
ഭാവ്നഗര്‍: ഗുണ്ടാ പിരിവ് നല്‍കിയില്ല. ഗുജറാത്തിലെ ഭാവ്നഗറില്‍ പച്ചക്കറി വ്യാപാരിയെ എട്ടംഗ സംഘം തല്ലിക്കൊന്നു. റഫീഖ് ഹുസൈനെന്ന വ്യാപാരിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.
എട്ടുപേര്‍ ചേര്‍ന്ന് വടിയും കഠാരയുമായി അടിച്ച് കൊലപ്പെടുത്തുന്ന ദൃശ്യങ്ങളാണ് പുറത്തു വന്നത്. സമീപത്തെ സുരക്ഷാ കാമറയിലാണ് ദൃശ്യങ്ങള്‍ പതിഞ്ഞത്. റഫീഖ് ഹുസൈന് ഭാവ്നഗറില്‍ അടുത്തിടെ പുതിയ വീട് വാങ്ങിയിരുന്നു. തുടര്‍ന്ന് ഈ ഇടപാടിന് ഗുണ്ടാപ്പിരിവ് ആവശ്യപ്പെട്ട് ഒരു കൂട്ടം യുവാക്കള്‍ രംഗത്തെത്തി. എന്നാല്‍ തന്റെ കൈയില്‍ പണമില്ലെന്നും വായ്പയെടുത്താണ് വീട് വാങ്ങിയതെന്നും ഇയാള്‍ യുവാക്കളെ അറിയിച്ചു.
പക്ഷേ യുവാക്കള്‍ പിന്തിരിയാന് തയാറായില്ല. പണം ആവശ്യപ്പെട്ട് യുവാക്കള്‍ ഇയാളെ നിരന്തരം സമീപിക്കാറുണ്ടായിരുന്നു. ഒടുവില്‍ പണം കിട്ടില്ലെന്നായപ്പോള്‍ പ്രതികാരമായിട്ടാണ് ക്രൂര കൊലപാതകം നടത്തിയതെന്നാണ് പൊലിസ് പറയുന്നത്. 20 വയസിനു താഴെയുള്ളവരാണ് അക്രമികള്‍. അക്രമികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. കേസ് പൊലിസ് അന്വേഷിച്ച് വരികയാണ്.