2018 November 19 Monday
നല്ല സ്വഭാവം ആഴ്ചകൊണ്ടോ മാസം കൊണ്ടോ ഉണ്ടാകുന്നതല്ല. അത് ഓരോ ദിവസവും അല്‍പാല്‍പമായി രൂപപ്പെട്ട് വരുന്നതാണ്.

ഗിന്നസ് റെക്കോര്‍ഡോടെ ഹജ്ജ് ഹാക്കത്തോണിന് തുടക്കമായി

അബ്ദുസ്സലാം കൂടരഞ്ഞി

മക്ക: ഹാജിമാര്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട സേവനങ്ങള്‍ നല്‍കുന്നതിനുള്ള വഴികള്‍ കണ്ടെത്തുന്നതിനായി ഹാക്കത്തോണിന് തുടക്കമായി. മൂന്ന് ദിവസം നീണ്ടണ്ടു നില്‍ക്കുന്ന പരിപാടിയില്‍ നൂറിലധികം രാഷ്ട്രങ്ങളില്‍ നിന്നായി 3000 യുവതീ-യുവാക്കളാണ് പങ്കെടുക്കുന്നത്. ഹജ്ജ് തീര്‍ഥാടകര്‍ക്ക് സഹായകരമാകുന്ന വിവിധ സംരംഭങ്ങള്‍ കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെ തുടങ്ങിയ ഹാക്കത്തോണ്‍ മിഡ് ഈസ്റ്റിലെ തന്നെ ഏറ്റവും വലിയതാണ്. കംപ്യുട്ടര്‍ പ്രോഗ്രാം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിദഗ്ധര്‍, വന്‍കിട കമ്പനികള്‍, എന്നിവയുടെ സഹകരണത്തോടെ നടത്തുന്ന പരിപാടി സഊദി ഫെഡറേഷന്‍ ഫോര്‍ സൈബര്‍ സെക്ക്യൂരിറ്റി പ്രോഗ്രാമിങ് ആന്‍ഡ് ഡ്രോണ്‍സ് ആണ് സംഘടിപ്പിച്ചിരിക്കുന്നത്. ഇതോടെ ഏറ്റവും വലിയ ഹാക്കത്തോണ്‍ സംഘടിപ്പിക്കുന്ന രാജ്യമായി സഊദി മാറി.
വിക്കിപീഡിയ സ്ഥാപകന്‍ ജിമ്മി വെയ്ല്‍സ്, ആപ്പിള്‍ സഹസ്ഥാപകന്‍ സ്റ്റീവ് വോസ്‌നിയാക് എന്നിവരുടെ സാന്നിധ്യമാണ് പരിപാടിയിലെ പ്രധാന ആകര്‍ഷണം. ഭക്ഷണം, പാനീയം, ആരോഗ്യം, സാമ്പത്തിക രംഗം, ഗതാഗതം, ആള്‍ക്കൂട്ട നിയന്ത്രണം, ഗതാഗത നിയന്ത്രണം, യാത്ര, താമസം, മാലിന്യ നിര്‍മാര്‍ജനം, വിനിമയ സംവിധാനം തുടങ്ങിയ മേഖലകളില്‍ ആശയങ്ങള്‍ രൂപപ്പെടുത്തും.
ഗൂഗിള്‍ ആണ് മാര്‍ഗനിര്‍ദേശകത്വം നല്‍കുക. ആശയങ്ങള്‍ പദ്ധതികളാക്കി മാറ്റുന്നതിന് ഹാക്കത്തോണില്‍ മുന്നിലെത്തുന്ന മൂന്നുപേര്‍ക്ക് മൊത്തം 20 ലക്ഷം റിയാല്‍ സമ്മാനതുകയാണ് എസ്.എ.എഫ്.സി.എസ്.പി പ്രഖ്യാപിച്ചിരിക്കുന്നത്. ആദ്യ സ്ഥാനക്കാരന് 10 ലക്ഷവും രൂപയും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് അഞ്ച് ലക്ഷവും മൂന്നര ലക്ഷവും വീതവുമാണ്. ഇത് കൂടാതെ ഒന്നര ലക്ഷം റിയാലിന്റെ പ്രോത്സാഹന സമ്മാനവും നല്‍കും.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.