2017 December 08 Friday
വിയര്‍പ്പ് വറ്റുന്നതിനു മുമ്പ് തൊഴിലാളിക്ക് അവന്റെ കൂലി കൊടുക്കുക
മുഹമ്മദ് നബി(സ)

ഗുജറാത്ത് തെരഞ്ഞെടുപ്പ്: സ്ഥാനാര്‍ഥിത്വത്തെ ചൊല്ലി ബി.ജെ.പിയില്‍ കലാപം

സുരേന്ദ്ര നഗര്‍: സ്ഥാനാര്‍ഥിത്വത്തെ ചൊല്ലി ഗുജറാത്തില്‍ ബി.ജെ.പിയില്‍ കലാപം. സുരേന്ദ്ര നഗര്‍ ജില്ലയിലെ വാദ്വാന്‍ നിയമസഭാ മണ്ഡലത്തില്‍ വ്യവസായിയായ ധാന്‍ജിഭായ് പട്ടേലിന് സീറ്റ് നല്‍കിയതാണ് പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകര്‍ക്കിടയില്‍ പ്രതിഷേധത്തിന് ഇടയാക്കിയത്.
ഇതിനിടയില്‍ മുന്‍മന്ത്രിയും പാര്‍ട്ടി ജില്ല ഭാരവാഹിയുമായ രഞ്ജിത് സിങ് ഝാല രാജിവയ്ക്കുകയാണെന്ന് പ്രഖ്യാപിച്ചതോടെ നേതൃത്വം വെട്ടിലായിരിക്കുകയാണ്. ഒന്‍പത് കോടി രൂപയ്ക്ക് സീറ്റ് വില്‍പ്പന നടത്തിയെന്ന് അദ്ദേഹം പരസ്യമായി ആരോപിക്കുകയും ചെയ്തു. എന്നാല്‍ അദ്ദേഹത്തിന്റെ ആരോപണം അടിസ്ഥാന രഹിതമാണെന്ന് ബി.ജെ.പി നേതൃത്വം പ്രതികരിച്ചു.
ജൈനമതക്കാരനായ വര്‍ഷഭന്‍ ദോഷിക്ക് ഇവിടെ സീറ്റ് നല്‍കുമെന്നായിരുന്നു നേരത്തെ ബി.ജെ.പി പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ പിന്നീട് വ്യവസായിക്ക് സീറ്റ് മറിച്ച് നല്‍കിയതോടെ ജൈനമതക്കാര്‍ക്കിടയില്‍ വലിയ പ്രതിഷേധമാണ് ഉണ്ടാക്കിയിട്ടുള്ളത്.
കറുത്ത ബാഡ്ജ് ധരിച്ചാണ് 200ഓളം ജൈനമതക്കാര്‍ ബി.ജെ.പി ഓഫിസിന് മുന്‍പില്‍ പ്രതിഷേധിച്ചത്. ഇന്നലെ 3000ത്തോളം ജൈനര്‍ യോഗം ചേര്‍ന്ന് ഇവിടെ സ്വതന്ത്ര സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ആരെ സ്ഥാനാര്‍ഥിയാക്കണമെന്ന കാര്യത്തെ സംബന്ധിച്ച് ചര്‍ച്ച നടത്തുകയാണെന്ന് ജെയ് ജിനേന്ദ്ര സേവാ ഗ്രൂപ്പ് ഉപദേശക കമ്മിറ്റി അംഗം രാജേഷ് ഭായ് ഷാ അറിയിച്ചു.
ജൈനന്മാരുടെ പ്രതിഷേധം നിലനില്‍ക്കുന്നതിനിടയില്‍ രണ്ട് തവണ എം.എല്‍.എയായ വര്‍ഷബെന്‍ ദോഷിയെ തള്ളി പുതിയ സ്ഥാനാര്‍ഥിയായ ധന്‍ജിഭായ് പട്ടേലിന് വോട്ട് ചെയ്യണമെന്നാവശ്യപ്പെട്ട് ബി.ജെ.പി ലഘുലേഖകള്‍ പുറത്തിറക്കിയിട്ടുണ്ട്.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.