2019 April 24 Wednesday
പരാജയം ഒരു കുറ്റമേയല്ല. എന്നാല്‍, പരാജയത്തില്‍ നിന്നു പാഠം പഠിക്കാതിരിക്കല്‍ ഒരു കുറ്റം തന്നെയാണ് -വാള്‍ട്ടര്‍ റിസ്റ്റണ്‍

ഗുജറാത്ത് കലാപം: ഉത്തരവാദി മോദി

ന്യൂഡല്‍ഹി: ഗുജറാത്തില്‍ 2002ല്‍ പൊട്ടിപ്പുറപ്പെട്ട കലാപത്തില്‍ സംസ്ഥാനത്തെ നരേന്ദ്ര മോദി സര്‍ക്കാരിന്റെ നടപടിയെ നിശിതമായി വിമര്‍ശിച്ച് മുന്‍ സൈനിക മേധാവിയുടെ പുസ്തകം. മോദി സര്‍ക്കാര്‍ പട്ടാളം ഇറങ്ങുന്നത് വൈകിപ്പിച്ചെന്നും സമയോചിതമായി ഇടപെട്ടിരുന്നെങ്കില്‍ 300 ഓളം ജീവനുകളെങ്കിലും രക്ഷിക്കാമായിരുന്നുവെന്നും കലാപം നിയന്ത്രിക്കുന്നതിനുള്ള സൈനിക നടപടികള്‍ക്ക് നേതൃത്വംവഹിച്ച മുന്‍ ലെഫ്റ്റനന്റ് ജനറല്‍ സമീറുദ്ദിന്‍ ഷാ. പുറത്തിറങ്ങാനിരിക്കുന്ന ‘ദ സര്‍ക്കാരി മുസല്‍മാന്‍’ എന്ന സമീറുദ്ദിന്‍ ഷായുടെ പുസ്തകത്തിലാണ് ഈ വെളിപ്പെടുത്തലുകളുള്ളത്.
കലാപം തടയാനായി സംസ്ഥാനത്തെത്തിയ പട്ടാളം സര്‍ക്കാര്‍ വാഹന സൗകര്യങ്ങള്‍ ഒരുക്കാത്തതുമൂലം 34 മണിക്കൂര്‍ വൈകിയാണ് കലാപബാധിത പ്രദേശങ്ങളിലെത്തിയത്. കലാപം ആരംഭിച്ചതിന്റെ അടുത്തദിവസം മാര്‍ച്ച് ഒന്നിനു രാവിലെ ഏഴിന് തന്നെ 3,000 പട്ടാളക്കാര്‍ അഹമ്മദാബാദില്‍ എത്തി. എന്നാല്‍ ഇവര്‍ക്ക് കലാപബാധിത പ്രദേശങ്ങളില്‍ എത്താന്‍ സര്‍ക്കാര്‍ വാഹനം ഒരുക്കിയിരുന്നില്ല. ഇവരെ എവിടെ വിന്യസിക്കണം എന്ന കാര്യത്തിലും സര്‍ക്കാര്‍ തീരുമാനമെടുത്തിരുന്നില്ല. മാര്‍ച്ച് ഒന്നിനു പുലര്‍ച്ചെ രണ്ടു മണിക്കു പ്രതിരോധ മന്ത്രി ജോര്‍ജ് ഫെര്‍ണാണ്ടസിന്റെ സാന്നിധ്യത്തില്‍ മുഖ്യമന്ത്രി നരേന്ദ്ര മോദിയെ നേരിട്ടു കണ്ട് സേന എത്തുന്ന വിവരം അറിയിച്ചിരുന്നു. കേന്ദ്രത്തില്‍ നിന്നും സംസ്ഥാനത്തു നിന്നും എല്ലാവിധ സഹായങ്ങളും ഉണ്ടാവുമെന്ന് ഉറപ്പു ലഭിച്ചതോടെയാണ് രാവിലെ തന്നെ പട്ടാളം അഹമ്മദാബാദില്‍ എത്തിയത്.
എന്നിട്ടും കലാപം കൊടുമ്പിരി കൊള്ളുമ്പോള്‍ ഒന്നര ദിവസത്തോളം പട്ടാളം വെറുതെയിരുന്നു. വാഹനസൗകര്യത്തിനുള്ള തയാറെടുപ്പുകള്‍ പുരോഗമിക്കുന്നു എന്നായിരുന്നു സര്‍ക്കാരില്‍നിന്നു ലഭിച്ച പ്രതികരണം. മനുഷ്യര്‍ കൂട്ടക്കൊലക്കിരയാവുന്നത് തടയേണ്ട വിലപ്പെട്ട സമയമാണ് ഇതുവഴി നഷ്ടമായത്.
യഥാസമയം പട്ടാളത്തെ ഇറക്കിയിരുന്നുവെങ്കില്‍ 300 പേരുടെയെങ്കിലും ജീവന്‍ രക്ഷിക്കാമായിരുന്നുവെന്നും പുസ്തകത്തില്‍ പറയുന്നു. പട്ടാളത്തെ വിന്യസിക്കുന്നതില്‍ കാലതാമസം ഉണ്ടായില്ലെന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്.ഐ.ടി) റിപ്പോര്‍ട്ട് പച്ചക്കള്ളമാണെന്നും പുസ്തകം അഭിപ്രായപ്പെടുന്നു.
അക്രമികള്‍ തീവയ്പ്പും കൊള്ളയും നടത്തുമ്പോള്‍ ഗുജറാത്ത് പൊലിസ് നോക്കിനില്‍ക്കുകയായിരുന്നു. ഭൂരിപക്ഷ മതത്തില്‍പ്പെട്ട എം.എല്‍.എമാര്‍ പൊലിസ് സ്റ്റേഷനുകളില്‍ കൂടിയിരിക്കുന്നതും കണ്ടു. കര്‍ഫ്യു ഏര്‍പ്പെടുത്താന്‍ ആവശ്യപ്പെട്ടപ്പോള്‍ മുസ്‌ലിം ഭൂരിപക്ഷ മേഖലകളെ മാറ്റിനിര്‍ത്തിയാണ് കര്‍ഫ്യു പ്രഖ്യാപിച്ചത്. കലാപകാരികള്‍ക്ക് മുസ്‌ലിം പ്രദേശങ്ങളില്‍ അഴിഞ്ഞാടാന്‍ അതു സൗകര്യമായി.
തീര്‍ത്തും വിവേചനപരമായ നീക്കങ്ങളാണ് സംസ്ഥാന പൊലിസിന്റെ ഭാഗത്തുനിന്നുണ്ടായത്. യഥാസമയം തങ്ങള്‍ക്ക് വാഹനം നല്‍കാന്‍ തയാറായിരുന്നെങ്കില്‍ കലാപത്തിന്റെ രൂക്ഷത കുറയ്ക്കാന്‍ കഴിയുമായിരുന്നു. 48 മണിക്കൂറിനുള്ളില്‍, അതായത് മാര്‍ച്ച് നാല് ആയപ്പോഴേക്കും കലാപം അടിച്ചമര്‍ത്തി.
സര്‍ക്കാര്‍ സൗകര്യം ഒരുക്കിയിരുന്നുവെങ്കില്‍ മാര്‍ച്ച് രണ്ടിനു തന്നെ കലാപം അടിച്ചമര്‍ത്താമായിരുന്നു. താന്‍ കണ്ട കാര്യങ്ങള്‍ സത്യസന്ധമായി വിവരിക്കുക മാത്രമാണ് പുസ്തകത്തില്‍ ചെയ്യുന്നതെന്നും സമീറുദ്ദിന്‍ ഷാ ആമുഖത്തില്‍ പറയുന്നുണ്ട്. പുസ്തകത്തിന്റെ ആധികാരികത ജനറല്‍ പത്മനാഭന്‍ അടക്കം രണ്ടു മുന്‍ കരസേനാ മേധാവിമാര്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.
ശനിയാഴ്ച ഡല്‍ഹിയില്‍ നടക്കുന്ന ചടങ്ങില്‍ മുന്‍ ഉപരാഷ്ട്രപതി ഡോ. ഹാമിദ് അന്‍സാരി പുസ്തകം പ്രകാശനം ചെയ്യും. അലിഗഡ് സര്‍വകലാശാലാ മുന്‍ വൈസ് ചാന്‍സലര്‍ കൂടിയായ സമീറുദ്ദിന്‍ ഷാ, പരംവിശിഷ്ട സേവാ മെഡല്‍, വിശിഷ്ട സേവാ മെഡല്‍, സേനാ മെഡല്‍ തുടങ്ങിയ ബഹുമതികള്‍ കരസ്ഥമാക്കിയിട്ടുണ്ട്.
അയോധ്യയില്‍നിന്നുള്ള കര്‍സേവകര്‍ സഞ്ചരിച്ച സബര്‍മതി എക്‌സ്പ്രസിന്റെ രണ്ട് ബോഗികള്‍ 2002 ഫെബ്രുവരി 28ന് ഗോധ്രയില്‍വച്ച് അഗ്നിക്കിരയായതിനു പിന്നാലെയാണ് ഗുജറാത്തില്‍ കലാപം പൊട്ടിപ്പുറപ്പെട്ടത്.
ഗോധ്രയിലെ ദുരന്തത്തിനു പിന്നാലെ മുതിര്‍ന്ന പൊലിസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച മുഖ്യമന്ത്രി മോദി, ഗോധ്രയ്ക്ക് പ്രതികാരം ചെയ്യാന്‍ ഹിന്ദുക്കളെ അനുവദിക്കണമെന്ന് നിര്‍ദേശം നല്‍കിയെന്ന് മുതിര്‍ന്ന ഐ.പി.എസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ട് വെളിപ്പെടുത്തിയിരുന്നു.
കേസന്വേഷിച്ച എസ്.ഐ.ടിക്കു നല്‍കിയ സത്യവാങ്മൂലത്തിലും ഭട്ട് ഇക്കാര്യം ആവര്‍ത്തിച്ചിരുന്നു. ഭട്ടിന്റെ വെളിപ്പെടുത്തലുകള്‍ ശരിവയ്ക്കുന്നതാണ് പുസ്തകത്തിലെ പരാമര്‍ശങ്ങള്‍.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.