2019 April 22 Monday
കാലത്തില്‍നിന്ന് നിനക്കു നഷ്ടപ്പെട്ടതിന് ഇനി പകരമില്ല. അതില്‍നിന്ന് നേടിയെടുത്തതാകട്ടെ വിലമതിക്കപ്പെടുകയുമില്ല. -അത്വാഉല്ലാ സിക്കന്തറി

ഗൂഢാലോചന നടന്നത് തളിപ്പറമ്പ് ആശുപത്രിയിലെന്ന് കുറ്റപത്രം

കണ്ണൂര്‍: എം.എസ്.എഫ് പ്രവര്‍ത്തകന്‍ അരിയില്‍ അബ്ദുല്‍ ഷുക്കൂര്‍ വധക്കേസില്‍ ഗൂഢാലോചന നടന്നത് തളിപ്പറമ്പ് സഹകരണ ആശുപത്രിയിലെന്നു സി.ബി.ഐ കുറ്റപത്രം. കൃത്യമായ ഗൂഢാലോചനയില്‍ വിദഗ്ധ ആസൂത്രണത്തോടെയുള്ള കൊലപാതകമാണെന്നും സി.ബി.ഐ ഓഫിസര്‍ വൈ. ഹരികുമാര്‍ തലശ്ശേരി പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ നല്‍കിയ കുറ്റപത്രത്തില്‍ വ്യക്തമാക്കി. 33 പ്രതികളുള്ള കേസില്‍ രണ്ട് മാധ്യമപ്രവര്‍ത്തകരും രണ്ട് മുസ്‌ലിംലീഗ് പ്രവര്‍ത്തകരും സാക്ഷികളാണ്. പുതുതായി 24 സാക്ഷികളെയും കേസില്‍ ഉള്‍പ്പെടുത്തി. കേസിലെ പ്രതിയായ മൊറാഴയിലെ സരീഷ് നേരത്തെ ആത്മഹത്യ ചെയ്തിരുന്നു.
സി.പി.എം-മുസ്‌ലിംലീഗ് സംഘര്‍ഷത്തെ തുടര്‍ന്നാണു 2012 ഫെബ്രുവരി 12നു സി.പി.എം ജില്ലാ സെക്രട്ടറി പി. ജയരാജനും ടി.വി രാജേഷ് എം.എല്‍.എയും പട്ടുവം അരിയില്‍ എത്തുന്നത്. ഇതിനിടെ സി.പി.എം നേതാക്കള്‍ എത്തിയ വാഹനം ലീഗ് പ്രവര്‍ത്തകര്‍ തടഞ്ഞു. പുറത്തിറങ്ങിയ ജയരാജനും ടി.വി രാജേഷിനും നേരേ ആക്രമണശ്രമമുണ്ടായി. തുടര്‍ന്ന് നേതാക്കള്‍ തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയപ്പോഴേക്കും ഒട്ടേറെ പാര്‍ട്ടി പ്രവര്‍ത്തകരും സംഘടിച്ച് എത്തിയിരുന്നു. ജില്ലാ സെക്രട്ടറിയെ കൈകാര്യം ചെയ്തവരെ വേണ്ട പോലെ കൈകാര്യം ചെയ്യാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ തീരുമാനിച്ചെന്ന് കേസ് അന്വേഷിച്ച വളപട്ടണം സി.ഐ ആയിരുന്ന യു. പ്രേമന്‍ കോടതിയില്‍ നല്‍കിയ കുറ്റപത്രത്തില്‍ വ്യക്തമാക്കിയിരുന്നു.

ഇതിനിടയിലേക്കാണ് കണ്ണപുരം കീഴറയില്‍ ഷുക്കൂറും സുഹൃത്തുക്കളും എത്തിപ്പെട്ടത്. ജയരാജനെ ആക്രമിച്ചശേഷം ചിലര്‍ ചെറുകുന്ന് ഭാഗത്തേക്ക് രക്ഷപ്പെട്ടതായി വിവരം ലഭിച്ചതിനെ തുടര്‍ന്നു പ്രവര്‍ത്തകര്‍ കീഴറ വള്ളുവന്‍കടവില്‍ നിലയുറപ്പിച്ചിരുന്നു. ഇവര്‍ പിന്തുടര്‍ന്നതോടെ ഷുക്കൂറും സംഘവും സമീപത്തെ മുഹമ്മദ് കുഞ്ഞിയുടെ വീട്ടിലേക്ക് ഓടിക്കയറി.
പിന്നീട് കണ്ണപുരം പൊലിസ് സ്റ്റേഷനിലെ ഫോണ്‍ നമ്പര്‍ വാങ്ങാന്‍ മുഹമ്മദ്കുഞ്ഞി സമീപത്തെ വീട്ടില്‍ പോയപ്പോള്‍ അക്രമിസംഘത്തില്‍പ്പെട്ടവര്‍ വീട്ടില്‍ കയറി അഞ്ചുപേരുടെയും പേരും വിലാസവും കുറിച്ചെടുത്തു. തങ്ങള്‍ക്കു സംഭവത്തില്‍ പങ്കില്ലെന്നും നാട്ടിലെ സി.പി.എം പ്രവര്‍ത്തകരോടു ചോദിച്ചാല്‍ ഇക്കാര്യം വ്യക്തമാകുമെന്ന് ഷുക്കൂറും കൂട്ടുകാരും കരഞ്ഞുവ്യക്തമാക്കിയിരുന്നു.
ഇതിനിടയില്‍ ഷുക്കൂര്‍ ഉള്‍പ്പെടെയുള്ള അഞ്ചുപേരുടെയും ഫോട്ടോയും സംഘം പകര്‍ത്തിയിരുന്നു. ഒരുമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ കൂടെയുണ്ടായിരുന്ന അബ്ദുല്‍സലാം, അയൂബ്, ഹാരിസ് എന്നിവരെ വീട്ടില്‍നിന്നു പുറത്തെ വയലിലേക്കു കൊണ്ടുവന്നു. അയൂബിന്റെ കണ്ണിന് ആഞ്ഞു ചവിട്ടുകയും സലാമിനെയും ഹാരിസിനെയും സംഘം ചേര്‍ന്നു മര്‍ദിക്കുകയും ചെയ്തു. മൂവരും രക്ഷപ്പെട്ടോടിയപ്പോള്‍ തടിച്ചുകൂടിയവര്‍ തടഞ്ഞില്ല. തുടര്‍ന്നാണു കുറ്റവാളികളെന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ വിധിയെഴുതിയ ഷുക്കൂറിനെയും സക്കരിയയെയും വയലില്‍ എത്തിച്ചത്.
ഇരുമ്പുവടികൊണ്ടുള്ള മര്‍ദനത്തോടെ ശിക്ഷ നടപ്പാക്കി. പിന്നീടു മൂര്‍ച്ചയേറിയ ആയുധം കൊണ്ട് ശരീരത്തില്‍ മുറിവുണ്ടാക്കി.
ഇതിനിടെ രണ്ടുപേരും രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ ഷുക്കൂറിനെ പിന്തുടര്‍ന്നു പിടികൂടിയ പൊലിസാണ് സക്കരിയയെ ആശുപത്രിയില്‍ എത്തിച്ചിരുന്നതെന്നും കേസ് ആദ്യം അന്വേഷിച്ച വളപട്ടണം സി.ഐയുടെ കുറ്റപത്രത്തില്‍ വ്യക്തമാക്കിയിരുന്നു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.