2018 December 13 Thursday
തനിക്കു ലഭിച്ച കുറഞ്ഞ ഗുണത്തിനു നന്ദി ചെയ്യാത്തവന്‍ അധിക ഗുണങ്ങള്‍ക്കും നന്ദി ചെയ്യുകയില്ല

ഗൂഗിളില്‍ നോക്കി മതം പണിയുന്നവര്‍

റഹീം വാവൂര്‍

മത മൗലിക വാദികളില്‍നിന്ന് കേരള ഇസ്‌ലാമിനെ ആര് രക്ഷിക്കുമെന്ന ചോദ്യത്തിന് ഇപ്പോള്‍ ഏറെ പ്രസക്തിയുണ്ട്. മലയാളിയുടെ സോഷ്യല്‍ മീഡിയ ചര്‍ച്ചകളില്‍ ഇസ്‌ലാമെന്നത് പല നിറങ്ങളില്‍ പല വേഷങ്ങളില്‍ പലരും പറത്തിക്കളിക്കുന്ന കടലാസ് വിമാനങ്ങളാണ്. വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും പൊടിപറത്തുന്ന ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയുടെ വാളുകളിലൊക്കെയും ചിതറിത്തെറിച്ച് കിടക്കുന്നത്.
ഹൃദയങ്ങളില്‍ നിന്നിറങ്ങിപ്പോയ ആത്മീയതയെ അങ്ങാടിക്കവലകളിലെ ഫ്‌ളക്‌സുകളില്‍ നിന്ന് കണ്ടെടുക്കാനാവും. ഗൂഗിളില്‍ നോക്കി മതം പഠിക്കുന്നവര്‍ ഫത്‌വ പുറപ്പെടീക്കല്‍ തുടങ്ങിയത്മുതലാണ് ഇസ്‌ലാമും മുസ്‌ലിമും പലര്‍ക്കും തട്ടിക്കളിക്കാനുള്ള പന്തായി മാറിയത്.
വിരല്‍ത്തുമ്പു കൊണ്ട് സ്‌ക്രോള്‍ ചെയ്ത് കണ്ടെത്തുന്ന പൊട്ടും പൊടിയുമാണ് ദീനെന്ന് കരുതിയവശരായ സെക്കുലര്‍ ആക്ടിവിസ്റ്റുകളും മതപക്ഷം പിടിച്ച് സ്വയം ബുജി ചമയുന്നവരും മതത്തെ വല്ലാതെ കല്ലെറിയുന്നുണ്ട്. എല്ലാ ചോദ്യവും ചോദിക്കാനുള്ളതാണെന്നും എല്ലാ കാര്യവും പറയാനുള്ളതാണെന്നുമുള്ള ധാരണ ഇനിയും തിരുത്തപ്പെടാതെ കിടക്കുകയാണ് പലരിലും.
അറിവിന്റെ മീതെ അദബിന്റെ അടയാളങ്ങള്‍ കൊണ്ട് നടക്കാത്തവരും, കണ്ടെത്താത്തവരും പേജിലും സ്റ്റേജിലും സാന്നിധ്യം സ്ഥാപിക്കുന്ന കാലത്തോളം സന്ദേഹികളുടെ ഒരു കൂട്ടം ഇനിയുമിവിടെ പിറവി എടുത്ത് കൊണ്ടിരിക്കുമെന്ന് ഖേദത്തോടെ നമുക്ക് ഉള്‍കൊള്ളേണ്ടിവരുന്നു.
സ്വയം ഗവേഷകര്‍ കണ്ടെത്തുന്ന രാസ പരിശോധനയുടെ റിസല്‍ട്ടും തലച്ചോറിന് പണി കൊടുക്കാതെ തലയോട്ടി കൊണ്ട് ചിന്തിക്കുന്ന അല്‍പന്മാരുടെ കണ്ടെത്തലുകളും മതത്തെ സങ്കുചിതത്വത്തിന്റെ തടവറയിലിട്ട് ശ്വാസം മുട്ടിക്കുന്നുണ്ട്.
ഏറ്റവും ഉയര്‍ന്ന മാനസിക മൂല്യം സഹനമാണെന്ന് പഠിപ്പിച്ച മതം ആളുകള്‍ക്ക് ഏറ്റവും വലിയ അസഹനീയതയുടെയും അസഹിഷ്ണുതയുടേയും മാര്‍ഗമായത് അങ്ങനെയാണ്. അതിനെയാണ് ബഷീര്‍ പണ്ട് രോമമതം എന്ന് വിളിച്ചത്.
വ്രണപ്പെടാന്‍ വേണ്ടി ക്യൂ നില്‍ക്കുന്ന ഒരു കൂട്ടം വികാരങ്ങളുടെ പേരായി മതം മാറുന്നത് കഷ്ടമാണ്. ഒരു നിലപാട് വ്രണപ്പെടാന്‍ പറ്റാത്ത വിധം ഹൃദയത്തില്‍ ഭദ്രമാവുന്നതിനാണ് ഈമാന്‍ എന്ന് തന്നെ പറയുന്നതെന്ന് രോമവിശ്വാസികള്‍ ഓര്‍ക്കുന്നത് നന്ന്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.