2018 September 22 Saturday
ഒരാളുടെ മഹത്വം അളക്കുന്നത് അയാള്‍ തനിക്ക് താഴ്ന്നവരോട് എങ്ങനെ ഇടപെടുന്നു എന്നു നോക്കിയാണ്
ജെ.കെ റൗളിങ്

ഗള്‍ഫില്‍ മിഅ്‌റാജ് രാവ് ഇന്ന്; വ്രതാനുഷ്ഠാനം ബുധനാഴ്ച

സി.എച്ച്.ആര്‍ കൊമ്പംകല്ല്

മനാമ: ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാഷ്ട്രങ്ങളില്‍ ഇന്ന് (ചൊവ്വ) മിഅ്‌റാജ് ദിനം ആചരിക്കുന്നു. ബുധനാഴ്ചയാണ് വ്രതാനുഷ്ഠാനം. ഇതോടനുബന്ധിച്ച് ഗള്‍ഫ് രാഷ്ട്രങ്ങളിലെ വിവിധ മത സംഘടനകളുടെയും പ്രവാസി സംഘടനകളുടെയും കീഴില്‍ പ്രത്യേക അനുസ്മരണ പരിപാടികളും പ്രാര്‍ത്ഥനാ സദസ്സുകളും ഇന്നും നാളെയുമായി നടക്കും.

പ്രവാചകന്റെ ജീവിതത്തിലെ സുപ്രധാന സംഭവമായ ഇസ്‌റാഅ് മിഅ്‌റാജ് ദിനം ലോകത്തെങ്ങുമുള്ള വിശ്വാസികള്‍ ഏറെ പ്രാധാന്യത്തോടെയാണ് കാണുന്നത്. ഇതോടനുബന്ധിച്ച് വിവിധ ഗള്‍ഫ് രാഷ്ട്രങ്ങള്‍ ഒന്നിലേറെ ദിവസം പ്രത്യേക അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. വാരാന്ത അവധിയോട് ചേര്‍ത്ത് ഇത്തവണ മൂന്നു ദിവസത്തെ അവധിയാണ് യു.എ.ഇ ഗവണ്‍മെന്റ് പ്രഖ്യാപിച്ചിട്ടുള്ളത്. ഇവിടെ സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങള്‍ക്കെല്ലാം മൂന്നു ദിവസത്തെ അവധി ലഭിക്കും. ചില രാഷ്ട്രങ്ങളില്‍ മിഅ്‌റാജ് ദിനമായ ബുധനാഴ്ച മാത്രമാണ് അവധിയുള്ളത്.

കൂടാതെ മിഅ്‌റാജിന്റെ സന്ദേശം വിളംബരം ചെയ്യുന്ന നിരവധി പരിപാടികളും വിവിധ രാജ്യങ്ങളിലെ മതകാര്യ വിഭാഗങ്ങള്‍ ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച മിക്ക പള്ളികളിലെയും ജുമുഅ ഖുതുബകള്‍ മിഅ്‌റാജിനെ കുറിച്ചായിരുന്നു. ഇസ്‌റാഅ് മിഅ്‌റാജ് ചരിത്രം വിശദമായി ഇതില്‍ പ്രതിപാദിച്ചിരുന്നു.

മിഅ്‌റാജ് ദിനത്തോടനുബന്ധിച്ച് ഗള്‍ഫ് രാഷ്ട്രങ്ങളിലെ വിവിധ പ്രവാസി സംഘടനകളും വിവിധ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. സമസ്ത ബഹ്‌റൈന്‍ കേന്ദ്ര കമ്മറ്റി സംഘടിപ്പിക്കുന്ന മിഅ്‌റാജ് ദിന പ്രഭാഷണം ഇന്നു രാത്രി 9 മണിക്ക് മനാമ ഗോള്‍ഡ് സിറ്റിയിലെ സമസ്ത മദ്‌റസാ ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചിട്ടുണ്ട്. ഇതോടനുബന്ധിച്ച് നടക്കുന്ന മിഅ്‌റാജ് ദിന സന്ദേശത്തിനും പ്രാര്‍ത്ഥനക്കും സമസ്ത ബഹ്‌റൈന്‍ പ്രസിഡന്റ് സയ്യിദ് ഫഖ്‌റുദ്ധീന്‍ കോയ തങ്ങള്‍ നേതൃത്വം നല്‍കും. ഇതുകൂടാതെ ബഹ്‌റൈനിലെ വിവിധ കേന്ദ്രങ്ങളിലും പ്രത്യേക മിഅ്‌റാജ് അനുസ്മരണ സംഗമങ്ങള്‍ നടക്കും. ഇതര ഗള്‍ഫ് രാഷ്ട്രങ്ങളിലും സമസ്ത, ഇസ്‌ലാമിക് സെന്റെര്‍, സുന്നി സെന്റര്‍, ഐ.സി.എഫ് തുടങ്ങിയ വിവിധ സംഘടനകളുടെയും പോഷക ഘടകങ്ങളുടെയും നേതൃത്വത്തില്‍ പ്രത്യക ചടങ്ങുകള്‍ സംഘടിപ്പിച്ചിട്ടുണ്ട്.

അതേസമയം സമസ്ത നേതാക്കളുടെ അറിയിപ്പനുസരിച്ച് കേരളത്തില്‍ മിഅ്‌റാജ് രാവ് ബുധനാഴ്ച രാത്രിയും ഇതോടനുബന്ധിച്ചുള്ള സുന്നത്ത് നോമ്പ് അനുഷ്ഠിക്കേണ്ടത് വ്യാഴാഴ്ചയുമാണ്. നാട്ടിലും ഗള്‍ഫിലുമെല്ലാം ഈ ദിനത്തോടനുബന്ധിച്ചുള്ള രാത്രിയില്‍ വിശ്വാസികള്‍ പ്രത്യേകമായി മധുര പലഹാരങ്ങളുണ്ടാക്കി വിതരണം ചെയ്യുന്നതും പതിവാണ്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.