
കാസര്‍കോട്: ഗൈനക്കോളജി ആന്‍ഡ് ഒബ്സ്റ്റെട്രിക്സ് വിദഗ്ധരുടെ 41ാമത് സംസ്ഥാന സമ്മേളനത്തിന് തുടക്കമായി. കേരള ഫെഡറേഷന് ഓഫ് ഒബ്സ്റ്റെട്രിക്സ് ആന്‍ഡ് ഗൈനക്കോളജി (കെ.എഫ്.ഒ.ജി) യും, കാസര്‍കോട് ഒബ്സ്റ്റെട്രിക്സ് ആന്‍ഡ് ഗൈനക്കോളജി സൊസൈറ്റിയും സംയുക്തമായാണ് സമ്മേളനം സംഘടിപ്പിക്കുന്നത്.
താജ് ബേക്കല്‍ റിസോര്‍ട്ടില്‍ നടക്കുന്ന സമ്മേളനം ജില്ലാ കലക്ടര്‍ ഡോ. സജിത് ബാബു ഐ.എ.എസ് ഉദ്ഘാടനം ചെയ്തു. ഓര്‍ഗനൈസിങ് ചെയര്‍പേഴ്സണ്‍ ഡോ. ശശിരേഖ റാവു, ജനറല്‍ കണ്‍വീനര്‍ ഡോ. രാഖവേന്ദ്ര പ്രസാദ്, ഫെഡറേഷന് ഓഫ് ഒബ്സ്റ്റെട്രിക്സ് ആന്‍ഡ് ഗൈനക്കോളജിക്കല്‍ സൊസൈറ്റീസ് ഓഫ് ഇന്ത്യ (എഫ്.ഒ.ജി. എസ്.ഐ)വൈസ് പ്രസിഡന്റ് ഡോ. അശ്വത്ത് കുമാര്‍, ഡോ. മനോരമ റാവു, ഡോ. എം. വേണുഗോപാല്‍ , ഡോ. ഉഷാ മേനോന്, ഡോ. ജയലക്ഷമി എന്നിവര്‍ സംസാരിച്ചു. സ്ത്രീകള്‍ക്ക് മെച്ചപ്പെട്ട ചികിത്സ ഉറപ്പുവരുത്തുന്നതിന് അന്താരാഷ്ട്ര തലത്തില്‍ അംഗീകരിക്കപ്പെട്ടിട്ടുള്ള മികച്ച ചികിത്സാ രീതികളും നടപടിക്രമങ്ങളും സമ്മേളനത്തില്‍ ചര്‍ച്ചയാകും.
ഹിസ്റ്ററോസ്കോപ്പി, റോബോട്ടിക് ശസ്ത്രക്രിയ, പുരുഷന്മാരിലെ വന്ധ്യതാ ചികിത്സ, ഗര്‍ഭകാലത്തെ കരള്‍ രോഗങ്ങള്‍, ആര്‍ത്തവ വിരാമ പ്രശ്നങ്ങള്‍, സ്ത്രീകളിലെ കാന്‍സര്‍ ചികിത്സയില്‍ ജനിതക രംഗത്തെ നേട്ടങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ പ്രത്യേക ശാസ്ത്ര സെഷനുകളും നടന്നു.
ഡോ. ഒസാമാ ഷോക്കി, കെയ്റോ, ഈജിപ്ത്, പ്രത്യുല്പാദന മെഡിസിന് വിദഗ്ധന്‍ ഡോ. അജയ് സ്വാമിനാഥന്, ഡോ. റുവാന്‍ വിമലസുന്ദര, ലണ്ടന്‍, മലേഷ്യയില്‍ നിന്നുള്ള ജനിതക വിദഗ്ധനായ ഡോ. മുഹമ്മദ് സലിം എന്നിങ്ങനെയുള്ള അന്താരാഷ്ട്ര ഫാക്കല്‍ട്ടികള്‍ പ്രധാന ശാസ്ത്ര സെഷനുകള്‍ക്ക് നേതൃത്വം നല്കി.