2019 April 20 Saturday
കാലത്തില്‍നിന്ന് നിനക്കു നഷ്ടപ്പെട്ടതിന് ഇനി പകരമില്ല. അതില്‍നിന്ന് നേടിയെടുത്തതാകട്ടെ വിലമതിക്കപ്പെടുകയുമില്ല. -അത്വാഉല്ലാ സിക്കന്തറി

ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍; ഭക്ഷണസാധനങ്ങള്‍ പത്രക്കടലാസില്‍ പൊതിയുന്നത് നിരോധിച്ചു

ന്യൂഡല്‍ഹി: പത്രക്കടലാസിലുള്ള മഷി ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്ന് ഭക്ഷണസാധനങ്ങള്‍ പൊതിയാന്‍ പത്രക്കടലാസുകള്‍ ഉപയോഗിക്കുന്നത് ദേശീയ ഭക്ഷ്യസുരക്ഷാ ഗുണനിലവാര അതോരിറ്റി നിരോധിച്ചു.

 

സംസ്ഥാന ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍മാരോട് ഇക്കാര്യത്തില്‍ ശക്തമായ നടപടിയെടുക്കാനും ദേശീയ ഭക്ഷ്യസുരക്ഷാ ഗുണനിലവാര അതോരിറ്റി നിര്‍ദ്ദേശം നല്‍കി.

 

ബയോ ആക്ടീവ് പദാര്‍ത്ഥങ്ങള്‍, നിറങ്ങള്‍ തുടങ്ങി മനുഷ്യരുടെ ആരോഗ്യത്തെ ഹാനികരമായി ബാധിക്കുന്ന രാസപദാര്‍ത്ഥങ്ങള്‍ അച്ചടിമഷിയില്‍ അടങ്ങിയിട്ടുണ്ട്. ഭക്ഷണ സാധനങ്ങള്‍ പത്രക്കടലാസില്‍ പൊതിയുമ്പോള്‍ ഈ രാസ പദാര്‍ത്ഥങ്ങള്‍ അവയില്‍ കലരുകയും മനുഷ്യരിലേക്ക് എത്തുകയും ചെയ്യുന്നു.

 

ഇത് ഒഴിവാക്കാന്‍ പത്രകടലാസുകളില്‍ ഭക്ഷ്യ സാധനങ്ങള്‍ പൊതിഞ്ഞ് നല്‍കുന്നത് വിലക്കുകയാണെന്ന് ദേശീയ ഭക്ഷ്യസുരക്ഷാ ഗുണനിലവാര അതോരിറ്റി വ്യക്തമാക്കി. പ്രായമായവരിലും കുട്ടികളിലും ക്യാന്‍സറടക്കമുള്ള മാരക രോഗങ്ങള്‍ വരെ വരുന്നതിന് ഈ രാസ പദാര്‍ത്ഥങ്ങള്‍ കാരണമകുമെന്ന് അതോരിറ്റി പറയുന്നു. ചെറുകിട ഹോട്ടലുകളിലും തട്ടുകടകളിലും ഇത്തരത്തിലാണ് ഇപ്പോഴും ഭക്ഷ്യ സാധനങ്ങള്‍ പൊതിഞ്ഞ് നല്‍കുന്നതെന്നും ഇത് നിര്‍ത്തലാക്കണമെന്നും ദേശീയ ഭക്ഷ്യസുരക്ഷാ ഗുണനിലവാര അതോരിറ്റി അറിയിച്ചു

 

ഇക്കാര്യത്തില്‍ ശക്തമായ നടപടി സ്വീകരിക്കണമെന്ന് എല്ലാ സംസ്ഥാനങ്ങളിലേയും കേന്ദ്ര ഭരണ പ്രദേശിങ്ങളിലേയും ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍മാര്‍ക്ക് അതോരിറ്റി നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ കണക്കനുസരിച്ച് 1.25 കോടി തട്ടുകടകളാണ് ഇന്ത്യയിലുള്ളത്. പത്രകടലാസില്‍ പൊതിയുന്നത് വിലക്കുന്നതിനോടൊപ്പം ശക്തമായ ബോധവത്കരണവും ഈ വിഷയത്തില്‍ വേണമെന്ന് അധികൃതര്‍ വ്യക്തമാക്കി. നിര്‍ദ്ദേശം ലംഘിക്കുന്ന കടയുടമകള്‍ക്കെതിരെ എന്ത് ശിക്ഷാ നടപടിയാണ് സ്വീകരിക്കുകയെന്ന കാര്യം ദേശീയ ഭക്ഷ്യസുരക്ഷാ ഗുണനിലവാര അതോരിറ്റി അറിയിച്ചിട്ടില്ല.

 

ചിലവ് കുറവായത് കാരണമാണ് ഭക്ഷണസാധനങ്ങള്‍ പൊതിയാന്‍ പത്രക്കടലാസ്സുകള്‍ കച്ചവടക്കാര്‍ ഉപയോഗിക്കുന്നത്. ഗുണമേന്മ കുറഞ്ഞ പേപ്പറും മഷിയുമാണ് പത്രങ്ങള്‍ അച്ചടിക്കാന്‍ ഉപയോഗിക്കുന്നത്. പത്രക്കടലാസ്സിലെ മഷി വേഗത്തില്‍ തന്നെ ഇളികി പോകാറുണ്ട്. മാത്രമല്ല എണ്ണയില്‍ വറുത്ത ഭക്ഷണം പോലെയുള്ളവ പത്രക്കടലാസ്സില്‍ പൊതിയുമ്പോള്‍ മഷി വേഗത്തില്‍ ഇളികിപ്പോകുന്നു.

 

അത് ഭക്ഷണ സാധനങ്ങളില്‍ വേഗത്തില്‍ പറ്റിപിടിക്കുന്നു. ആരോഗ്യ സുരക്ഷക്ക് നിയമം നിര്‍മിക്കുമ്പോള്‍ അത് എത്രമാത്രം കച്ചവടക്കാര്‍ പ്രാവര്‍ത്തികമാക്കുമെന്ന് പറയാനാവില്ല. നിലവില്‍ ഗുണമേന്മ കുറഞ്ഞ പ്ലാസ്റ്റിക്ക് കവറുകള്‍ നിരോധിച്ചതാണ്.
എന്നാല്‍ പലയിടങ്ങളിലും വ്യാപകമായി കച്ചവടക്കാര്‍ ഇപ്പോഴും അത്തരത്തിലുള്ള കവറുകള്‍ ഉപയോഗിക്കുന്നുണ്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.