2020 May 26 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ഗോഡ്‌സെയെ തുരത്തൂ… ഗാന്ധിയെ വിളിക്കൂ…

എ. പി. അബ്ദുല്ലക്കുട്ടി 94966 66666

 

17ാം ലോക്‌സഭയിലേയ്ക്കുള്ള തെരഞ്ഞെടുപ്പു നടക്കുന്ന 2019 ന് ഒരു ചരിത്രപ്രാധാന്യമുണ്ട്. മഹാത്മാഗാന്ധിയുടെ 150ാം ജന്മവാര്‍ഷികമാണ് ഈ വര്‍ഷം.
കഴിഞ്ഞ അഞ്ചുവര്‍ഷത്തെ നരേന്ദ്രമോദി ഭരണത്തിന്റെ മുഖമുദ്ര ഗാന്ധിനിന്ദയും ഗോഡ്‌സെ വന്ദനവുമായിരുന്നല്ലോ. അതുകൊണ്ട്, ‘ഗോഡ്‌സെയെ തുരത്തൂ, ഗാന്ധിയെ വിളിക്കൂ’ എന്ന ചുമരെഴുത്താണ് ഈ തെരഞ്ഞെടുപ്പിന് എന്തുകൊണ്ടും യോജിക്കുന്നത്.

ജാതി, മതം, ഭാഷ, സംസ്‌കാരം എന്നിവയിലെ വൈവിധ്യത്തേക്കാള്‍ വിപുലവും വിചിത്രവുമാണ് ഇന്ത്യയിലെ രാഷ്ട്രീയപ്പാര്‍ട്ടികളുടെയും ചരിത്രം. ഇന്ത്യയില്‍ ഏകദേശം 2075 രാഷ്ട്രീയപ്പാര്‍ട്ടികളുണ്ട്. അതില്‍ ഏഴെണ്ണത്തിനു മാത്രമേ ദേശീയപാര്‍ട്ടി എന്ന നിലയിലുള്ള അംഗീകാരമുള്ളൂ. കോണ്‍ഗ്രസ്, ബി.ജെ.പി, ബി.എസ്.പി, സി.പി.ഐ, സി.പി.എം, എന്‍.സി.പി, തൃണമൂല്‍ കോണ്‍ഗ്രസ് എന്നിവയാണ് തെരഞ്ഞെടുപ്പു കമ്മിഷന്‍ അംഗീകരിച്ച ദേശീയപാര്‍ട്ടികള്‍.

(രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും ഓഫിസും നേതാക്കളും പ്രവര്‍ത്തകരും ഉള്ളതുകൊണ്ട് ഒരു പാര്‍ട്ടിയും ദേശീയപാര്‍ട്ടിയാകില്ല. അതിനു നിശ്ചിത മാനദണ്ഡങ്ങളുണ്ട്. (1) പൊതുതെരഞ്ഞെടുപ്പില്‍ ചുരുങ്ങിയത് നാലു സംസ്ഥാനങ്ങളിലെങ്കിലും ആകെ പോള്‍ ചെയ്ത വോട്ടിന്റെ ആറു ശതമാനം വോട്ടും നാലു ജനപ്രതിനിധികളും. (2) ലോക്‌സഭയിലെ രണ്ടു ശതമാനം അംഗസംഖ്യ. (ഈ അംഗങ്ങള്‍ മൂന്നു സംസ്ഥാനങ്ങളില്‍ നിന്നെങ്കിലും തെരഞ്ഞെടുക്കപ്പെട്ടവരാകണം.) (3) നാലു സംസ്ഥാനങ്ങളിലെങ്കിലും സംസ്ഥാന പാര്‍ട്ടിയായി അംഗീകരിക്കപ്പെടല്‍. ഇതില്‍ ഏതെങ്കിലും ഒരു മാനദണ്ഡം പാലിക്കപ്പെട്ടാല്‍ മാത്രമേ ദേശീയപാര്‍ട്ടിയായി അംഗീകാരം ലഭിക്കൂ.)
ദേശീയപാര്‍ട്ടികളായി ഏഴെണ്ണം മാത്രമേയുള്ളൂവെങ്കില്‍ ബാക്കിയെല്ലാം സംസ്ഥാന പാര്‍ട്ടികളാണ് എന്നു കരുതേണ്ട. അതിനുമുണ്ട് നിശ്ചിത മാനദണ്ഡങ്ങള്‍. ആ മാനദണ്ഡത്തില്‍പ്പെടുന്ന 24 പാര്‍ട്ടികള്‍ മാത്രമാണുള്ളത്. ആകെയുള്ള 2075 പാര്‍ട്ടികളില്‍ 2044 എണ്ണത്തിനും ദേശീയാംഗീകാരമോ സംസ്ഥാനാംഗീകാരമോ ഇല്ല.
അത് അംഗീകാരത്തിന്റെ കാര്യം. കാഴ്ചപ്പാടിന്റെ കാര്യമോ. ഇന്ത്യയിലെ ഒട്ടുമിക്ക പാര്‍ട്ടികള്‍ക്കും ശരിയായ ദേശീയവീക്ഷണമോ സാര്‍വദേശീയ കാഴ്ചപ്പാടോ ഇല്ല. മിക്കതിനും മതേതരമൂല്യബോധമില്ല. ശാസ്ത്രീയമായ വികസനവീക്ഷണമില്ല. ആകെയുള്ള തത്വവും ദര്‍ശനവും മുദ്രാവാക്യവും സംഘടിച്ചു സമ്പത്തുണ്ടാക്കുകയെന്നതു മാത്രം! ഇതില്‍ മിക്കതും കടലാസ് സംഘടനകളാണെന്നതു മറ്റൊരു യാഥാര്‍ഥ്യം.

ഇത്തരം പാര്‍ട്ടികളുടെ ബാഹുല്യവും അവയുടെ നേതൃത്വത്തിലുണ്ടാകുന്ന അതിക്രമങ്ങളും എങ്ങനെ നിയന്ത്രിക്കാനും ഇല്ലായ്മ ചെയ്യാനും കഴിയും. അത് ഒറ്റവാക്കില്‍ ഉത്തരം പറയാവുന്നതല്ല, ശരിക്കും ഗവേഷണസാധ്യതയുള്ള വിഷയമാണ്.
പൊതുവെ, വികസനം പറഞ്ഞാണല്ലോ രാഷ്ട്രീയപ്പാര്‍ട്ടികള്‍ വോട്ടുപിടിക്കുക. അതുവച്ചു ഒരു വിലയിരുത്തല്‍ നടത്തിനോക്കാം.
നരേന്ദ്ര മോദിയും പിണറായി വിജയനും ഇവിടെ നടപ്പാക്കിയ വികസന പദ്ധതികള്‍ എന്തൊക്കെയാണ്.
കേന്ദ്രത്തിലെ എടുത്തുപറയാവുന്ന വികസന പദ്ധതികള്‍ രണ്ടെണ്ണമാണ്. ഡല്‍ഹിയില്‍ ബി.ജെ.പി ഓഫിസ് നിര്‍മിച്ചുവെന്നതാണ് അതിലൊന്ന്. ലോകത്തിലെ ഏറ്റവും വലിയ പാര്‍ട്ടി ഓഫിസാണത്. ഏഴുനില കെട്ടിടമാണ്, 1,70,000 ചതുരശ്ര അടി വിസ്തൃതി, നിര്‍മാണച്ചെലവ് 4000 കോടി രൂപ.
ആറു പതിറ്റാണ്ട് ഇന്ത്യ ഭരിച്ച കോണ്‍ഗ്രസിന് ഡല്‍ഹിയില്‍ സ്വന്തം ഓഫിസില്ല. ഒരു എം.പി ബംഗ്ലാവിലാണ് എ.ഐ.സി.സി ആസ്ഥാനം പ്രവര്‍ത്തിക്കുന്നത്.
മോദി സര്‍ക്കാരിന്റെ രണ്ടാമത്തെ വികസന നേട്ടം സര്‍ദാര്‍ വല്ലഭ് ഭായ് പട്ടേല്‍ പ്രതിമയാണ്. 3000 കോടി രൂപയാണ് ഇതിനു ചെലവ്. കോടിക്കണക്കിന് ജനങ്ങള്‍ നിത്യപ്പട്ടിണിക്കാരായി കഴിയുന്ന നാട്ടിലാണ് പ്രതിമ നിര്‍മാണത്തിന് കോടികള്‍ ചെലവഴിച്ചത്.

എന്നാല്‍, ബി.ജെ.പിക്കാര്‍ ഈ തെരഞ്ഞെടുപ്പു കാലത്ത് തങ്ങളുടേതെന്നു കൊട്ടിഘോഷിക്കുന്ന ലോകശ്രദ്ധ നേടിയ മറ്റു രണ്ടു പദ്ധതികളുണ്ട്. അസമിലെ ബീല്‍ ബോഗി ബ്രിഡ്ജും കശ്മിരിലെ നീളം കൂടിയ ടണലുമാണത്. അതു രണ്ടും തങ്ങളുടെ സംഭാവനയാണെന്നാണ് അവര്‍ പറയുന്നത്.
ഇതു രണ്ടും ആസൂത്രണം ചെയ്തതും നിര്‍മാണത്തിനായി തറക്കല്ലിട്ടതും കോണ്‍ഗ്രസ് സര്‍ക്കാരാണ്, 2012ല്‍. അവയുടെ നിര്‍മാണം 90 ശതമാനം പൂര്‍ത്തിയാക്കിയതും കോണ്‍ഗ്രസ് ഭരണകാലത്താണ്. നാട മുറിച്ച് ഉദ്ഘാടനം ചെയ്തു ഫോട്ടോയെടുപ്പിച്ച ബന്ധം മാത്രമേ നരേന്ദ്രമോദിക്കും അദ്ദേഹത്തിന്റെ സര്‍ക്കാരിനുമുള്ളൂ.
ഇതിനു സമാനമായി പറയാവുന്ന ഉദാഹരണങ്ങള്‍ കണ്ണൂര്‍ വിമാനത്താവളവും കൊച്ചി മെട്രോ പദ്ധതിയുമാണ്. രണ്ടും ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ നടപ്പാക്കിയവ. അവയുടെ ഉദ്ഘാടനം നാട മുറിച്ചു നടത്തിയത് പിണറായി വിജയന്‍. മിതമായ ഭാഷയില്‍ പറഞ്ഞാല്‍ നരേന്ദ്ര മോദിയും പിണറായി വിജയനും രാഷ്ട്രീയത്തിലെ എട്ടുകാലി മമ്മൂഞ്ഞുകളാണ്.

55 മാസത്തെ തന്റെ ഭരണം 55 കൊല്ലത്തെ കോണ്‍ഗ്രസ് ഭരണത്തേക്കാള്‍ കേമമാണെന്നാണ് മോദി വീമ്പിളക്കുന്നത്. ഇതു വസ്തുതകള്‍ക്കു നിരക്കുന്നതല്ലെന്നു കൊച്ചുകുട്ടികള്‍ക്കുപോലും അറിയാം. ആരാന്റെ ചെലവില്‍ വീമ്പിളക്കുകയാണ് മോദി.
അസമിലെ ബീല്‍ ബോഗി ബ്രിഡ്ജും കശ്മിരിലെ നീളം കൂടിയ ടണലും ആധുനിക ഇന്ത്യ കണ്ട മഹാപുരോഗതിയാണ്. 5920 കോടി ചെലവിലാണ് അസമിനെയും അരുണാചലിനെയും ബന്ധിപ്പിച്ച് ബ്രഹ്മപുത്രാ നദിക്കു കുറുകെ പാലം നിര്‍മിച്ചത്. ഏഷ്യയിലെ ഏറ്റവും വലിയ പാലമാണത്. 4.95 കിലോമീറ്ററാണു നീളം. ഡബിള്‍ ഡക്കര്‍പാലമാണ്. മുകളില്‍ റോഡ്. താഴെ റെയില്‍.

ജമ്മുവില്‍ നിന്നു കശ്മിരിലേയ്ക്ക് എളുപ്പമെത്താന്‍ സഹായിക്കുന്ന ടണല്‍ തീര്‍ച്ചയായും വിസ്മയമാണ്. 9.15 കിലോമീറ്റര്‍ ദൂരം മല തുരന്നുണ്ടാക്കിയ തുരങ്കത്തില്‍ ഹൈടെക് റോഡാണുണ്ടാക്കിയത്. 2250 കോടി ചെലവില്‍ നിര്‍മിച്ച ടണല്‍ വികസനവിപ്ലവം തന്നെയാണ്.
ഇതിന്റെ നിര്‍മാണത്തില്‍ 95 ശതമാനവും പൂര്‍ത്തിയാക്കിയത് രണ്ടു യു.പി.എ സര്‍ക്കാരുകളുടെ കാലത്താണ്. ആ തുരങ്കത്തിലൂടെ തുറന്ന ജീപ്പില്‍ ആദ്യ യാത്ര ചെയ്ത ബന്ധം മാത്രമേ നരേന്ദ്ര മോദിക്കുള്ളൂ. എന്നിട്ടും സ്വതന്ത്ര ഇന്ത്യയില്‍ മൊട്ടുസൂചി മുതല്‍ മംഗള്‍യാന്‍ വരെയുള്ളവ നിര്‍മിച്ച കോണ്‍ഗ്രസ് ഭരണത്തിന്റെ വികസനത്തിന്റെ പുരപ്പുറത്തു കയറിയാണ് മോദിയും മറ്റും സെല്‍ഫിയെടുക്കുന്നത്.

മോദി വലിയ മോഹങ്ങള്‍ വിതച്ചുവെങ്കിലും ഒന്നും കൊയ്തില്ല. സത്യത്തില്‍ അവര്‍ക്കതിനു സമയം കിട്ടിയില്ല. നൂറ് സ്മാര്‍ട്ട് സിറ്റി പ്രഖ്യാപിച്ചു. ഒന്നുപോലും യഥാര്‍ഥ്യമായില്ല. ബുള്ളറ്റ് ട്രെയിന്‍, രണ്ടു കോടി ജോലി, കള്ളപ്പണം പുറത്തുകൊണ്ടുവരല്‍, പെട്രോള്‍ വില ഇടിച്ചുതാഴ്ത്തല്‍… എന്തെല്ലാം മോഹനവാഗ്ദാനങ്ങളായിരുന്നു. അതെല്ലാം വാഗ്ദാനത്തില്‍ മാത്രം ഒതുങ്ങി.

കൊല്ലത്തില്‍ പകുതിയിലധികം ദിവസവും വിദേശയാത്രയും പാര്‍ട്ടി റാലികളും നടത്തി സമയം കളഞ്ഞ മോദിക്കു ഭരിക്കാന്‍ സമയം കിട്ടിയില്ല.
ഇന്നു കാണുന്ന സമസ്ത പുരോഗതിയുടെയും ആസൂത്രകരും അതു പ്രവൃത്തിപഥത്തിലെത്തിച്ചവരും കോണ്‍ഗ്രസ് ഭരണകൂടങ്ങളാണ്. അതിനെയെല്ലാം കുറ്റപ്പെടുത്തുകയും കുത്തി നോവിക്കുകയുമാണു മോദിയും കൂട്ടരും ചെയ്യുന്നത്. അതു വേദനിപ്പിക്കുന്നതും ക്രൂരവുമാണ്. മാപ്പര്‍ഹിക്കാത്ത നിലവാരം കുറഞ്ഞ നടപടിയാണ്. ജനത്തിന് അതറിയാം. അതിന് അവര്‍ ഉത്തരം നല്‍കും.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News