2019 February 16 Saturday
യഥാര്‍ഥ മഹാന്‍ ഒരിക്കലും തന്നെക്കുറിച്ച് അങ്ങനെ കരുതിയിട്ടേയുണ്ടാകില്ല!

ഗുജ്ജാര്‍ സമരം ശക്തം

 

ന്യൂഡല്‍ഹി: രാജസ്ഥാനില്‍ ഗുജ്ജാര്‍ സംവരണ പ്രക്ഷോഭം ശക്തമായതോടെ റെയില്‍- റോഡ് ഗതാഗതം പൂര്‍ണമായി സ്തംഭിച്ചു.
കേരളത്തില്‍ നിന്നുള്ളവ ഉള്‍പ്പെടെ 23 തീവണ്ടികള്‍ റദ്ദാക്കി. 20 തീവണ്ടികള്‍ വഴി തിരിച്ചുവിട്ടു. ദോലാപൂര്‍- ഗ്വാളിയര്‍ ദേശീയപാത ഉപരോധിച്ചവര്‍ക്കുനേരേ രാജസ്ഥാന്‍ പൊലിസ് വെടിവച്ചെങ്കിലും സമരക്കാര്‍ പിരിഞ്ഞുപോയില്ല. ആര്‍ക്കും പരുക്കില്ല. രണ്ടു പൊലിസ് വാഹനങ്ങള്‍ സമരക്കാര്‍ അഗ്നിക്കിരയാക്കി. തൊഴില്‍- വിദ്യാഭ്യാസ മേഖലകളില്‍ അഞ്ചു ശതമാനം സംവരണം ആവശ്യപ്പെട്ടാണ് ഗുജ്ജാറുകള്‍ സമരം ചെയ്യുന്നത്.

അഞ്ചു സമുദായങ്ങള്‍ക്ക് സംവരണം ആവശ്യപ്പെട്ട് ഗുജ്ജര്‍ നേതാവ് കിരോരി സിങ് ബെയ്ന്‍സ്‌ലയാണ് സമരം പ്രഖ്യാപിച്ചത്.
കോണ്‍ഗ്രസ് സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്തിരുന്നെന്നും അത് പാലിക്കണമെന്നും ബെയ്ന്‍സ്‌ല സാവായി മധോപൂരില്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ 20 ദിവസമായി സര്‍ക്കാരുമായി ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ കാത്തിരിക്കുകയായിരുന്നെന്ന് മറ്റൊരു ഗുജ്ജാര്‍ നേതാവ് വിജയ് ബെയ്ന്‍സ്‌ലയും പറഞ്ഞു.
ജയ്പൂര്‍- ഡല്‍ഹി, ജോധ്പൂര്‍- ബില്‍വാര, അജ്മീര്‍- ബില്‍വാര ദേശീയ പാതകള്‍ ഉപരോധിച്ചതായി വിജയ് ബെയ്ന്‍സ്‌ല പറഞ്ഞു. സാവായി മധോപൂരിനടുത്ത മലാര്‍ണ ദൂന്‍നഗറില്‍ ഗുജ്ജാറുകള്‍ റെയില്‍പാളത്തില്‍ പന്തല്‍ കെട്ടി. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്്‌ലോട്ടിന്റെ അഭ്യര്‍ഥന തള്ളിയാണ് റെയില്‍ തടസം ഉയര്‍ത്തിയിരിക്കുന്നത്. കേന്ദ്രസര്‍ക്കാരിന് നിവേദനം നല്‍കാനാണ് ഗെഹ്്‌ലോട്ട് സമരക്കാര്‍ക്ക് നല്‍കുന്ന നിര്‍ദേശം.

കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഒ.ബി.സി സംവരണം 21 ശതമാനത്തില്‍ നിന്ന് 26 ശതമാനമാക്കി രാജസ്ഥാന്‍ സര്‍ക്കാര്‍ നിയമം കൊണ്ടുവന്നിരുന്നു.
ഡിസംബറില്‍ ഗുജ്ജാറുകള്‍ക്കും മറ്റു നാലു ഒ.ബി.സി വിഭാഗങ്ങള്‍ക്കും ഒരു ശതമാനം സംവരണവും കൊണ്ടുവന്നു. പരമാവധി സംവരണ തോതായ 50 ശതമാനത്തിനുള്ളിലാണ് ഈ സമുദായങ്ങള്‍ക്ക് ഒരു ശതമാനം പ്രത്യേക സംവരണം നല്‍കിയത്. ഇത് അഞ്ചു ശതമാനമാക്കണമെന്നാണ് ആവശ്യം.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.