2018 November 15 Thursday
ഒരു കടമ നിര്‍വഹിച്ചുകഴിഞ്ഞാലുള്ള പ്രതിഫലം മറ്റൊന്ന് നിറവേറ്റാനുള്ള ശക്തിയാണ്.

ഗുഡ്ക അഴിമതി: തമിഴ്‌നാട് ആരോഗ്യമന്ത്രി, ഡി.ജി.പി എന്നിവരുടെ വസതികളില്‍ സി.ബി.ഐ റെയ്ഡ്

 

ചെന്നൈ: നിരോധിച്ച പുകയില ഉല്‍പന്നങ്ങളുമായി ബന്ധപ്പെട്ട ഗുഡ്ക അഴിമതിക്കേസില്‍ തമിഴ്‌നാട് ആരോഗ്യമന്ത്രി സി. വിജയഭാസ്‌കറിന്റേയും ഡി.ജി.പി ടി രാജേന്ദ്രന്‍, മുന്‍പൊലിസ് കമ്മിഷനര്‍ എസ്. ജോര്‍ജ് അടക്കമുള്ള പൊലിസ് ഉദ്യോഗസ്ഥരുടെ വസതികളില്‍ സി.ബി.ഐ റെയ്ഡ് നടത്തി. ചെന്നൈയിലെ 40 ഇടങ്ങളിലാണ് ഇന്നലെ റെയ്ഡ് നടത്തിയത്.
അഴിമതിയില്‍ മന്ത്രിക്കൊപ്പം ഉന്നത പൊലിസ് ഉദ്യോഗസ്ഥര്‍ക്കും പങ്കുണ്ടെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു റെയ്ഡ്.
2016ല്‍ തമിഴ്‌നാട്ടിലെ പുകയില നിര്‍മാതാവായ മാധവ റാവുവിന്റെ ഗോഡൗണില്‍ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. റെയ്ഡില്‍ തമിഴ്‌നാട് മന്ത്രിയടക്കമുള്ളവര്‍ക്ക് കോടികള്‍ കൈക്കൂലിയായി നല്‍കിയെന്ന് വ്യക്തമാക്കുന്ന ഡയറി കണ്ടെടുത്തിരുന്നു. നിരോധിത പുകയില വില്‍ക്കാനുള്ള അനുമതിക്കായാണ് കൈക്കൂലി നല്‍കിയിരുന്നതെന്നാണ് കണ്ടെത്തിയത്.
തമിഴ്‌നാട്ടിലെല്ലായിടത്തും പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നത് കണ്ടിട്ടും പൊലിസോ മറ്റ് ഉദ്യോഗസ്ഥരോ ഇത് കണ്ടില്ലെന്ന ഭാവത്തിലായിരുന്നു. സംഭവത്തില്‍ അഴിമതിയുണ്ടെന്ന് ആരോപണമുന്നയിച്ച് ഉന്നത തല അന്വേഷണത്തിന് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിട്ടും അണ്ണാ ഡി.എം.കെ സര്‍ക്കാര്‍ ഇതിന് തയാറായിരുന്നില്ല. തുടര്‍ന്ന് ഡി.എം.കെ നിയമസഭാംഗം ജെ. അമ്പഴകന്‍ മദ്രാസ് ഹൈക്കോടതിയില്‍ നല്‍കിയ ഹരജിയിലാണ് അന്വേഷണം സി.ബി.ഐക്ക് വിട്ടുകൊണ്ട് ഉത്തരവായത്. അന്വേഷണത്തിന്റെ ഭാഗമായിട്ടാണ് തമിഴ്‌നാട്ടില്‍ റെയ്ഡ് നടത്തിയത്.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.