2018 September 19 Wednesday
പതിനായിരം ബന്ധുക്കള്‍ക്ക് പകരം നില്‍ക്കാന്‍ ഒരേയൊരു ആത്മാര്‍ഥ സുഹൃത്ത് മതി.
യൂറിപ്പിഡിസ്

ചകിരിച്ചോറുണ്ടോ? പച്ചക്കറിയില്‍ നൂറുമേനി

കയര്‍ ഉല്‍പന്നങ്ങളുണ്ടാക്കാന്‍ ഉപയോഗിക്കുന്ന ചകിരിയുടെ അവശിഷ്ടം നല്ല കമ്പോസ്റ്റ് വളമാണ്. ഒരു കിലോഗ്രാം ചികിരിനാര് ഉണ്ടാവുമ്പോള്‍ അവശിഷ്ടമായി രണ്ടു കിലോഗ്രാം ചികിരിച്ചോറ് ലഭിക്കന്നു. ഭാരംകുറഞ്ഞ, കാറ്റില്‍ പറക്കുന്ന ഈ അവശിഷ്ടം ധാരാളം ഈര്‍പ്പം വലിച്ചെടുക്കുന്നതും നിക്ഷേപിക്കാന്‍ ധാരാളം സ്ഥലം ആവശ്യമുള്ളതുമാണ്. കേരളത്തിലെ ചകിരിവ്യവസായ കേന്ദ്രങ്ങളില്‍ ഒഴിവാക്കാനിടമില്ലാതെ കിടക്കുന്ന ചികിരിച്ചോര്‍ മികച്ച ജൈവവളമാണ്. മാറ്റാനിടമില്ലാതെ വലിയ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഉണ്ടായപ്പോഴാണ് തമിഴ്‌നാട് കാര്‍ഷിക സര്‍വകലാശാലയുടെയും കയര്‍ബോര്‍ഡിന്റെയും ആഭിമുഖ്യത്തില്‍ നടത്തിയ പരീക്ഷണം ചികിരിയില്‍നിന്ന് ചകിരിച്ചോര്‍ കമ്പോസ്റ്റ് എന്ന സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തത്. ജൈവവള നിര്‍മാണത്തിന് ആവശ്യമായ പൂപ്പല്‍ മിശ്രിതം പിത്ത്പ്ലസ് മേകന്ദ്ര കയര്‍ ഗവേഷണ കേന്ദ്രത്തില്‍നിന്ന് വ്യാവസായികാടിസ്ഥാനത്തില്‍ നിര്‍മിച്ച് വിതരണംചെയ്തുവരുന്നു. പിത്ത്പ്ലസ് ഉപയോഗിച്ചാല്‍ 30 ദിവസംകൊണ്ട് ചകിരിച്ചോറിനെ നല്ല ജൈവവളമാക്കി മാറ്റാന്‍കഴിയും. ഒരു ടണ്‍ ചികിരിച്ചോര്‍ കമ്പോസ്റ്റാക്കി മാറ്റാന്‍ രണ്ടു കിലോഗ്രാം പിത്ത് പ്ലസും അഞ്ച് കിലോഗ്രാം യൂറിയയും വേണം.

 

കമ്പോസ്റ്റ് നിര്‍മാണം
നല്ല സൂര്യപ്രകാശം ലഭിക്കുന്ന, വെള്ളം കെട്ടിനില്‍ക്കാത്ത തുറസ്സായ സ്ഥലത്ത് തറയില്‍ അഞ്ച് മീറ്റര്‍ നീളത്തിലും മൂന്നു മീറ്റര്‍ വീതിയിലുമായി 10 സെ. മീ. കനത്തില്‍ ചകിരിച്ചോര്‍ നിരത്തുക. 400 ഗ്രാം പിത്ത്പ്ലസ് ഇതിനു മുകളില്‍ ഒരേ കനത്തില്‍ വിതറുക. അതിനുശേഷം പഴയപടി 100 കി.ഗ്രാം ചകിരിച്ചോര്‍ പിത്ത്പ്ലസിനു മുകളില്‍ വിതറണം. അതിനു മുകളില്‍ ഒരു കി.ഗ്രാം യൂറിയ വിതറുക. ഇങ്ങനെ വീണ്ടും ചകിരിച്ചോര്‍, പിത്ത്പ്ലസ്, ചികിരച്ചോര്‍, യൂറിയ എന്ന ക്രമത്തില്‍ 10 അടുക്ക് ചകിരിച്ചോര്‍ വിതറണം. ഈര്‍പ്പം നിലനിര്‍ത്താന്‍ ആവശ്യത്തിന് വെള്ളം ലഭ്യമാക്കണം.
ഈര്‍പ്പം നിലനിര്‍ത്താന്‍ ചണച്ചാക്കോ, വഴയിലയോ, തെങ്ങോലയോ കൊണ്ടു മുകളില്‍ പുതയിടണം. 30-40 ദിവസംകൊണ്ട് ചികിരിച്ചോര്‍ കമ്പോസ്റ്റ് റെഡി. ഒരു ടണ്‍ ചികിരിച്ചോറില്‍നിന്ന് 600 കി.ഗ്രാം കമ്പോസ്റ്റ് വളം ലഭിക്കും. സംസ്‌കരിച്ച ചകിരിച്ചോറില്‍ 1.26% നൈട്രജന്‍, 0.06% ഫോസ്ഫറസ്, 1.20% പൊട്ടാഷ് എന്നിവയ്ക്കു പുറമെ ലിഗ്‌നില്‍ 4.80, സെല്ലുലോസ് 10% എന്നിവ അടങ്ങിയിരിക്കുന്നു. നെല്‍കൃഷി ഏക്കറിന് നാല് ടണ്‍, തെങ്ങിന് 50 കി.ഗ്രാം, കശുമാവിന് 50 കി.ഗ്രാം എന്ന തോതില്‍ ഉപയോഗിക്കാം. മണ്ണിന്റെ ഈര്‍പ്പം നിലനിര്‍ത്തുന്നതിനും മണ്ണിളക്കം കൂട്ടുന്നതിനും വേരുകളുടെ പ്രവര്‍ത്തനം ഉത്തേജിപ്പിക്കുന്നതിനും ഉല്‍പ്പാദനം കൂട്ടുന്നതിനുംഗുണമേന്മ വര്‍ധിപ്പിക്കുന്നതിനും ഈ കമ്പോസ്റ്റിനു കഴിയും.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.