2018 November 19 Monday
നല്ല സ്വഭാവം ആഴ്ചകൊണ്ടോ മാസം കൊണ്ടോ ഉണ്ടാകുന്നതല്ല. അത് ഓരോ ദിവസവും അല്‍പാല്‍പമായി രൂപപ്പെട്ട് വരുന്നതാണ്.

ഗള്‍ഫ് രാഷ്ട്രങ്ങളിലും മുഹര്‍റം പിറന്നു; ആശൂറാഅ് ദിനം വ്യാഴാഴ്ച

ഉബൈദുല്ല റഹ്മാനി

മനാമ: ഇസ്‌ലാമിക കലണ്ടറിലെ പ്രഥമ മാസമായ മുഹറം, കേരളത്തോടൊപ്പം ഗള്‍ഫ് രാഷ്ട്രങ്ങളിലും ആരംഭിച്ചു. ഒമാനടക്കമുള്ള മുഴുവന്‍ ഗള്‍ഫ് രാഷ്ട്രങ്ങളിലും ഇന്നാണ് (ചൊവ്വാഴ്ച) മുഹറം ഒന്ന്.

കഴിഞ്ഞ ദിവസം കാപ്പാട് മാസപ്പിറവി ദൃശ്യമായതിനെ തുടര്‍ന്നാണ് കേരളത്തില്‍ മുഹറം ആരംഭിച്ചതെങ്കില്‍ ഗള്‍ഫ് രാഷ്ട്രങ്ങളില്‍ ദുല്‍ഹിജ്ജ 30 പൂര്‍ത്തിയാക്കിയാണ് ഇന്ന് മുഹറം ഒന്നായി പ്രഖ്യാപിച്ചിട്ടുള്ളത്.
 
മാസപ്പിറവി സംബന്ധമായി വിശ്വാസയോഗ്യരായ ആരും വിവരം നല്‍കാത്തതിനാല്‍ തിങ്കളാഴ്ച ദുല്‍ഹിജ്ജ 30 പൂര്‍ത്തിയാക്കി മുഹറം 1 ചൊവ്വാഴ്ച ആരംഭിക്കുമെന്ന് സഊദി സുപ്രിം കോര്‍ട്ട് കഴിഞ്ഞ ദിവസം പ്രഖ്യാപിക്കുകയായിരുന്നു. ഒമാന്‍ മതകാര്യവിഭാഗവും സമാനമായ പ്രഖ്യാപനം കഴിഞ്ഞ ദിവസം  പുറപ്പെടുവിച്ചിരുന്നു.
ഇതനുസരിച്ച് മുഹര്‍റം മാസത്തിലെ ശ്രേഷ്ഠ ദിനങ്ങളായ ആശൂറാഅ് താസൂആഅ് (മുഹര്‍റം 9,10) ദിനങ്ങള്‍ കേരളത്തിലേതു പോലെ, സെപ്തംബര്‍ 19, 20(ബുധന്‍, വ്യാഴം) ദിവസങ്ങളിലായിരിക്കും.

മുഹര്‍റം പുതുവത്സര ദിനാഘോഷം
ഇസ്‌ലാമിക വര്‍ഷാരംഭം കൂടിയായ മുഹറം ഒന്ന് അറബ് രാഷ്ട്രങ്ങളില്‍ പുതുവത്സരദിനം കൂടിയാണ്, മിക്ക ഗള്‍ഫ് രാഷ്ട്രങ്ങളിലും വൈവിധ്യമാര്‍ന്ന പരിപാടികളോടെയാണ് പുതുവത്സരാഘോഷങ്ങള്‍ നടക്കുന്നത്.

പുതുവത്സരദിനത്തോടനുബന്ധിച്ച് വിവിധ രാജ്യങ്ങളിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും മന്ത്രാലയങ്ങള്‍ക്കും പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ചില സ്വകാര്യ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയാണ്.

ഇസ്ലാമില്‍ ചരിത്രപരമായി ഏറെ പ്രാധാന്യമുള്ള മാസം കൂടിയാണ് മുഹറം.  പവിത്രമായ നാലു മാസങ്ങളിലൊന്നായ മുഹറം മാസത്തെ ആരാധാനാകര്‍മ്മങ്ങള്‍ കൊണ്ടാണ് സുന്നിവിശ്വാസികള്‍ എതിരേല്‍ക്കുന്നത്. അതേ സമയം കര്‍ബലാ യുദ്ധത്തില്‍ ശഹീദായ ഹുസൈന്‍(റ)ന്റെ ഓര്‍മ്മ പുതുക്കി ലോകത്തുടനീളമുള്ള ശിയാ വിശ്വാസികളും ദുഖ സാന്ദ്രമായ ചില ചടങ്ങുകള്‍ ഈമാസം സംഘടിപ്പിക്കാറുണ്ട്.

ആശൂറാ ദിനത്തോടനുബന്ധിച്ച് വിവിധ ഗള്‍ഫ് രാഷ്ട്രങ്ങളിലെ മതകാര്യ വിഭാഗങ്ങള്‍, ഔഖാഫ് മന്ത്രാലയങ്ങള്‍ എന്നിവ പ്രത്യേക പ്രഭാഷണ സദസ്സുകളും ഒരുക്കിയിട്ടുണ്ട്. ആശൂറാ ദിനത്തിന്‍രെ പ്രാധാന്യവും മുഹറം മാസത്തില്‍ നടന്ന ഇസ്ലാമിക ചരിത്രത്തിലെ സുപ്രധാന സംഭവങ്ങളുമാണ് ഇത്തരം സദസ്സുകളിലെ പ്രധാന പ്രതിപാദ്യം.
വിവിധ പ്രവാസി മത സംഘടനകളുടെ കീഴിലും പ്രത്യേക മുഹര്‍റം ദിനാചരണ പരിപാടികള്‍ വിവിധ ഗള്‍ഫ് രാഷ്ട്രങ്ങളിലായി നടന്നു വരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.