2019 May 26 Sunday
നമ്മുടെ ഭാവിയുടെ സ്രഷ്ടാക്കള്‍ മറ്റാരുമല്ല; നമ്മള്‍ തന്നെയാണ്! -മഹാവീരന്‍

ഗ്രാന്‍ഡ് ഫിനാലെ

സാന്റ ക്ലാര: കോപ്പാ അമേരിക്കന്‍ ടൂര്‍ണമെന്റില്‍ നാളെ കലാശപ്പോരാട്ടം. ഫുട്‌ബോളിലെ ലോക രാജാക്കന്‍മാരായ അര്‍ജന്റീനയും വേഗ ഫുട്‌ബോളുകൊണ്ട് ഫുട്‌ബോള്‍ ഭുപടത്തില്‍ പുതുചരിതം രചിച്ച ചിലിയും തമ്മിലാണ് കോപ്പാ അമേരിക്കയുടെ ശതാബ്ദി ടൂര്‍ണമെന്റില്‍ ഫൈനല്‍ പോരാട്ടം. ഇരു ടീമുകളും ആത്മവിശ്വാസത്തിലായതിനാല്‍ പ്രവചിക്കാനാവാത്ത മത്സരമായിരിക്കും നാളെ അമേരിക്കയില്‍ നടക്കുക.കിരീടവരള്‍ച്ചയ്ക്ക് അറുതി വരുത്താനുദ്ദേശിച്ചാണ് അര്‍ജന്റീന കളത്തിലിറങ്ങുന്നത്. മെസ്സിയുടെ ഫോമാണ് അവര്‍ക്ക് ആത്മവിശ്വാസം നല്‍കുന്നത്. എന്നാല്‍ അവസാന കോപ്പ ഫൈനലില്‍ ചിലിയോടേറ്റ പരാജയത്തിന്റെ വേദന മറക്കുന്നതിന് മുന്‍പേയുള്ള ടൂര്‍ണമെന്റായതിനാല്‍ അര്‍ജന്റീന ജീവന്‍ മരണ പോരാട്ടം നടത്തിയേക്കും. 

റാങ്കിങ് ബലത്തില്‍ അര്‍ജന്റീന
ഫിഫ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന ടീം. 14 തവണ കോപ്പാ അമേരിക്കന്‍ ടൂര്‍ണമെന്റില്‍ ജേതാക്കളായ ടീം. രണ്ടു തവണ ലോകകപ്പിലും മുത്തമിട്ടു. നിലവില്‍ ശക്തമായ നിര. കോപ്പാ അമേരിക്കല്‍ ടൂര്‍ണമെന്റില്‍ 18 തവണയാണ് അര്‍ജന്റീനന്‍ താരങ്ങള്‍ എതിര്‍ ടീമിന്റെ പോസ്റ്റിലേക്ക് നിറയൊഴിച്ചത്. എന്നാല്‍ രണ്ടു തവണ മാത്രമാണ് അര്‍ജന്റീനന്‍ പ്രതിരോധ നിരയെ തകര്‍ത്ത് ഗോള്‍ നേടാന്‍ എതിര്‍ ടീമിനായത്. പ്രാഥമിക ഘട്ടത്തില്‍ ചിലിക്കെതിരേയുള്ള മത്സരത്തിലായിരുന്നു അര്‍ജന്റീന വഴങ്ങിയ ആദ്യ ഗോള്‍. ഗ്രൂപ്പ് ഘട്ടത്തില്‍ ഇരുവരും മത്സരിച്ചപ്പോള്‍ ജയം അര്‍ജന്റീനക്കൊപ്പം നിന്നു.
മുന്നേറ്റ നിര
ലോകത്തെ തന്നെ ഏറ്റവും മികച്ച മുന്നേറ്റ നിരയാണ് അര്‍ജന്റീനയുടെ കരുത്ത്. ലോകോത്തര താരം ലയണല്‍ മെസ്സിയാണ് ടീമിന്റെ കരുത്ത്. ടൂര്‍ണമെന്റില്‍ ഇതുവരെ അഞ്ചു ഗോളുകള്‍ മെസ്സിയുടെ കാലില്‍ നിന്ന് പിറന്നിട്ടുണ്ട്. ഫൈനലിലും താരത്തില്‍ നിന്ന് അദ്ഭുതം പ്രതീക്ഷിക്കാം. ഇറ്റാലിയന്‍ ലീഗില്‍ നാപോളിക്ക് വേണ്ടി 146 മല്‍സരത്തില്‍ 91 ഗോള്‍ നേടി ടോപ് സ്‌കോററായെത്തുന്ന ഹിഗ്വയ്ന്‍, മാഞ്ചസ്റ്റര്‍ സിറ്റിയുടെ കുന്തമുന സെര്‍ജിയോ അഗ്യെറോ, ബെന്‍ഫിക്കന്‍ താരം നിക്കോളാസ് ഗെയ്റ്റന്‍, പി. എസ്. ജി താരം എയ്ഞ്ചല്‍ ഡി മരിയ എന്നിവരടങ്ങുന്ന മുന്നേറ്റനിര അതിശക്തമാണ്. അര്‍ജന്റീനയുടെ കരുത്തായിട്ട് ഫുട്‌ബോള്‍ ലോകം വിലയിരുത്തുന്നതും മുന്നേറ്റനിരയെയാണ്. കോപ്പയിലെ അഞ്ച് മത്സരങ്ങളില്‍ മാത്രം 14 ഗോള്‍ നേടാനായത് ടീമിന്റെ മുന്നേറ്റ നിരയുടെ ശക്തിയാണ്
മധ്യനിര
അര്‍ജന്റീനയുടെ ശക്തിയെ കുറിച്ച് പറഞ്ഞാല്‍ മധ്യനിരയെയും എടുത്ത് പറയേണ്ടതാണ്. മുന്നേറ്റനിരയ്ക്ക് കൃത്യമായി പന്തെത്തിക്കാന്‍ ഇവര്‍ കഠിനാധ്വാനം ചെയ്യുന്നുണ്ട്. എവര്‍ ബനേഗ, ലൂകാസ് ബിഗ്ലിയ, മസ്‌കരാനോ, ലമേല, പസ്റ്റോറെ എന്നിവര്‍ അണിനിരക്കുന്ന സെന്‍ട്രല്‍ ഫോര്‍വേഡുകള്‍ പന്തെത്തിക്കുന്ന ജോലി കൃത്യമായി നിര്‍വഹിക്കുന്നുണ്ട്.
പ്രതിരോധം
അര്‍ജന്റീന പ്രതിരോധം കരുത്തുറ്റതാണ്. അതിലുപരി ടീമിന്റെ ഗോള്‍ കീപ്പറും. എതിരാളികള്‍ പന്ത് വലയിലെത്തിക്കാന്‍ അല്‍പം ബുദ്ധിമുട്ടേണ്ടി വരും. ഗോള്‍ കീപ്പര്‍ സെര്‍ജിയോ റൊമേറോ മികച്ച ഫോമിലാണ്. ക്വാര്‍ട്ടര്‍ മത്സരത്തില്‍ വെനസ്വലക്ക് ലഭിച്ച പെനാല്‍റ്റി അനായാസമാണ് റൊമേറെ കയ്യിലൊതുക്കിയത്. പിന്നീടും ഗോളെന്നുറച്ച പല അവസരങ്ങളും റൊമേറോ നിഷ്ഫലമാക്കി. മാര്‍ക്കോസ് റോജോ, റോണ്‍കാഗ്ലിയ, നിക്കോളാസ് ഒടാമെന്‍ഡി, റാമിറോ ഫ്യുണസ് മോറി എന്നിങ്ങനെ നീളുന്ന പ്രതിരോധ നിര. എതിരാളി ആരായിരുന്നാലും എന്തും ചെയ്യാല്‍ കെല്‍പുള്ള ഒരു സംഘം അര്‍ജന്റീനക്കായി കളത്തിലിറങ്ങുമ്പോള്‍ വിജയത്തില്‍ കുറഞ്ഞതൊന്നും അവര്‍ പ്രതീക്ഷിക്കുന്നില്ല
വേഗഫുട്‌ബോളുമായി ചിലി
ഏത് പ്രതിബന്ധങ്ങളില്‍ നിന്നും ടീമിനെ കരകയറ്റാനുള്ള മാനസിക കരുത്ത് ചിലിയെ മറ്റുള്ള ടീമുകളില്‍ നിന്നും വേറിട്ട് നിര്‍ത്തുന്നു. ശക്തമായ മുന്നേറ്റനിരയാണ് ഇക്കാര്യത്തില്‍ ചിലിയെ സഹായിക്കുന്നത്. പനാമക്കെതിരേയുള്ള മത്സരത്തില്‍ ഒരു ഗോളിന് പിന്നിട്ട് നിന്നിട്ടും ജയം ചിലിക്കൊപ്പം നിന്നു. അവസാന മത്സരത്തില്‍ നാലു ഗോളടിച്ചു ടോപ് സ്‌കോററായ വര്‍ഗാസ്, ആഴ്‌സണലിന്റെ തുറുപ്പ്ചീട്ട് അലക്‌സിസ് സാഞ്ചസ് എന്നിവര്‍ എതിര്‍ ഗോള്‍ മുഖത്ത് നിരന്തരം അക്രമം അഴിച്ചു വിടുമ്പോള്‍ അര്‍ജന്റീനക്ക് വിയര്‍പ്പൊഴുക്കേണ്ടി വരും.
മുന്നേറ്റ നിര
സാഞ്ചസ് ചുക്കാന്‍ പിടിക്കുന്ന മുന്നേറ്റ നിര 90 മിനിറ്റിലെ ഏത് നിമിഷവും ഗോള്‍ സ്‌കോര്‍ ചെയ്യാന്‍ തയ്യാറായിട്ടാണുള്ളത്. മത്സരത്തില്‍ പിന്നിലാണെങ്കിലും കളിയിലേക്ക് തിരിച്ചുവരാനുള്ള ചിലിയുടെ കരുത്തിന്റെ കാതല്‍ സാഞ്ചസ് തന്നയാണ്. നിലവിലെ ടോപ് സ്‌കോററായ വര്‍ഗാസും ചിലിയെ രണ്ടാം തവണയും കോപ്പാ ചാംപ്യന്‍മാരാക്കാനൊരുങ്ങിയാണെത്തുന്നത്. കഴിഞ്ഞ വര്‍ഷത്തെ ഫൈനലില്‍ അര്‍ജന്റീനയെ പരാജയപ്പെടുത്തിയത് ചിലിയുടെ ആത്മവിശ്വാസം വാനോളം വര്‍ധിപ്പിക്കുന്നുണ്ട്.
പ്രതിരോധം
അര്‍ജന്റീനന്‍ പ്രതിരോധത്തെ പൂട്ടാന്‍ പാകത്തിലുള്ള പ്രതിരോധ നിര ചിലിക്കില്ലെങ്കിലും മെസ്സിയെ പൂട്ടാനായിരിക്കും ചിലി ശ്രദ്ധിക്കുക. ഇസ്‌ല, ജോകോ, ജാറ എന്നിവര്‍ അണിനിരക്കുന്ന പ്രതിരോധ നിര മെസ്സിയെ പൂട്ടുന്നതില്‍ വിജയിച്ചാല്‍ വിജയം ചിലിക്കൊപ്പം നില്‍ക്കുമെന്നതില്‍ സംശയമില്ല.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.