2019 August 19 Monday
തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.

ഗോട്ടി

കെ.എം റഷീദ്

വേനലവധിക്ക്

കുട്ടികളെത്തേടിയിറങ്ങുന്നു
കുട്ടിയും കോലും പാളയും
മണ്ണപ്പച്ചിരട്ടിയും
പിന്നെ ഗോട്ടിയും.

ഇന്റര്‍ലോക്കിട്ട
വീട്ടുമുറ്റത്ത് നിന്നൊഴിവാക്കിയ
ഇടവഴിയിലെ മണ്ണില്‍നിന്ന്
അസര്‍ മുല്ലയുടെയും തുളസിയുടെയും
അടിയില്‍നിന്ന്
ഗോട്ടിയെ കിളച്ചെടുത്തു.

തരം മാറ്റിയ വയലിലെ
ഏകാന്ത കമുകിന്‍ ചോട്ടില്‍നിന്ന് പാളയെ
മല തുരക്കുന്നിടത്ത്‌നിന്ന് മണ്ണപ്പത്തെ
കരകൗശല കേന്ദ്രത്തില്‍നിന്ന് ചിരട്ടയെ
കൂട്ടി.

പൂട്ടിയ ഗേറ്റിനുള്ളിലൂടെ
ഗോട്ടിയെ തള്ളിവിട്ടു
അകത്താരെയും കണ്ടില്ല
ഫാന്‍ കറങ്ങുന്നു
എ.സി മുരളുന്നു
ഫ്രിഡ്ജ് മൂളുന്നു
ടി.വി മാത്രം സംസാരിക്കുന്നുണ്ട്
എവിടെയോ ബട്ടണുകളുടെ ഒച്ച
പെട്ടന്നാണ് വെടിപൊട്ടിയത്
സ്‌പൈഡര്‍മാനോ ബാറ്റ്മാനോ ആകാം.

ഗോട്ടി ചിതറിത്തെറിച്ചു
അതുകൊണ്ടാവാം
ഗോട്ടികളെ കുപ്പികളിലടച്ചതും
മണ്ണപ്പവും പാളയും കോലും
എങ്ങും കാണാത്തതും.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.