2019 May 25 Saturday
നമ്മുടെ ഭാവിയുടെ സ്രഷ്ടാക്കള്‍ മറ്റാരുമല്ല; നമ്മള്‍ തന്നെയാണ്! -മഹാവീരന്‍

ഗുരു; നക്ഷത്രങ്ങളെ വിരിയിക്കുന്നവന്‍

സിപ്പി പള്ളിപ്പുറം

ഭാരതത്തിന്റെ ഉപരാഷ്ട്രപതിയായി ശ്രീ.കെ.ആര്‍ നാരായണന്‍ തെരഞ്ഞെടുക്കപ്പെട്ട കാലം. അദ്ദേഹത്തിന്റെ ജന്മനാടായ ഉഴവൂരില്‍ വമ്പിച്ച സ്വീകരണം നല്‍കാന്‍ നാട്ടുകാര്‍ ഒന്നടങ്കം തീരുമാനിച്ചു. കൊയ്ത്തുകഴിഞ്ഞപാടം വെട്ടി നിരപ്പാക്കി ഉണ്ടാക്കിയ വലിയ മൈതാനത്താണ് പരിപാടികള്‍ സംഘടിപ്പിച്ചത്. ഉഴവൂരിലെ ഉള്ളവരും ഇല്ലാത്തവരുമായ അനേകായിരങ്ങള്‍ അവിടെ തിങ്ങിക്കൂടി.
അധികം വൈകാതെ സകലവിധ സന്നാഹങ്ങളോടും കൂടി ഉപരാഷ്ട്രപതി വേദിയിലെത്തി. ജനങ്ങള്‍ ജയാരവങ്ങളോടെയാണ് നാട്ടുകാരനെ വേദിയിലേക്ക് എതിരേറ്റത്. വേദിയുടെ നടുവിലുള്ള കസേരയിലിരുന്ന് നാരായണന്‍ ജനങ്ങളെയെല്ലാം മാറിമാറി അഭിവാദ്യം ചെയ്തു. അദ്ദേഹത്തിന്റെ നോട്ടം സദസിന്റെ നടുവിലെത്തി. പെട്ടെന്ന് അദ്ദേഹം കൂപ്പുകൈകളോടെ ഇരിപ്പിടത്തില്‍ നിന്ന് ചാടിയെഴുന്നേറ്റു. എന്താണ് കാര്യമെന്ന് ആര്‍ക്കും മനസിലായില്ല.’എന്താണദ്ദേഹം എഴുന്നേറ്റ് നില്‍ക്കുന്നത്?’എല്ലാവരും തമ്മില്‍ ചോദിച്ചു.
അപ്പോള്‍ നാരായണന്‍ മൈക്കിലൂടെ പറഞ്ഞു: ‘അതാ മൈതാനത്തിന്റെ നടുവില്‍ ബാല്യകാലത്ത് പഠിപ്പിച്ച മത്തായി സാറും മാധവന്‍ സാറും എന്നെ അനുഗ്രഹിക്കാന്‍ വന്നിരിക്കുന്നു. എനിക്കവരെ നേരില്‍ കണ്ട് വന്ദിക്കണം.’
എല്ലാവരെയും അതിശയിപ്പിച്ച് ഭാരതത്തിന്റെ ഉപരാഷ്ട്രപതി ജനക്കൂട്ടത്തിന്റെ നടുവിലൂടെ നടന്ന് മത്തായി സാറിന്റെയും മാധവന്‍ സാറിന്റെയും അരികിലെത്തി. അദ്ദേഹം തന്റെ വന്ദ്യ ഗുരുനാഥന്‍മാരുടെ കാലുകള്‍ തൊട്ട് വണങ്ങി. നാരായണന്റെ കണ്ണുകളില്‍ നിന്ന് സന്തോഷാശ്രുക്കള്‍ അടര്‍ന്ന് ആ വയോധികരുടെ കാല്‍പ്പാദങ്ങളില്‍ വീണു.
കോച്ചേരി രാമന്‍ വൈദ്യന്റെ മകന്‍ നാരായണന്റെ ഗുരുഭക്തി കണ്ട് ആളുകള്‍ അന്തംവിട്ടു നിന്നു. അവര്‍ ഒരേ സ്വരത്തില്‍ പറഞ്ഞു.’ഈ ഗുരുത്വമാണ് അദ്ദേഹത്തെ ഉന്നതിയിലെത്തിച്ചത്.’
പില്‍ക്കാലത്ത് അദ്ദേഹം ഇന്ത്യയുടെ രാഷ്ട്രപതിയായതും നമുക്കറിയാം.
നമ്മുടെ നാട്ടില്‍ നിലനിന്നിരുന്ന ഗുരുശിഷ്യബന്ധം ഇത്തരത്തില്‍ മഹത്വമേറിയതായിരുന്നു. ഗുരുവിന്റെ അനുഗ്രഹം ലഭിക്കുന്നവര്‍ തിളങ്ങുന്ന നക്ഷത്രങ്ങളായി തീരുമെന്നായിരുന്നു സമൂഹത്തിന്റെ ഉറച്ച വിശ്വാസം. തന്റെ മുന്നിലെത്തുന്ന ശിഷ്യന്‍മാരുടെ മനസിലെ ഇരുട്ടിനെ നീക്കി അവരെ വിശ്വമാനവരാക്കി രൂപാന്തരപ്പെടുത്തിയിരുന്നത് ഗുരുക്കന്‍മാരാണ്.
വിദ്യാര്‍ഥികള്‍ക്ക് പാഠപുസ്തകങ്ങളിലെ അറിവ് പകര്‍ന്നുകൊടുക്കുക എന്ന ദൗത്യം മാത്രമല്ല ഒരധ്യാപകനുള്ളത്. അങ്ങനെയുള്ള ഒരാളെ നമുക്ക് അധ്യാപനത്തൊഴിലാളി എന്നു വിളിക്കാനേ കഴിയൂ. പക്ഷേ അറിവിനൊപ്പം നെറിവും കൂടി പങ്കുവച്ചു നല്‍കുമ്പോഴാണ് ഒരധ്യാപകന്‍ നല്ലൊരു ഗുരുവായി മാറുന്നത്. അറിവും നെറിവും തേനും വയമ്പും പോലെ വിശുദ്ധമാണ്. ഇവ രണ്ടും ചാലിച്ചുചേര്‍ത്ത് തന്റെ വിദ്യാര്‍ഥിക്ക് നല്‍കുമ്പോഴാണ് അവരുടെ ജീവിതം വിജയത്തിലേക്ക് നയിക്കുന്നത്.
അധ്യാപകന്റെ മുന്നിലെത്തുന്നത് വെറും കുട്ടികളല്ല. നാടിന്റെ നാളത്തെ മുത്തുകളാണ്. ഭാവിയിലെ ശാസ്ത്രകാരന്മാരും കലാകാരന്മാരും സാഹിത്യകാരന്മാരും കായികതാരങ്ങളും ഭരണകര്‍ത്താക്കളുമെല്ലാം അക്കൂട്ടത്തിലുണ്ട്. അവരുടെ കഴിവുകള്‍ കണ്ടെത്തി വളര്‍ത്തിയെടുക്കേണ്ടതും അവര്‍ക്ക് വേദിയൊരുക്കേണ്ടതും അധ്യാപകന്റെ ഭാരിച്ച ചുമതലയാണ്. അതു നിറവേറ്റാന്‍ കഴിയാത്തവന് ഒരിക്കലും അധ്യാപകനായിരിക്കാന്‍ യോഗ്യതയില്ല.
തലമുറകളായി നമ്മള്‍ വളര്‍ത്തിക്കൊണ്ടുവന്ന മഹനീയമായ ഗുരു-ശിഷ്യ സംസ്‌കാരത്തെ കുഴികുത്തിമൂടുന്നത് ഭാരതീയതയ്ക്ക് യോജിച്ചതല്ല. അധ്യാപക-വിദ്യാര്‍ഥി ബന്ധത്തിന്റെ പവിത്രത കാത്തുസൂക്ഷിക്കാന്‍ നാം എക്കാലത്തും ഉണര്‍ന്നിരിക്കേണ്ടതുണ്ട്.

അറിവിന്‍ ചെപ്പുതുറന്നു തരുന്നു
അലിവോടെന്നും ഗുരുനാഥന്‍
അക്ഷരവിദ്യ പഠിപ്പിക്കുന്നു
നമ്മളെയെന്നും ഗുരുനാഥന്‍
സത്യത്തിന്റെ വഴിത്താരകളില്‍
നമ്മെ നയിപ്പൂ ഗുരുനാഥന്‍
നന്മകള്‍ നമ്മുടെയുള്ളില്‍ നിറപ്പൂ
നല്ലവനാകും ഗുരുനാഥന്‍
വിജയകിരീടം ചൂടിക്കുന്നു
നമ്മളെയെന്നും ഗുരുനാഥന്‍
ഗുരുവിന്‍ വാക്കുകള്‍ കേട്ടീടേണം
ഗുരുവിനെ നമ്മള്‍ വണങ്ങേണം
-എന്ന ഗുരുസ്മൃതി എന്നും നമ്മുടെ മനസിലും നാവിന്‍ തുമ്പിലുമുണ്ടാകട്ടെ.

തയാറാക്കിയത്: ആദില്‍ ആറാട്ടുപുഴ


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.