2018 November 13 Tuesday
യഥാര്‍ഥ സൗഹൃദത്തേക്കാള്‍ വില നല്‍കാവുന്ന ഒന്നും തന്നെ ഈ ലോകത്തിലില്ല.

ഗുജറാത്തിന് റോയല്‍ ജയം

  • ജയം ആറുവിക്കറ്റിന് ബംഗളൂരുവിനായി കോഹ്‌ലി(100*) സെഞ്ച്വറി നേടി കളിയിലെ താരമായി
  • സ്‌കോര്‍ ബംഗളൂരു രണ്ടിന് 180, ഗുജറാത്ത് 19.3 ഓവറില്‍ നാലിന് 182
 

രാജ്‌കോട്ട്: ഐ.പി.എല്ലില്‍ ഇന്നലെ നടന്ന ആദ്യ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെതിരേ ഗുജറാത്ത് ലയണ്‍സിന് ആറുവിക്കറ്റ് ജയം. നായകന്‍ വിരാട് കോഹ്‌ലി(100*) പുറത്താവാതെ നേടിയ സെഞ്ച്വറിയുടെ ബലത്തില്‍ ബംഗളൂരു ഉയര്‍ത്തിയ 181 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഗുജറാത്ത് മൂന്നുപന്ത് ബാക്കി നില്‍ക്കെ നാലുവിക്കറ്റ് നഷ്ടത്തില്‍ മറികടക്കുകയായിരുന്നു.

ബംഗളൂരു ഉയര്‍ത്തിയ വമ്പന്‍ വിജയലക്ഷ്യം അനായാസമാണ് ഗുജറാത്ത് പിന്തുടര്‍ന്നത്. ഡ്വെയ്ന്‍ സ്മിത്ത്(32) ബ്രണ്ടന്‍ മക്കല്ലം(42) ഓപണിങ് കൂട്ടുകെട്ട് ആദ്യ വിക്കറ്റില്‍ 32 പന്തില്‍ 47 റണ്‍സ് ചേര്‍ത്തു. അപകടകരമായി മുന്നേറിയ സഖ്യത്തെ പൊളിച്ചത് കെയ്ന്‍ റിച്ചാര്‍ഡ്‌സനായിരുന്നു. സ്മിത്ത് 21 പന്ത് നേരിട്ട് മൂന്നു ബൗണ്ടറിയും രണ്ടു സിക്‌സറും പറത്തി. സ്മിത്ത് പുറത്താവുന്നത് വരെ പതിയെ കളിച്ച മക്കല്ലം പിന്നീട് വിശ്വരൂപം പുറത്തെടുത്തു. റിച്ചാര്‍ഡ്‌സന്റെ ഒരോവറില്‍ 25 റണ്‍സാണ് മക്കല്ലം അടിച്ചു കൂട്ടിയത്. ഇതില്‍ അഞ്ചു റണ്‍സ് എകസ്ട്രാ ഇനത്തില്‍ ലഭിക്കുകയും ചെയ്തു.
രണ്ടു വീതം ബൗണ്ടറിയും സിക്‌സറുമാണ് മക്കല്ലം അടിച്ചത്. ഷംസി എറിഞ്ഞ ഒന്‍പതാം ഓവറിലാണ് മക്കല്ലം പുറത്തായത്. പിന്നീട് സുരേഷ് റെയ്‌ന(28) ദിനേഷ് കാര്‍ത്തിക്(50*) സഖ്യം നാലാം വിക്കറ്റില്‍ 53 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഈ കൂട്ടൂകെട്ടാണ് ഗുജറാത്തിനെ വിജയത്തിലെത്തിക്കുന്നതില്‍ നിര്‍ണായകമായത്. 24 പന്തില്‍ നാലു ബൗണ്ടറിയടങ്ങുന്നതാമ് റെയ്‌നയുടെ ഇന്നിങ്‌സ്. കാര്‍ത്തിക്കിന്റെ ഇന്നിങ്‌സില്‍ മൂന്നു ബൗണ്ടറിയുണ്ടായിരുന്നു. ബംഗളൂരുവിന്റെ ബൗളര്‍മാരെല്ലാം നന്നായി റണ്‍സ് വഴങ്ങി. റിച്ചാര്‍ഡ്‌സന്‍ നാലോവറില്‍ 53 റണ്‍സാണ് വഴങ്ങിയത്. നാലോവറില്‍ 21 റണ്‍സ് വഴങ്ങി ഒരുവിക്കറ്റെടുത്ത ഷംസിയാണ് മികച്ച പ്രകടനം നടത്തി.
നേരത്തെ വിരാട് കോഹ്‌ലിയുടെ ഒറ്റയാള്‍ പ്രകടനമാണ് ബംഗളൂരുവിനെ വമ്പന്‍ സ്‌കോറിലേക്ക് നയിച്ചത്. തുടക്കത്തില്‍ തന്നെ ഷെയ്ന്‍ വാട്‌സ(6)നെ ടീമിന് നഷ്ടമായിരുന്നു. പിന്നീട് എ.ബി ഡിവില്ല്യേഴ്‌സു(20)മൊത്ത് ഇന്നിങ്‌സിനെ കോഹ്‌ലി മുന്നോട്ട് നയിച്ചെങ്കിലും ഇടയ്്ക്ക് ഡിവില്ല്യേഴ്‌സ് പുറത്തായത് ടീമിന് തിരിച്ചടിയായി. പിരിയാത്ത നാലാം വിക്കറ്റില് ലോകേഷ് രാഹുല്‍(51*) കോഹ്‌ലിക്കൊപ്പം 121 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. സീസണില്‍ രണ്ടാമത്തെ സെഞ്ച്വറി പ്രകടനമാണ് കോഹ്‌ലിയുടേത്. താരത്തിന്റെ ആദ്യ സെഞ്ച്വറി കൂടിയാണിത്.63 പന്ത് നേരിട്ട് 11 ബൗണ്ടറിയും ഒരു സിക്‌സറും കോഹ്‌ലി പറത്തിയിരുന്നു. രാഹുലിന്റെ ഇന്നിങ്‌സില്‍ നാലു ബൗണ്ടറിയും മൂന്നു സിക്‌സറുമുണ്ടായിരുന്നു. കോഹ്‌ലിയാണ് മത്സരത്തിലെ താരം.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.