2019 August 24 Saturday
സുഹൃത്തുക്കളോടു നന്നായി പെരുമാറുക; അവര്‍ നിങ്ങളോടു കൂടുതല്‍ അടുക്കും. ശത്രുക്കളോടും നന്നായി പെരുമാറുക;അവരെ നേടാന്‍ നിങ്ങള്‍ക്കു കഴിയും.

ഗ്രീക്ക് തത്വശാസ്ത്രം മുസ്‌ലിംകളില്‍ ചെലുത്തിയ സ്വാധീനം

മുഹമ്മദ് സലീം ദാരിമി ചെറള

 

 

 

മുസ്‌ലിം നാമധാരികളില്‍ എന്നും ഇസ്‌ലാമിനെ പൂര്‍ണമായി ഉള്‍ക്കൊള്ളാത്ത ഒരു വിഭാഗമുണ്ടായിരുന്നു. ‘മുഹമ്മദേ നീതി ചെയ്യൂ’ എന്ന് നബിതങ്ങളോട് പറഞ്ഞ ദുല്‍ഖുവൈസിറത്ത് മുതല്‍ ആ നയം തുടര്‍ന്ന് വന്നു. യുക്തി കൊണ്ട് എല്ലാം കണ്ടുപടിക്കാനും യാഥാര്‍ഥ്യത്തിലേക്ക് എത്തിപ്പെടാനും കഴിയുമെന്ന വാദമാണ് ഫല്‍സഫയുടെ ആകെ തുക. ഈ ചിന്തയിലേക്ക് നയിക്കുന്ന ശാസ്ത്രമാണ് ന്യായ ശാസ്ത്രം. ഈ ശാസ്ത്രമനുസരിച്ച് സമര്‍ഥിക്കുന്ന എന്തും ശരിയാണെന്ന ധാരണ പലരിലും കടന്ന് കൂടി. ഇങ്ങനെ അരിസ്റ്റോട്ടിലിന്റെ ന്യായശാസ്ത്രത്തില്‍ പ്രാവീണ്യം നേടി. ആ രീതിയില്‍ സമര്‍ഥിക്കുന്നതാണ് ശരിയെന്ന് മനസിലാക്കി അല്ലാഹുവിന്റെ നിയമങ്ങളെ ചേദ്യം ചെയ്തവരായി പലരും. മാത്രമല്ല അല്ലാഹുവിനെയും പ്രവാചകരെയും കുറിച്ച് അവരുടെ യുക്തിക്കനുസരിച്ച് പല തോന്നിവാസങ്ങളും പ്രചരിപ്പിച്ചു. ഇസ്‌ലാമിലെ അവാന്തര വിഭാഗമായ മുഅ്തസിലത്ത് ഏറെകുറേ ഇതേ കാഴ്ചപ്പാടിനെ പിന്തുടര്‍ന്നവരായിരുന്നു. പ്രവാചകര്‍ വന്നില്ലെങ്കിലും ദൈവിക നിയമങ്ങള്‍ ഗ്രഹിക്കാന്‍ ബുദ്ധിക്കാകുമെന്ന വികല വീക്ഷണം ഇതില്‍ നിന്നും ഉത്ഭവിച്ചതാണ്.

അബൂ നസ്‌റ് മുഹമ്മദ് എന്ന ഫാറാബി(ഹിജ്‌റ 260-339. എ.ഡി 874-950) മുസ്‌ലിം നാമധാരികളിലെ പ്രമുഖ ഗ്രീക്ക് തത്വജ്ഞാനിയായിരുന്നു. ഠഒഋ ടഋഇഛചഉ ഘഡഇഠഡഞഋഞ എന്ന പേരില്‍ പ്രസിദ്ധനായ ഫാറാബി പ്ലേറ്റോയുടെയും അരിസ്റ്റോട്ടിലിന്റെയും വഴി പിന്തുടരുകയും ന്യായശാസ്ത്രത്തിന് പ്രത്യേകം പരിഗണന നല്‍കുകയും ചെയ്തിരുന്നു. പ്രവാചക വിജ്ഞാനങ്ങള്‍ ഊഹങ്ങളും സങ്കല്‍പ്പങ്ങളുമാണെന്നും ഫൈലസേഫിന്റേത് യഥാര്‍ഥ വിജ്ഞാനമാണെന്നും അദ്ദേഹം ജല്‍പിച്ചു. വാജിബുല്‍ വുജൂദ് പോലെ മുംകിനുല്‍ വുജൂദ് അനാദിയാണെന്ന് വാദിച്ചു. ധാരാളം ഗ്രന്ഥങ്ങള്‍ രചിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ കൃതികളില്‍ 40 എണ്ണം ഇന്ന് നിലവിലുണ്ട്.

എ.ഡി 980 ഹിജ്‌റ 370ല്‍ ബുഖാറയിലെ അഫ്‌ഷോനയില്‍ സമ്പന്ന പ്രാദേശിക ഭരണാധികാരിയും ശിയാ വിശ്വാസിയുമായ അബ്ദുല്ലയുടെ മകനായി അബൂഅലി ഹുസൈന്‍ എന്ന ഇബ്‌നു സീന ജനിച്ചു. പത്താം വയസില്‍ ഖുര്‍ആന്‍ മന:പാഠമാക്കുകയും 16-ാം വയസ്സില്‍ വൈദ്യശാസ്ത്രജ്ഞനുമായി. ഫിഖ്ഹ്, തസ്വവ്വുഫ്, തര്‍ക്ക ശാസ്ത്രം, ഗണിതം, ദൈവിക ജ്ഞാനം മുതലായ ഒട്ടുമിക്ക ശാസ്ത്രങ്ങളിലും വ്യുല്‍പത്തി നേടിയത് വളരെ ചെറിയ പ്രായത്തിലായിരുന്നു. കുശാഗ്ര ബുദ്ധിയുടെ ഉടമയായ ഇബ്‌നുസീനയെ ഗുരുനാഥന്‍മാര്‍ക്ക് കൂടുതല്‍ പഠിപ്പിക്കാന്‍ കഴിയാതെ വരുമ്പോള്‍ സ്വന്തമായി ഗ്രന്ഥങ്ങള്‍ പാരായണം നടത്തിയും ഗവേഷണം ചെയ്തുമാണ് അറിവ് നേടിയത്. വിദൂര ദിക്കുകളില്‍ നിന്ന് പ്രഗത്ഭ ഗരുക്കളെ വരുത്താനും ഗ്രന്ഥങ്ങള്‍ ശേഖരിക്കാനും സമ്പത്ത് സഹായകമായിരുന്നു. അതുകൊണ്ട് തന്നെ തനിക്ക് ഗുരുക്കളില്ലെന്നും ഞാന്‍ സ്വയം നേടിയെടുത്തതാണ് തന്റെ അറിവുകളെന്നും പലപ്പോഴും പറഞ്ഞ് അഹങ്കരിച്ചിരുന്നു. രാത്രിയും പകലും പഠനമല്ലാത്ത ഒരു കാര്യത്തിലും ശ്രദ്ധ ചെലുത്തിയിരുന്നില്ല. ഫാറാബിയുടെ വഴി സ്വീകരിച്ച് പ്രവാചകരെ അവിശ്വസിച്ചു. ബുദ്ധിമാന്‍മാര്‍ക്ക് എന്തിനാണ് പ്രവാചകര്‍ എന്നായിരുന്നു ന്യായം. മദ്യത്തിനടിമയായിരുന്നു. ദൈവ വിശ്വാസവുമായി ബന്ധപ്പെട്ട മൂന്ന് കാര്യത്തില്‍ കുഫ്‌റിലേക്ക് എത്തിപ്പെട്ടു. 1. പുനര്‍ജന്മം ആത്മാവിന്ന് മാത്രമാണ്, ദേഹത്തിനില്ല. 2. അല്ലാഹുവിന്ന് പൊതുവായ വിജ്ഞാനമാണുള്ളത്, വിശദമായ അറിവില്ല 3. ലോകം അനാദിയാണ്, പുതിയതല്ല. 17 ഓളം വിഷയത്തില്‍ ബിദ്അത്ത് സംഭവിച്ചിട്ടുണ്ടെന്നും പണ്ഡിതര്‍ പറയുന്നുണ്ട്. 450 ഗ്രന്ഥങ്ങള്‍ രചിച്ചതില്‍ 240 ഓളം ഇന്ന് നിലവിലുണ്ടെന്നാണ് നിഗമനം. ബിന്‍സീനാ മശ്ശാഇ ഫല്‍സഫയുടെ വക്താവായിരുന്നു. ഇശ്‌റാഖിയ സരണിയിലും പുസ്തകം രചിക്കുകയും അതാണ് യഥാര്‍ത്ഥ വിക്ജ്ഞാനമെന്ന് പറയുകയും ചെയ്തിരുന്നു.

ഇശ്‌റാഖി ഫല്‍സഫയെ ഇസ്‌ലാമിനോട് അടുപ്പിക്കാന്‍ വേണ്ടി ഖുര്‍ആന്‍, ഹദീസ് ഉദ്ധരിച്ച് സമര്‍ഥിക്കാന്‍ ശ്രമിച്ച പ്രമുഖ വ്യക്തിയാണ് ശിഹാബുദ്ദീന്‍ സുഹ്‌റവര്‍ദി. ഫഖ്‌റുദ്ധീനുല്‍ റാസിയും സുഹൃറവര്‍ദിയും സഹപാഠികളായിരുന്നു. പഠിക്കുന്ന കാലത്ത് രണ്ടാളും വാദപ്രതിവാദങ്ങള്‍ നടത്തലും പതിവാണ്. പിന്നീട് നാട് ചുറ്റലും തത്വജ്ഞാനികളുമായി ആശയവിനിമയ സംവാദം നടത്തലുമായി മുന്നോട്ടുപോയി. ചെല്ലുന്നിടത്തെല്ലാം പെട്ടെന്ന് ജനങ്ങളെ തന്നിലേക്ക് ആകര്‍ഷിക്കുകയും സംവാദങ്ങളില്‍ എതിരാളികളെ പരാജയപ്പെടുത്തുകയും എന്ത് വാദിച്ചാലും അതില്‍ വിജയിക്കാനുള്ള പ്രത്യേക കഴിവും ഒത്തിണങ്ങിയിരുന്നു.

മനസിനെ സ്ഫുടം ചെയ്ത് ശരീരത്തെ പരിശീലിപ്പിച്ച് ധ്യാനത്തില്‍ മുഴുകി അന്നപാനീയങ്ങള്‍ ദിവസങ്ങളോളം ത്യജിച്ച് വെളിപാട് പ്രത്യക്ഷമായി ലഭിക്കുന്ന അറിവുകളായിരുന്നു സുഹ്‌റവര്‍ദിയുടേത്. പ്രശസ്തരായ ഗാസുദയ്മൂന്‍, ഹുര്‍മുസ്, പൈതഗോറസ്, സോക്രട്ടീസ്, പ്ലേറ്റോ, അരിസ്‌റ്റോട്ടില്‍ ഇവരാണ് എന്റെ ഗുരുക്കളെന്നും തനിക്ക് അറിവു പകര്‍ന്നു നല്‍കിയ ഉസ്താദുമാരെ തള്ളുകയും അവരൊന്നും ഒന്നുമല്ല എന്ന് പരിഹസിക്കുകയുമായിരുന്നു.

മുഹമ്മദ് നബിയുടെ ശേഷം പ്രവാചകര്‍ വരാനുള്ള സാധ്യതയെ കുറിച്ചായിരുന്നു അവസാന സംവാദം. അതോടെ സുഹ്‌റവര്‍ദി കാഫിറായി എന്ന് പണ്ഡിതര്‍ വിധി പറയുകയും രാജാവിന്റെ പിതാവായ മഹാനായ സുല്‍താന്‍ സ്വലാഹുദ്ധീനുല്‍ അയ്യൂബിയെ വിവരം അറിയിച്ചപ്പോള്‍ അദ്ദേഹം സുഹ്‌റവര്‍ദിയെ വധിക്കാന്‍ ഉത്തരവിടുകയും ചെയ്തു. മലക്കുകളെയും നക്ഷത്രങ്ങളെയും ആരാധിക്കുന്ന റോമക്കാരുടെയും തീയാരധകരായ മജൂസികളുടെയും മത സമന്വയത്തില്‍ അതിഷ്ഠിതമായ ഫല്‍സഫയാണ്് ഇശ്‌റാഖിയ്യ ഫല്‍സഫ എന്ന പേരില്‍ സുഹ്‌റവര്‍ദി പ്രചരിപ്പിച്ചത്. ചിലപ്പോള്‍ സൂഫിസമെന്നും പറഞ്ഞിരുന്നു. ഹയാകിലുന്നൂര്‍, മൂനിസുല്‍ ഹുശ്ശാഖ്, ഇഅതികാദുല്‍ ഹുകമാഅ്, ഹിക്മത്തുല്‍ ഇശ്‌റാക്, അല്‍മുനാജിയാത്ത്, അല്‍ബാരിഖാത്തുല്‍ ഇലാഹിയ്യ, രിസാലത്തുനംല്‍ മുതലായ അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങള്‍ ഇശ്‌റാഖിയ്യ ഫല്‍സഫയെ നിലനിര്‍ത്തി.

ഇമാം ഗസ്സാലി അഞ്ചാം നൂറ്റാണ്ടിന്റെ തുടക്കത്തിലും ഇമാം റാസി ആറാം നൂറ്റാണ്ടിന്റെ തുടക്കത്തിലും ഫല്‍സഫയെ അപഗ്രഥനം നടത്തി. ഫല്‍സഫയിലെ നെല്ലുംപതിരും വേര്‍തിരിച്ച് ന്യായശാസ്ത്രവും തര്‍ക്ക ശാസ്ത്രവും സമര്‍ഥമായി പഠിച്ച്, ഇസ്‌ലാമിന്ന് എതിരായ ആശയങ്ങളെ ഫല്‍സഫ ശൈലിയില്‍ വിമര്‍ശിച്ച് എതിര്‍ത്ത് മുസ്‌ലിംകളുടെ ഇടയില്‍ ഉല്‍ബോധനം നടത്തുകയും ദീനുമായി എതിരില്ലാത്ത ജനോപകാരികളായവയെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ഇമാം ഗസ്സാലവിയുടെ തഹാഫുതുല്‍ ഫലാസിഫ (ഫല്‍സഫയിലെ പൊട്ടത്തരങ്ങള്‍) എന്ന പ്രശസ്ത കൃതി പുറത്തിറങ്ങിയതോടെ മുസ്‌ലിം മനസില്‍ നിന്ന് ഫല്‍സഫയുടെ സ്ഥാനം എടുത്തുകളയപ്പെട്ടു. ്അതോടെ ഫല്‍സഫ മുരടിച്ചു. ഫല്‍സഫയിലെ വികല വിശ്വാസ കാര്യങ്ങളെ വെള്ളപൂശാന്‍ ഇബ്‌നു റുഷ്ദ് ഹിജ്‌റ 575ല്‍ തഹാഫുതുത്തഹാഫുത് (പൊട്ടത്തരത്തിലെ വിണ്ഡിത്തം) എന്ന പേരില്‍ ഒരു പുസ്തകം ഇമാം ഗസ്സാലിക്കെതിരായി എഴുതിയെങ്കിലും അതൊന്നും ഉദ്ദേശിച്ച ഫലം കണ്ടില്ല.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News