2018 November 17 Saturday
ജീവിച്ചതല്ല ജീവിതം, നാം ഓര്‍മയില്‍ വയ്ക്കുന്നതാണ്, പറഞ്ഞു കേള്‍പ്പിക്കാന്‍ വേണ്ടി നാം ഓര്‍മ്മയില്‍ വയ്ക്കുന്നതാണു ജീവിതം

ഗാന്ധിജിയുടെ 150ാം ജന്മവാര്‍ഷികം: ശിക്ഷാഇളവിന് സംസ്ഥാനത്ത് നിന്ന് 96 പേര്‍

തിരുവനന്തപുരം: മഹാത്മാ ഗാന്ധിയുടെ 150ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് തടവുകാര്‍ക്ക് ശിക്ഷാ ഇളവു നല്‍കുന്നു. കേന്ദ്രസര്‍ക്കാരിന്റെ പദ്ധതിയിലേക്ക് സംസ്ഥാനത്ത് നിന്നുള്ള പ്രാഥമിക പട്ടികയായി. സംസ്ഥാനത്തെ വിവിധ ജയിലുകളില്‍ കഴിയുന്ന മൂന്നു വനിതകളുള്‍പ്പടെ 96 പേരുടെ പട്ടികയാണ് ജയില്‍വകുപ്പ് തയാറാക്കിയിരിക്കുന്നത്.
ജയില്‍ സൂപ്രണ്ടുമാരാണ് തടവുകാരുടെ പേരുകള്‍ കൈമാറിയത്. ജയില്‍ ഡി.ഐ.ജിമാര്‍, ചീഫ് വെല്‍ഫെയര്‍ ഓഫിസര്‍ തുടങ്ങിയവര്‍ ഉള്‍പ്പെടുന്ന സമിതി പട്ടിക വിലയിരുത്തി പുതിയ പട്ടിക തയാറാക്കും.
പ്രാഥമിക പട്ടിക വിലയിരുത്തുന്നതിനുള്ള രണ്ടാമത്തെ യോഗം ഇന്നലെ നടന്നു. ആദ്യയോഗം കഴിഞ്ഞമാസവും നടന്നിരുന്നു. വിലയിരുത്തലിനു ശേഷം തയാറാക്കുന്ന പുതിയ പട്ടിക ജയില്‍ ഡി.ജി.പി, ആഭ്യന്തര സെക്രട്ടറി എന്നിവര്‍ അടങ്ങുന്ന ഉന്നതാധികാര സമിതിക്ക് കൈമാറും. ഈ സമിതിയാണ് അന്തിമ പട്ടിക തയാറാക്കുന്നത്. പിന്നീട് മന്ത്രിസഭാ യോഗത്തിന്റെ അംഗീകാരം നേടിയ ശേഷം ഗവര്‍ണര്‍ക്ക് കൈമാറും. ഗവര്‍ണറുടെ അനുമതി ലഭിച്ചാല്‍ തടവുകാരെ വിട്ടയക്കും.
പൂജപ്പുര, വിയ്യൂര്‍, കണ്ണൂര്‍ സെന്‍ട്രല്‍ ജയിലുകളിലും നെട്ടുകാല്‍ത്തേരി, ചീമേനി തുറന്ന ജയിലുകളിലുമുള്ളവര്‍ പട്ടികയിലുണ്ട്. വധശിക്ഷക്കു വിധിക്കപ്പെട്ടവര്‍, വധശിക്ഷയില്‍ ഇളവ് ലഭിച്ച് ജീവപര്യന്തം തടവില്‍ കഴിയുന്നവര്‍, മാനഭംഗം, സ്ത്രീധനക്കൊല, മനുഷ്യക്കടത്ത് എന്നീ കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ടവര്‍ എന്നിവര്‍ക്ക് ഇളവു ലഭിക്കില്ല. പോട്ട, ടാഡ, പോക്‌സോ, യു.എ.പി.എ, എഫ്.ഐ.സി.എന്‍, കള്ളപ്പണം വെളുപ്പിക്കല്‍, ഫെമ, എന്‍.ഡി.പി.എസ്, അഴിമതി നിരോധന നിയമം എന്നിവയില്‍ ശിക്ഷിക്കപ്പെട്ടവര്‍ക്കും ഇളവ് ബാധകമല്ല.
സ്ത്രീകളിലും ഭിന്നലിംഗത്തില്‍പെട്ടവരിലും 55 വയസ് കഴിഞ്ഞവര്‍ക്കും ശിക്ഷാ കാലാവധിയുടെ 50 ശതമാനം പൂര്‍ത്തിയാക്കിയവര്‍ക്കും ഇളവ് ലഭിക്കും. പുരുഷന്മാര്‍ക്ക് 60 വയസ് പൂര്‍ത്തിയാവുകയും പകുതി ശിക്ഷാ കാലാവധി കഴിയുകയും വേണം. 70 ശതമാനം വൈകല്യമുള്ളവര്‍ക്കും ഇളവ് ലഭിക്കും. ശിക്ഷാ കാലാവധിയുടെ 66 ശതമാനം പൂര്‍ത്തിയാക്കിയവരെയും വിട്ടയക്കും. സ്ഥിരം രോഗികളായവരും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.