2019 March 26 Tuesday
നീതി ലഭ്യമാക്കാനുള്ള എളുപ്പമാര്‍ഗം മറ്റുള്ളവര്‍ക്കു നീതി വാങ്ങിക്കൊടുക്കലാണ്. -മഹാത്മജി

ഗോകുലത്തിനും ജയിക്കണം

 

കോഴിക്കോട്: തുടര്‍ച്ചയായ തോല്‍വികള്‍ക്കും സമനിലകള്‍ക്കും ശേഷം ആശ്വാസ ജയം തേടി ഗോകുലം എഫ്.സി ഇന്ന് ഇറങ്ങുന്നു. സ്വന്തം തട്ടകത്തില്‍ ഇന്ത്യന്‍ ആരോസിനെയാണ് ഗോകുലം നേരിടുന്നത്. കഴിഞ്ഞ 11 മത്സരത്തില്‍ ഗോകുലം ജയം കണ്ടിട്ടില്ല. അതിനാല്‍ ജയത്തില്‍ കുറഞ്ഞതൊന്നും ഗോകുലം ആലോചിക്കുന്നില്ല. ലീഗില്‍ നിന്ന് റിലഗേഷന്‍ ഭീഷണിയാണ് ഗോകുലമുള്ളത്.
നിലവില്‍ 10-ാം സ്ഥാനത്തുള്ള ഗോകുലത്തിന് ബാക്കിയുള്ള മത്സരങ്ങള്‍ മുഴുവന്‍ ജയിച്ചാല്‍ മാത്രമേ അല്‍പമെങ്കിലും മെച്ചപ്പെട്ട രീതിയില്‍ സീസണ്‍ അവസാനിപ്പിക്കാന്‍ കഴിയൂ. 2018 നവംബറില്‍ കോഴിക്കോട്ട് നടന്ന മത്സരത്തില്‍ ലജോങ്ങിനെതിരെയായിരുന്നു ഗോകുലത്തിന്റെ അവസാന ജയം. ആരോസിനെതിരേ നടന്ന എവേ മത്സരത്തില്‍ ഗോകുലം ഒരു ഗോളിന് പരാജയപ്പെട്ടിരുന്നു. ഗോകുലത്തിന്റെ പലതാരങ്ങളും പരുക്കിന്റെ പിടിയിലായത് ടീമിന് തിടിച്ചടിയാണ്. രാജേഷ്, മുഹമ്മദ് ഗനി, ഡിംപ്ലെ, സല്‍മാന്‍ എന്നിവര്‍ പരുക്ക് കാരണം ഇന്ന് കളിക്കില്ല.
ഗോകുലത്തിലേക്ക് തിരിച്ചെത്തയ ഇര്‍ഷാദ് മിഡ്ഫീല്‍ഡില്‍ ആദ്യ ഇലവനില്‍ കളിച്ചേക്കും. രാജേഷിന് പരുക്കായതിനാല്‍ വി.പി സുഹൈറിനേയും ആദ്യ ഇലവനില്‍ ഇറക്കിയേക്കും. അതേസമയം, പട്ടികയില്‍ ഏഴാം സ്ഥാനത്തുള്ള ആരോസ് തികഞ്ഞ ആത്മവിശ്വാസത്തിലാണ്. സ്വന്തം തട്ടകത്തില്‍ ഗോകുലത്തിനെ തകര്‍ത്ത ആത്മവിശ്വാസവും അവര്‍ക്കുണ്ട്. അറ്റാക്കിങ് മിഡ്ഫീല്‍ഡറുടെ റോളില്‍ കളിക്കുന്ന രാഹുല്‍ തികഞ്ഞ ആത്മവിശ്വാസത്തിലാണ്. ഗോകുലത്തിന്റെ ഹോം ഗ്രൗണ്ടിലാണെന്ന കരുത്ത് അവര്‍ക്കുണ്ടെങ്കിലും ജയിക്കാന്‍ ആരോസിന് കെല്‍പുണ്ടെന്ന് രാഹുല്‍ പറഞ്ഞു.
വിമാനാപകടത്തില്‍ മരിച്ച കാര്‍ഡിഫ് സിറ്റി താരം എമിലിയാനോ സലക്ക് വേണ്ടിയും രണ്ട് ദിവസം മുമ്പ് ജമ്മുകശ്മിരില്‍ വീരമൃത്യു വരിച്ച സൈനികരോടുള്ള ആദരസൂചകമായും ഗോകുലം താരങ്ങളെല്ലാം കൈയില്‍ കറുത്ത ബാന്‍ഡ് ധരിച്ചായിരിക്കും ഇന്ന് മത്സരത്തിനിറങ്ങുക. വൈകിട്ട് അഞ്ചിന് കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയത്തിലാണ് മത്സരം.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.