2018 September 22 Saturday
ഒരാളുടെ മഹത്വം അളക്കുന്നത് അയാള്‍ തനിക്ക് താഴ്ന്നവരോട് എങ്ങനെ ഇടപെടുന്നു എന്നു നോക്കിയാണ്
ജെ.കെ റൗളിങ്

ഗുണ നിലവാര പരിശോധനക്കിടെ ജാക്കറ്റ് കഴുത്തില്‍ കുടുങ്ങി; ലൈഫ്ഗാര്‍ഡിനെ രക്ഷപ്പെടുത്തി

വിഴിഞ്ഞം: മത്സ്യതൊഴിലാളികള്‍ക്ക് നല്‍കുന്ന ലൈഫ് ജാക്കറ്റുകളുടെ ഗുണ നിലവാര പരിശോധനക്കിടെ ജാക്കറ്റ് കഴുത്തില്‍ അമര്‍ന്ന ലൈഫ്ഗാര്‍ഡിനെ മറ്റുള്ളവര്‍ രക്ഷപ്പെടുത്തി. പുതിയതായി നിര്‍മിച്ച ലൈഫ് ജാക്കറ്റുകളുടെ ഗുണനിലവാര പരിശോധനക്കിടെയാണ് സംഭവം. ഇന്നലെ ഉച്ചക്ക് പന്ത്രണ്ടോടെ വിഴിഞ്ഞം തീരത്തു നിന്ന് ഏകദേശം ഒന്നരനോട്ടിക്കല്‍ മൈല്‍ ഉള്‍ക്കടലില്‍ ആയിരുന്നു സംഭവം.
ഗുണനിലവാര പരിശോധനക്കായി പരീക്ഷണാര്‍ത്ഥം ജാക്കറ്റണിഞ്ഞ് കടലിലേക്ക് ചാടി നീന്തിയ വിഴിഞ്ഞം മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റിലെ ലൈഫ് ഗാര്‍ഡ് പ്രദീപിന്റെ കഴുത്തിലാണ് ജാക്കറ്റ് കുരുങ്ങിയത്. കടലില്‍ വീഴുന്നയാള്‍ ജാക്കറ്റില്‍ ഘടിപ്പിച്ചിരിക്കുന്ന ബട്ടണ്‍ അമര്‍ത്തിയാല്‍ ആട്ടോമാറ്റിക്കായി ഉളളില്‍ വായു നിറഞ്ഞ് വെള്ളത്തില്‍ പൊങ്ങിക്കിടക്കാന്‍ കഴിയുന്ന തരത്തില്‍ പ്രത്യേകരൂപകല്‍പന ചെയ്തതാണ് പുതിയ ജാക്കറ്റുകളെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ നിര്‍മാണത്തകരാറ് കാരണം ബട്ടണ്‍ അമര്‍ത്താതെ തന്നെ അപ്രതീക്ഷിതമായി വായു നിറഞ്ഞ ജാക്കറ്റ് പ്രദീപിന്റെ കഴുത്തില്‍ അമര്‍ന്നു.
ജാക്കറ്റുമണിഞ്ഞ് കടലില്‍ നീന്തിയ ഇയാള്‍ ജാക്കറ്റ് കഴുത്തില്‍ അമര്‍ന്നതോടെ ശ്വാസം കിട്ടാതെ രക്ഷക്കായി കൈ ഉയര്‍ത്തി. പന്തികേട് മനസിലായതോടെ മറൈന്‍ ലൈഫ് ഗാര്‍ഡ് കൃഷ്ണന്‍, തീരദേശ പൊലിസ് ലൈഫ് ഗാര്‍ഡ് ഡിക്‌സണ്‍ ഗോമസ് എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തിനായി കടലില്‍ ചാടി. ശ്വസം കിട്ടാതെ അവശനായ പ്രദീപിനെ ഏറെ സാഹസപ്പെട്ടാണ് തീരദേശ പൊലിസിന്റെ ബോട്ടില്‍ കയറ്റി രക്ഷപ്പെടുത്തിയത്. മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെയും ഫിഷറീസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെയും ഉന്നത ഉദ്യോഗസ്ഥരുടെ സാനിധ്യത്തിലായിരുന്നു സംഭവം.വ്യത്യസ്ത അളവിലും തൂക്കത്തിലുമുള്ള ആറ് പേരെ ജാക്കറ്റ് അണിയിച്ചാണ് പരീക്ഷണം നടത്തിയത്. അഞ്ച് ലൈഫ് ഗാര്‍ഡുമാരും മത്സ്യത്തൊഴിലാളിയായ വിഴിഞ്ഞം സ്വദേശി വില്‍ഫ്രഡുമാണ് പരീക്ഷണത്തിന് ഇറങ്ങിയത്. പുതുതായി രൂപകല്‍പന ചെയ്ത ജാക്കറ്റുകളില്‍ പലതിനും നിര്‍മാണത്തകരാറുള്ളതായാണ് പറയപ്പെടുന്നത്.
ഫിഷറീസ് ജോയിന്റ് ഡയറക്ടര്‍മാരായ ഇഗ്‌നേഷ്യസ് മണ്‍റോ, സ്മിതാ ആര്‍. നായര്‍, മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് എസ്.പി സുനീഷ് കുമാര്‍, മറൈന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ താജുദ്ദീന്‍, ഫിഷറീസ് ഡി.ഡി ദീനാ സുകുമാരന്‍, ഏ.ഡി മീനകുമാരി, ജാക്കറ്റ് കമ്പനികളുടെ പ്രതിനിധികള്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് പരീക്ഷണവും പരിശോധനയും നടന്നത്.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.