2020 July 14 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ഗുരു പിറന്ന നാട്ടിലോ സുരേഷ്‌ഗോപിമാര്‍

എ. സജീവന്‍

അടുത്തകാലത്തു കേട്ട ഏറ്റവും അറപ്പുളവാക്കുന്ന പ്രസംഗം കുറേക്കാലം സിനിമാനടനായിരുന്ന, ഇപ്പോള്‍ രാജ്യസഭാംഗമായ സുരേഷ്‌ഗോപിയുടേതാണ്. മതരാഷ്ട്രീയത്തിന്റെ വക്താക്കളായ ബി.ജെ.പി നേതാക്കന്മാര്‍ പോലും പരസ്യമായി അംഗീകരിക്കാന്‍ വിസമ്മതിക്കുന്ന, അധമ മനസ്സില്‍നിന്നു മാത്രം ബഹിര്‍ഗമിക്കാവുന്ന ബ്രാഹ്മണ്യസ്തുതിയാണു സുരേഷ്‌ഗോപി നടത്തിയത്.

 

ബ്രാഹ്മണന്റെ കാല്‍ക്കീഴില്‍ കിടന്ന് ഇഴയുന്ന ആധര്‍മണ്യത്തിന്റെ ആ വാക്കുകള്‍ നാട്ടുകാര്‍ക്കു മുന്നില്‍ വേണ്ടപോലെ ശക്തമായി അവതരിപ്പിക്കാനും പ്രസംഗം നടത്തിയ ‘ജനപ്രതിനിധി’യെ ജനമധ്യത്തില്‍ തുറന്നുകാണിക്കാനും ഇവിടത്തെ മാധ്യമങ്ങള്‍ക്ക് എന്തുകൊണ്ടോ കഴിയാതെ പോയി. അതുകൊണ്ട്, നാട്ടുകാര്‍ക്കു സുരേഷ്‌ഗോപിയുടെ ഈ മുഖം ഓര്‍മിക്കാന്‍ ആ വികൃതപ്രസംഗത്തിന്റെ സന്ദര്‍ഭവും വാക്കുകളും ഇവിടെ ആദ്യം പകര്‍ത്തട്ടെ.
ഒരു ബ്രാഹ്മണസംഘടന ഒരുക്കിയ ചടങ്ങിലാണ് ഈ അഭിനയക്കാരന്റെ വാക്കുകള്‍ പുറത്തുചാടുന്നത്. ‘എനിക്കു ദൈവത്തെപ്പോലെയാണു ബ്രാഹ്മണര്‍’ എന്നു പറഞ്ഞുകൊണ്ടാണു സുരേഷ്‌ഗോപി സ്തുതിവചനം ആരംഭിക്കുന്നത്. അടുത്തനിമിഷത്തില്‍ തന്നെ അദ്ദേഹം താന്‍ പറഞ്ഞ വാക്കു തിരുത്തി, ‘ദൈവത്തെപ്പോലെയല്ല, എനിക്കു ദൈവം തന്നെയാണു ബ്രാഹ്മണര്‍.’

അതിനു കാരണവും അഭിനയകലാകാരന്‍ നിരത്തുന്നുണ്ട്. ”ഞാന്‍ ആരാധിക്കുന്ന ദൈവങ്ങളെ ഉണര്‍ത്തുകയും കുളിപ്പിക്കുകയും താലോലിക്കുകയും ഊട്ടുകയും ഉറക്കുകയും ചെയ്യുന്നത് ബ്രാഹ്മണരുടെ കൈകളാണ്. ദൈവത്തിന്റെ പരിപാലകരാണ് അവര്‍. അതുകൊണ്ടു തന്നെ അവരുടെ ജന്മം ദൈവീകമാണ്. അവരെയും ദൈവങ്ങളായി മാത്രമേ എനിക്കു കാണാന്‍ കഴിയൂ.”

ശാന്തിമാരോടും തന്ത്രിമാരോടുമുള്ള ആരാധന അടക്കിവയ്ക്കാനാവാതെ സുരേഷ്‌ഗോപിയുടെ വാക്കുകള്‍ വഴിഞ്ഞൊഴുകുകയാണ്. ശബരിമല തന്ത്രി കണ്ഠരര് രാജീവരിന്റെയും മറ്റും വിരലുകള്‍ താന്‍ ഭക്തിയോടെ കണ്‍കുളിര്‍ക്കെ നോക്കിനില്‍ക്കാറുണ്ടെന്ന് അദ്ദേഹം പറയുന്നു. ദേവപൂജ നടത്തുന്നവരോടുള്ള ആധര്‍മണ്യഭ്രാന്തു മൂത്ത് അവരുടെ ജാതിയോടു പൂര്‍ണമായ വിധേയത്വത്തിലെത്തുന്നുണ്ട്. ബ്രാഹ്മണനായി ജനിക്കുകയെന്നതാണ് ഈ ലോകത്തെ ഏറ്റവും വലിയ സാഫല്യമെന്ന് അദ്ദേഹം പറഞ്ഞുപോകുന്നു.

തീര്‍ന്നില്ല, ഈ അഭിനയ കലാകാരന്റെ അത്യാഗ്രഹം. സിനിമാഭിനയത്തില്‍ അഭിനയിച്ചു നാലു ചക്രമുണ്ടാക്കി ശിഷ്ടകാലം സ്വസ്ഥമായി ജീവിക്കുന്നതില്‍ അവസാനിക്കാത്ത ദുരാഗ്രഹം കൊണ്ടാണല്ലോ തനിക്ക് ഒട്ടും യോജിക്കാത്ത രാഷ്ട്രീയക്കാരന്റെ കുപ്പായമിടാന്‍ പ്രേരിപ്പിച്ചത്. ആള്‍ക്കൂട്ടത്തിലും അഭിനയം മാത്രം നടത്തിയ ഇദ്ദേഹത്തെ കേരളത്തിലെ ബി.ജെ.പി നേതൃത്വം പരമാവധി തഴഞ്ഞുനോക്കിയെങ്കിലും പണ്ടു നടത്തിയ ഗുജറാത്ത് വികസന സ്തുതിയുടെ ബലത്തില്‍ ഇന്ദ്രപ്രസ്ഥത്തിന്റെ കാരുണ്യം കിട്ടിയതിനാല്‍ രാജ്യസഭയിലേയ്ക്കു നുഴഞ്ഞുകയറാന്‍ സാധിച്ചു.

അടുത്ത മോഹമെന്താണ്.
ഈ ചോദ്യത്തിന് അദ്ദേഹംതന്നെ അതേ പ്രസംഗത്തില്‍ മറുപടി പറയുന്നുണ്ട്. ”നിങ്ങള്‍ വിചാരിക്കും എന്റെ ഏറ്റവും വലിയ മോഹം മന്ത്രിയാകല്‍ ആയിരിക്കുമെന്ന്. സത്യത്തില്‍ അതല്ല. പുനര്‍ജന്മത്തില്‍ വിശ്വസിക്കുന്നയാളാണു ഞാന്‍. അതുകൊണ്ട്, എനിക്ക് അടുത്ത ജന്മത്തിലെങ്കിലും ബ്രാഹ്മണനായി ജനിക്കണം. ദേവനെ ലാളിക്കാനും തഴുകാനും ഊട്ടാനും കഴിയുന്ന ശബരിമലയിലേയോ ഗുരുവായൂരിലേയോ മേല്‍ശാന്തിയാകണം. അതിനു കഴിഞ്ഞില്ലെങ്കില്‍ മേല്‍ശാന്തിക്കു കീഴിലെ പത്തുനാല്‍പതു കീഴ്ശാന്തിമാരില്‍ ഒരാളെങ്കിലുമാകണം.”

സുരേഷ്‌ഗോപിയെന്ന മനുഷ്യന്റെ പുനര്‍ജന്മവിശ്വാസത്തെയോ അടുത്തജന്മത്തില്‍ മേല്‍ശാന്തിയോ കീഴ്ശാന്തിയോ ആകണമെന്ന മോഹത്തെയോ നാം വിമര്‍ശിക്കേണ്ടതില്ല. നമ്മുടെ മുന്നിലുള്ള പ്രസക്തമായ ചോദ്യം ഇതാണ്. മേല്‍ശാന്തിയോ കീഴ്ശാന്തിയോ ആകാന്‍ ഈ ജന്മത്തില്‍ തന്നെ സുരേഷ്‌ഗോപിക്കു കഴിയില്ലേ. ജാതിമത ഭേദമില്ലാതെ താന്ത്രികവിദ്യയും പൂജാവിധികളും പഠിപ്പിക്കുന്ന ധാരാളം സ്ഥലങ്ങളുണ്ടല്ലോ.
അങ്ങനെ യഥാവിധി പഠിച്ചവര്‍ക്കു പൂജാദികര്‍മങ്ങള്‍ നടത്താമെന്നു നീതിപീഠം വിധിച്ചിട്ടുണ്ടല്ലോ. ബ്രാഹ്മണര്‍ മാത്രം കൈയടക്കിയിരുന്ന പൂജാ അധികാരം നിയമയുദ്ധത്തിലൂടെ പിടിച്ചെടുത്ത പറവൂര്‍ ശ്രീധരന്‍ തന്ത്രിയുടെ മകന്‍ രാജേഷിനെപ്പോലുള്ളവരുടെ പാഠം നമുക്കു മുന്നിലുണ്ട്. സുരേഷ് ഗോപിക്ക് മോഹം നടപ്പാക്കാനുള്ള അവസരം ഈ ജന്മത്തില്‍ത്തന്നെയുണ്ട്.

പക്ഷേ, സുരേഷ്‌ഗോപിക്ക് അതുപോരാ ബ്രാഹ്മണന്റെ അവകാശം തട്ടിയെടുക്കുന്നതു ശരിയല്ലെന്നു ആ മഹാപരാധം താന്‍ ചെയ്യില്ലെന്നും അദ്ദേഹം ആണയിട്ടു പറയുന്നു. അതായത് പണ്ട് ബ്രാഹ്മണനു മാത്രം അവകാശപ്പെട്ട പൂജാദികര്‍മങ്ങള്‍ സവര്‍ണരായ മറ്റുള്ളവരും അവര്‍ണരും തട്ടിയെടുക്കുന്നത് മഹാ അപരാധമാണെന്നാണ് സുരേഷ്‌ഗോപി പറയുന്നത്. ”ദൈവത്തെ ഉണര്‍ത്തുകയും ഊട്ടുകയും ഉറക്കുകയും ചെയ്യാനുള്ള അവസരം സിദ്ധിച്ച ബ്രാഹ്മണനാകാനുള്ള മഹാഭാഗ്യം എല്ലാവര്‍ക്കും കിട്ടില്ല” എന്നു തുറന്നു പ്രഖ്യാപിക്കുകയാണ് അദ്ദേഹം. ചതര്‍വണ്യവ്യവസ്ഥയുടെ സംസ്ഥാപനം!

അരുവിയിലെ കല്ലെടുത്ത് കരയിലെ പാറയില്‍ പ്രതിഷ്ഠിച്ച് ‘ഇതു നമ്മുടെ ശിവനാണ് ‘ എന്നു പ്രഖ്യാപിച്ച് സവര്‍ണമേല്‍ക്കോയ്മയുടെ തലമണ്ടയ്ക്കടിച്ച ശ്രീനാരായണഗുരു പിറന്ന മണ്ണില്‍ വച്ചാണു ജനപ്രതിനിധിയെന്നു വിളിക്കപ്പെടുന്ന ഒരു ദേഹം ജാതീയമായ ആധര്‍മണ്യത്തിന്റെ മാലിന്യം നിറച്ച പാത്രം തുറക്കുന്നത്. ‘നമുക്കു ജാതിയില്ല’ എന്നു ഗുരു പ്രഖ്യാപിച്ചതിന്റെ നൂറാം വാര്‍ഷികത്തിലാണ് ഈ ചാതുര്‍വര്‍ണ്യസംസ്ഥാപനം എന്നത് നാണക്കേടുണ്ടാക്കുന്നു.
സുരേഷ്‌ഗോപിയെന്ന വ്യക്തിക്കു സ്വന്തം അഭിപ്രായം പറഞ്ഞുകൂടേയെന്നു ചോദിക്കുന്നവര്‍ തീര്‍ച്ചയായും ഉണ്ടാകാം. ശരിയാണ്, സുരേഷ്‌ഗോപിയെന്ന വ്യക്തിക്ക് അഭിപ്രായസ്വാതന്ത്ര്യമുണ്ട്. പക്ഷേ, ജനം തെരഞ്ഞെടുത്തതല്ലെങ്കിലും, അദ്ദേഹമിപ്പോള്‍ ജനപ്രതിനിധിയാണ്. സമസ്ത ജാതി,മത വിഭാഗങ്ങളെയും പ്രതിനിധീകരിച്ചു രാജ്യസഭയിലെ നിയമനിര്‍മാണപ്രക്രിയയില്‍ പങ്കെടുക്കാന്‍ ബാധ്യസ്ഥനായ ആളാണ്. വെള്ളാപ്പള്ളിയുടെ ഭാഷയില്‍ പറഞ്ഞാല്‍ നായാടി മുതല്‍ നമ്പൂതിരിവരെയുള്ളവരെയെങ്കിലും പ്രതിനിധീകരിക്കേണ്ടയാളാണ്. അങ്ങനെയൊരാള്‍ ഇത്തരം മാലിന്യഘോഷണം നടത്തരുത്.

ജനപ്രതിനിധികള്‍ പോലും ബ്രാഹ്മണ്യത്തെ ഇങ്ങനെ പാടിപ്പുകഴ്ത്തുന്നതിന്റെ തിക്താനുഭവങ്ങള്‍ ദൈവത്തിന്റെ സ്വന്തം നാട് എന്നു വിശേഷിപ്പിക്കപ്പെടുന്ന ഈ നാട്ടില്‍ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. ദിവസങ്ങള്‍ക്കു മുമ്പ് ഒരു ദലിത് പൂജാരിയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ചതും അബ്രാഹ്മണനായ ഒരു കീഴ്ശാന്തിക്കും വധഭീഷണി ലഭിച്ചതും സംബന്ധിച്ച വാര്‍ത്ത ചിലരെങ്കിലും ഓര്‍ക്കുന്നുണ്ടാകും. പാലക്കാട് ചെര്‍പ്പുളശ്ശേരി കുന്നക്കാവ് സ്വദേശി ബിജുവെന്ന ചെറുപ്പക്കാരനാണ് കൈപ്പത്തിക്കു വെട്ടേറ്റത്. അടുക്കള വാതില്‍ പൊളിച്ച് അകത്തു കടന്നാണ് മുഖംമൂടി ധരിച്ചയാള്‍ ആക്രമണം നടത്തിയത്.

മാസങ്ങള്‍ക്കു മുമ്പ് ബിജുവിനു നേരേ ആസിഡ് ആക്രമണം നടന്നിരുന്നു. ദലിതരെ ഉള്‍പ്പെടുത്തി ചണ്ഡികാഹോമം നടത്തുന്നതു സംബന്ധിച്ചു ഫേസ് ബുക്കില്‍ പോസ്റ്റ് ഇട്ടതിനെ തുടര്‍ന്നു ഭീഷണിയുണ്ടായിരുന്നതായി ബിജു പറയുന്നു. വേദപഠനം പൂര്‍ത്തിയാക്കി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ അംഗീകാരമുള്ള തന്ത്രിയാണ് ഉപനയനത്തിനു ശേഷം ബിജു നാരായണ ശര്‍മയെന്നു പേരുമാറ്റിയ ഈ ചെറുപ്പക്കാരന്‍. ബിജുവെന്ന ദലിതനെ ദേവനെ ഊട്ടിയുറക്കുന്ന പദവിയിലേയ്ക്കുയര്‍ത്താന്‍ സുരേഷ്‌ഗോപി നമിക്കുന്ന സവര്‍ണമനസ്സുകള്‍ക്കു കഴിയില്ലല്ലോ.

 

 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.