2019 October 18 Friday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

ഗോളില്‍ ‘ആറാ’ടി ബാഴ്‌സ

  • സ്‌പോര്‍ടിങിനെ എതിരില്ലാത്ത ആറു ഗോളിന് തകര്‍ത്തു
  • സുവാരസ് നാലു ഗോളോടെ ടോപ് സ്‌കോറര്‍
 

മാഡ്രിഡ്: സ്പാനിഷ് ലാ ലിഗയില്‍ സൂപ്പര്‍ പോരാട്ടത്തില്‍ വമ്പന്‍മാരായ ബാഴ്‌സയ്ക്ക് തകര്‍പ്പന്‍ ജയം. എതിരില്ലാത്ത ആറു ഗോളിന് അവര്‍ സ്‌പോര്‍ടിങ് ഗിജോണിനെ തകര്‍ത്തു. മറ്റൊരു മത്സരത്തില്‍ അത്‌ലറ്റിക്കോ മാഡ്രിഡ് എതിരില്ലാത്ത ഒരു ഗോളിന് മലാഗയെ പരാജയപ്പെടുത്തി.

കഴിഞ്ഞ കളിയിലെ ജയത്തോടെ ഫോമിലേക്ക് തിരിച്ചെത്തിയ ബാഴ്‌സയ്ക്ക് ഇത്തവണയും സുവാരസിന്റെ പ്രകടനമാണ് വമ്പന്‍ ജയത്തിലേക്ക് നയിച്ചത്. ഹാട്രിക്കടക്കം നാലുഗോളുകളാണ് താരം അടിച്ചു കൂട്ടിയത്. ലയണല്‍ മെസ്സി, നെയ്മര്‍ എന്നിവര്‍ ശേഷിച്ച ഗോള്‍ സ്വന്തമാക്കി. ജയത്തോടെ 35 കളിയില്‍ നിന്ന് 82 പോയിന്റോടെ ഒന്നാം സ്ഥാനത്ത് തുടരുകയാണ് ബാഴ്‌സലോണ. നേരത്തെ ഡീപോര്‍ട്ടീവോ ലാ കൊരുണയ്‌ക്കെതിരേ എട്ടുഗോളിന്റെ ജയം ബാഴ്‌സ സ്വന്തമാക്കിയിരുന്നു. ബാഴ്‌സയുടെ മുന്നേറ്റത്തോടെയാണ് കളി ആരംഭിച്ചത്. കളിയുടെ 12ാം മിനുട്ടില്‍ ടീം ആദ്യ ഗോള്‍ നേടി. മെസ്സിയായിരുന്നു സ്‌കോറര്‍. സ്‌പോര്‍ടിങിന്റെ ദുര്‍ബലപ്രതിരോധത്തിലെ ആശയക്കുഴപ്പം മുതലെടുത്ത ആന്ദ്രേ ഇനിയേസ്റ്റയുടെ തകര്‍പ്പന്‍ ചിപ്പ് ഷോട്ട് ഗോളി തട്ടിയകറ്റി. എന്നാല്‍ റീബൗണ്ടില്‍ പന്ത് ലഭിച്ച മെസ്സി മികച്ചൊരു ഹെഡ്ഡറിലൂടെ പന്ത് വലയിലെത്തിച്ചു. പക്ഷേ ഗോള്‍ നേട്ടം ആഘോഷിക്കുന്നതിന് മുന്‍പേ സ്‌പോര്‍ട്ടിങ് ബാഴ്‌സയെ ഞെട്ടിച്ചു.
ദുര്‍ബലമായ ബാഴ്‌സ പ്രതിരോധത്തെ ഞെട്ടിച്ച് കൊണ്ട് പാബ്ലോ പെരസ് തൊടുത്ത ഷോട്ട് ഗോളി ബ്രാവോ തടയുകയായിരുന്നു. തൊട്ടുപിന്നാലെ തന്നെ അലന്‍ ഹെയ്‌ലോവിച്ചിന്റെ ഷോട്ട് വലയില്‍ കയറുമെന്ന് ഉറപ്പിച്ചിരിക്കെ ജെറാര്‍ഡ് പിക്വെ തടഞ്ഞു. എന്നാല്‍ പന്ത് ബ്ലോക്ക് ചെയ്യവേ താരത്തിന്റെ കാല്‍ ഗോള്‍ ലൈന്‍ കടന്നിരുന്നു. ഇത് വിവാദത്തിന് ഇടയാക്കിയിട്ടുണ്ട്.
രണ്ടാം പകുതിയില്‍ ബാഴ്‌സ ആക്രമണം കൂടുതല്‍ കടുപ്പിച്ചു. തുടര്‍ച്ചയായി ബാഴ്‌സ ചെലുത്തിയ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് മത്സരത്തിലെ രണ്ടാം ഗോള്‍ പിറന്നത്. 63ാം മിനുട്ടില്‍ ഇനിയേസ്റ്റയുടെ പാസില്‍ നിന്ന് സുവാരസ് തന്റെ ആദ്യ ഗോള്‍ സ്വന്തമാക്കി. 74ാം മിനുട്ടില്‍ റോബര്‍ട്ടോ കാനെല്ലയുടെ അശ്രദ്ധയെ തുടര്‍ന്ന് ബാഴ്‌സയ്ക്ക് അനുകൂലമായി പെനാല്‍ട്ടി ലഭിച്ചു. പന്ത് കൈകൊണ്ട് തൊട്ടതിനായിരുന്നു പെനാല്‍ട്ടി. കിക്കെടുത്ത സുവാരസ് തകര്‍പ്പന്‍ ഷോട്ടിലൂടെ വലകുലുക്കി. മൂന്നു മിനുട്ടുകള്‍ക്ക് ശേഷം നെയ്മറെ അന്റോണിയോ സനാബ്രിയ ബോക്‌സില്‍ വീഴ്ത്തിയതിന് വീണ്ടും ബാഴ്‌സയ്ക്ക് അനുകൂലമായി പെനാല്‍ട്ടി, ഇത്തവണയും കിക്കെടുത്ത സുവാരസിന് പിഴച്ചില്ല.
അധികം വൈകാതെ ബാഴ്‌സയ്ക്ക് വീണ്ടും പെനാല്‍ട്ടി ലഭിച്ചു. ഇത്തവണ നെയ്മറെ റാഞ്ചസ് വീഴ്ത്തിയതിനായിരുന്നു പെനാല്‍ട്ടി. കിക്കെടുത്ത നെയ്മര്‍ പന്ത് വലയിലെത്തിക്കുകയും ചെയ്തു. നെയ്മറെ വീഴ്ത്തിയതിന് റാഞ്ചസിന് റഫറി രണ്ടാം മഞ്ഞക്കാര്‍ഡ് നല്‍കുകയും ചെയ്തു.
ഇതോടെ അവസാന നിമിഷം പത്തുപേരായി സ്‌പോര്‍ടിങ് ചുരുങ്ങിയിരുന്നു. ഈ അവസരം മുതലെടുത്ത് 88ാം മിനുട്ടിലാണ് സുവാരസ് തന്റെ നാലാം ഗോള്‍ നേടിയത്.
മലാഗയ്‌ക്കെതിരായ മത്സരത്തില്‍ എയ്ഞ്ചല്‍ കൊറയയുടെ ഗോളിന്റെ മികവിലാണ് അത്‌ലറ്റിക്കോ മാഡ്രിഡ് ജയം സ്വന്തമാക്കിയത്. ജയത്തോടെ 35 കളിയില്‍ നിന്ന് ടീമിന് 82 പോയിന്റായി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News