2019 February 23 Saturday
പശുക്കള്‍ അയവിറക്കും പോലെ നാവു കൊണ്ട് അയവിറക്കി വായാടിത്തത്തോടെ സംസാരിക്കുന്നവനോട് അല്ലാഹു കോപിക്കും – മുഹമ്മദ് നബി(സ)

ചക്കയുടെ ഔദ്യോഗിക പദവി; ആത്മാഭിമാനത്തോടെ ഒരുഗ്രാമം

ജാഫര്‍ കോളിക്കല്‍

‘ചക്കയെ’ കേരളത്തിന്റ ഔദ്യോഗിക ഫലമായി സര്‍ക്കാര്‍ പ്രഖ്യാപിച്ചപ്പോള്‍ ഏറ്റവും കൂടുതല്‍ സന്തോഷിച്ചത് പൂനൂര്‍ എന്ന നാടും ഈ നാട്ടുകാരുമാണ് .’ചക്ക പൂനൂര്‍’ എന്ന ഓമനപ്പേരില്‍ ആയിരുന്നല്ലോ ഈ ദേശം പണ്ട് മുതല്‍ക്കേ അറിയപ്പെട്ടിരുന്നത് .’പൂനൂരിലേക്ക് ചക്ക കയറ്റണോ’ എന്ന ചോദ്യവും ആളുകള്‍ക്കിടയില്‍ പ്രചാരത്തിലുണ്ടായിരുന്നു.ഈ നാടിന് ചക്കയുമായുള്ള ആത്മബന്ധം അത്രയും പ്രസിദ്ധമാണ് .
ഒരു കൊച്ചു കൂരയും രണ്ടോ മൂന്നോ സെന്റ് സ്ഥലവുമാണ് ഉള്ളതെങ്കില്‍ പോലും ഉള്ള സ്ഥലത്തു പ്ലാവ് വളര്‍ത്തി ചക്ക വിരിയിച്ചെടുക്കാന്‍ യാതൊരു പിശുക്കും കാണിക്കാത്തവരായിരുന്നു പൂനൂര്‍ പ്രദേശത്തുകാര്‍ .പറമ്പിലെ പടര്‍ന്നു നില്‍ക്കുന്ന പ്ലാവില്‍ നിറയെ തൂങ്ങിക്കിടക്കുന്ന ചക്കകള്‍ നാടിന്റെ മനം കുളിര്‍ക്കുന്ന കാഴ്ചകള്‍ തന്നെ ആയിരുന്നു .ചക്ക കയറ്റിയ കാളവണ്ടികള്‍ പൂനൂരില്‍ നിന്നും മലപ്പുറത്തേക്കും പൊന്നാനി ,താനൂര്‍ ഭാഗങ്ങളിലേക്കും യഥേഷ്ടം സഞ്ചരിച്ച ചരിത്രവും പൂനൂരിന് സ്വന്തം .എ വി തോമസ്&കമ്പനിയുടെ പ്രസിദ്ധമായ പൂനൂര്‍ എസ്റ്റേറ്റില്‍ കാടുവെട്ടി തെളിയിക്കാനും ടാപ്പിങ് തൊഴിലിനും വേണ്ടി എത്തിയ തൊഴിലാളികളില്‍ അധികവും മലപ്പുറം പാലക്കാട് ജില്ലകളില്‍ നിന്നുള്ളവരായിരുന്നു.ഇവര്‍ സ്വദേശത്തേക്കു പോകുമ്പോള്‍ കൊണ്ടുപോയിരുന്ന പ്രധാന വിഭവവും പോഷകങ്ങളുടെ കലവറ എന്ന് വിശേഷിക്കപ്പെടുന്ന ചക്കയും. തമിഴ്‌നാട് ,ആന്ധ്രാ , കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളും പൂനൂരിന്റെ ചക്കയുടെ രുചി ആസ്വദിച്ചവരാണ് .രണ്ടും മൂന്നും ലോഡ് ചക്കയായിരുന്നു ദിനേന കേരളത്തിന് പുറത്തേക്ക് കയറ്റിക്കൊണ്ട് പോയിരുന്നത് . ചക്കയെ പുറംനാടുകളിലേക്കെത്തിക്കുന്നതിന് പ്രത്യേക ഏജന്‍സികളും പണ്ടു കാലത്ത് ഇവിടെ പ്രവര്‍ത്തിച്ചിരുന്നു. ചക്ക പുറംനാടുകളിലേക്ക് കയറ്റി അയച്ചു സാമ്പത്തിക ഭദ്രത കൈവരിച്ചവരും ധാരാളം. അരിഭക്ഷണം കിട്ടാക്കനിയായിരുന്ന പഴയനാളുകളിലെ പൂനൂര്‍കാരുടെ ഇഷ്ട ഭക്ഷണം ചക്ക തന്നെ. ചക്ക കൊണ്ടുണ്ടാക്കിയ വിഭവങ്ങളായിരുന്നു തീന്‍മേശകളെ സമ്പന്നമാക്കിയിരുന്നത്.1960 കളില്‍ പൂനൂരങ്ങാടിയില്‍ ഉപജീവനത്തിന് വേണ്ടി നടത്തിയ ചായ കാപ്പി സ്റ്റാളുകളില്‍ ചായക്കും കാപ്പിക്കും കൂട്ടാന്‍ പഴുത്ത ചക്ക കൊടുത്തത് പലരുടെയും മനസ്സിലെ മായാത്ത ഓര്‍മയാണ്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.