ഏഷ്യയുടെ ചില ഭാഗങ്ങളിലും ബ്രസീലിലും ചക്കപ്പഴം ഉത്പാദിപ്പിക്കുന്നുണ്ട്. ഇന്ത്യയില്‍ അസം, ത്രിപുര മേഖലകളില്‍ ഇത് ധാരാളമായി കൃഷി ചെയ്യുന്നു. കേരളത്തില്‍ പ്ലാവും ചക്കപ്പഴവും സുലഭമാണെങ്കിലും അതിന്റെ ഗുണത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണമൂലമാകാം ചക്കപ്പഴം ഒരു മുഖ്യ ഭക്ഷ്യവസ്തുവായി പരിഗണിക്കാത്തത്. എന്നാല്‍ തമിഴ്‌നാട്ടിലാകട്ടെ സ്വര്‍ണനിറവും തേനൂറും രുചിയും കൊതിപ്പിക്കുന്ന മണവുമുള്ള ചക്കപ്പഴം ഏറ്റവും പ്രിയങ്കരമാണ്.

പോഷകമൂല്യം
പഴങ്ങളിലെയും പച്ചക്കറികളിലെയും ഊര്‍ജദായക ഘടകമാണ് കാര്‍ബോഹൈഡ്രേറ്റ്. ചക്കപ്പഴം ഇതിന്റെ അക്ഷയ ഘനിയാണ്. നൂറു ഗ്രാം ഓറഞ്ചിലുള്ള കാര്‍ബോഹൈഡ്രേറ്റിന്റെ അളവ് 10.9 ഗ്രാം മാത്രമാണെങ്കില്‍ ചക്കപ്പഴത്തിലുള്ളത് 19.8 ഗ്രാമാണ്. അതുകൊണ്ടുതന്നെ ഇത്രയും ചക്കപ്പഴം നല്‍കുന്ന കലോറി ഊര്‍ജം 88 ആണെങ്കില്‍ ഓറഞ്ചിലേത് 48 മാത്രമാണ്.
വൈറ്റമിന്‍ ‘എ’, ‘ബി’, ‘സി’ എന്നിവ ധാരാളമായി ചക്കപ്പഴത്തിലുണ്ട്. ചക്കക്കുരു ഒരു പ്രോട്ടീന്‍ കലവറയാണ്. പ്രോട്ടീനുകള്‍ മാംസത്തില്‍ നിന്നും ലഭിക്കുമെങ്കിലും സസ്യജന്യ പ്രോട്ടീനാണ് വേഗം ദഹിക്കുന്നത്. ഇതിന് വില കുറവുമാണ്.

ഔഷധഗുണങ്ങള്‍

=പഴുത്ത ചക്ക കഫം, പിത്തം, ക്ഷയം എന്നിവയെ ശമിപ്പിക്കുകയും ശരീരം തടിപ്പിക്കുകയും ചെയ്യും.
=ചക്ക കൃമി വര്‍ദ്ധിപ്പിക്കും. എന്നാല്‍ ചക്ക തിന്നുണ്ടാകുന്ന അസുഖം ശമിക്കുന്നതിന് ചക്കയുടെ മടല്‍ തിന്നാല്‍ മതിയെന്നാണ് പഴമക്കാര്‍ പറയുന്നത്.
=ചക്കക്കുരുവിനും ചില സവിശേഷതകളുണ്ട്. ചക്കക്കുരു മൂത്രം വര്‍ദ്ധിപ്പിക്കും. മലബന്ധം ഉണ്ടാക്കുകയും ചെയ്യും.
=പ്ലാവിലയ്ക്കും ഔഷധവീര്യമുണ്ട്. മഹോദരം, വയറുവേദന തുടങ്ങിയ അസുഖങ്ങള്‍ക്ക് പ്ലാവിലഞെട്ട് ചേര്‍ത്ത കഷായം നല്‍കാറുണ്ട്. ഈ നൂറ്റാണ്ടിന്റെ എറ്റവും വലിയ ശാപമായ എയ്ഡിസിന് കാരണക്കാരനായ എച്ച്. ഐ. വി വൈറസിനെ തടുക്കാന്‍ ചക്കപ്പഴത്തില്‍ നിന്നെടുത്ത ജാക്കലൈന് കഴിയുമെന്ന് ഗവേഷണങ്ങള്‍ തെളിയിക്കുന്നു.
=പ്ലാവിലയില്‍ കാഞ്ഞിരക്കൂമ്പ് പൊതിഞ്ഞ് വാട്ടി അരച്ചതും നെയ്യും ചേര്‍ത്തു പുരട്ടിയാല്‍ വ്രണങ്ങള്‍ കരിയും. ചക്ക തിന്നുണ്ടാകുന്ന അസുഖത്തിന് ചുക്കു തന്നെ ഉത്തമ പ്രതിവിധി.
=ചക്ക സുലഭമായ കാലത്ത് കാക്കയ്ക്കും, അണ്ണാറക്കണ്ണനും വരെ വേണ്ടാതെ നശിക്കാറാണ് പതിവ്. ചക്കപ്പഴത്തിന്റെ ഗുണവും ഉപയോഗക്രമവും അറിഞ്ഞിരുന്നാല്‍ ഈ സ്ഥിതി മാറും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.