2018 September 26 Wednesday
മടിയന്മാരുടെ പ്രാര്‍ഥന ദൈവം കേള്‍ക്കില്ല
സൈറസ്

ഗുജറാത്ത് ലയണ്‍സിനെതിരേ ഡല്‍ഹിക്ക് എട്ടു വിക്കറ്റ് വിജയം

രാജ്‌കോട്ട്: ഗുജറാത്ത് ലയണ്‍സിനെതിരായ ഐ.പി.എല്‍ പോരാട്ടത്തില്‍ ഡല്‍ഹി ഡയര്‍ഡെവിള്‍സിനു അനായാസ ജയം. എട്ടു വിക്കറ്റിനാണ് ഡല്‍ഹി വിജയം സ്വന്തമാക്കിയത്. ജയത്തോടെ ഡല്‍ഹി രണ്ടാം സ്ഥാനത്തേക്കുയര്‍ന്നു. ആദ്യം ബാറ്റു ചെയ്ത ഗുജറാത്ത് നിശ്ചിത 20 ഓവറില്‍ 149 റണ്‍സെടുത്തപ്പോള്‍ ഡല്‍ഹി 17.2 ഓവറില്‍ രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തില്‍ 150 റണ്‍സെടുത്തു വിജയിക്കുകയായിരുന്നു. ഓപണര്‍മാരായ ക്വിന്റന്‍ ഡി കോക്കും റിഷഭ് പന്തും ചേര്‍ന്നു ഡല്‍ഹിക്ക് സെഞ്ച്വറി കൂട്ടുകെട്ടുയര്‍ത്തി മികച്ച തുടക്കമാണ് നല്‍കിയത്. ഇരുവരും ചേര്‍ന്ന് 13.3 ഓവറില്‍ 115 റണ്‍സ് അടിച്ചെടുത്തു. റിഷഭായിരുന്നു കൂട്ടത്തില്‍ അപകടകാരി. 40 പന്തില്‍ ഒന്‍പത് ഫോറും രണ്ടു സിക്‌സും പറത്തി 18കാരന്‍ 69റണ്‍സ് വാരി. 45 പന്തില്‍ ക്വിന്റന്‍ ഡി കോക്ക് 46 റണ്‍സെടുത്തു. പിന്നീടെത്തിയ മലയാളി താരം സഞ്ജു സാംസണ്‍ (19), ഡുമിനി (13) എന്നിവര്‍ വിജയം പൂര്‍ത്തിയാക്കി. സ്‌കോര്‍ 144 നില്‍ക്കേ സഞ്ജു സിക്‌സര്‍ പറത്തി ഡല്‍ഹിയുടെ സ്‌കോര്‍ 150 എത്തിച്ചു.

ടോസ് നഷ്ടപ്പെട്ട് സ്വന്തം മണ്ണില്‍ ഡല്‍ഹി ഡയര്‍ഡെവിള്‍സിനെതിരേ ആദ്യം ബാറ്റു ചെയ്ത ലയണ്‍സ് നിശ്ചിത 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സെടുത്തു. മികച്ച ബൗളിങുമായി ഡല്‍ഹി കളം നിറഞ്ഞപ്പോള്‍ ഗുജറാത്തിനു നന്നേ വിയര്‍ക്കേണ്ടി വന്നു. തുടക്കത്തില്‍ 24 റണ്‍സെടുക്കുന്നതിനിടെ മൂന്നു വിക്കറ്റുകള്‍ വീണത് അവര്‍ക്ക് തിരിച്ചടിയായി. മികച്ച തുടക്കം നല്‍കാറുള്ള സ്മിത്ത്- മെക്കല്ലം സഖ്യത്തിനു നിലയുറപ്പിക്കാന്‍ സാധിച്ചില്ല. സ്മിത്ത് 15ഉം മെക്കല്ലം ഒരു റണ്‍സുമെടുത്തു പുറത്തായി. പിന്നാലെയെത്തിയ ഫിഞ്ചിനും ആധികം ആയുസ്സുണ്ടായില്ല. ഫിഞ്ചിനേയും സ്മിത്തിനേയും പുറത്താക്കി ഷഹബാസ് നദീം ഗുജറാത്തിനെ തുടക്കത്തില്‍ ഞെട്ടിച്ചു. നാലാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന നായകന്‍ റെയ്‌നയും ദിനേശ് കാര്‍ത്തികും ചേര്‍ന്നു ഇന്നിങ്‌സ് നേരയാക്കാന്‍ ശ്രമിച്ചു. റെയ്‌ന 24 റണ്‍സുമായി പുറത്തായെങ്കിലും ഒരറ്റത്ത് കാര്‍ത്തിക് പൊരുതി. 43 പന്തില്‍ 53 റണ്‍സെടുത്ത കാര്‍ത്തികിന്റെ ചെറുത്തു നില്‍പ്പും ആറാമനായി ക്രീസിലെത്തി പുറത്താകാതെ നിന്നു 26 പന്തില്‍ 36 റണ്‍സെടുത്ത ജഡേജയുടേ മിന്നലടികളുമാണ് ഗുജറാത്തിന്റെ സ്‌കോര്‍ 149ല്‍ എത്തിച്ചത്.
ഡല്‍ഹി നിരയില്‍ നദീം രണ്ടും സഹീര്‍ ഖാന്‍, ക്രിസ് മോറിസ്, മുഹമ്മദ് ഷമി, അമിത് മിശ്ര എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.