2017 February 26 Sunday
പറയുന്നതിനേക്കാള്‍ ബുദ്ധി കേള്‍ക്കാന്‍ വേണം
തുര്‍ക്കി പഴമൊഴി

ഗര്‍ഭിണികള്‍ എന്തു കഴിക്കണം

ശ്രീപ്രിയ ഷാജി (കണ്‍സള്‍ട്ടന്റ് സൈക്കോളജിസ്റ്റ് ആന്‍ഡ് ന്യൂട്രീഷ്യനിസ്റ്റ് മലബാര്‍ ഹോസ്പിറ്റല്‍, കോഴിക്കോട്)
pregnents

അമ്മ ആരോഗ്യവതിയായി ഇരിക്കുക എന്നതിലുപരി നല്ലൊരു കുഞ്ഞിന് ജന്‍മം നല്‍കാനും കൂടിയാണ് ഗര്‍ഭിണി ചിട്ടയായ ആഹാരക്രമം പാലിക്കണമെന്ന് പറയുന്നത്. ഇതിനായി ഗര്‍ഭിണിയാകും മുമ്പുതന്നെ ആരോഗ്യക്രമത്തില്‍ ചില ചിട്ടകള്‍ കൊണ്ടുവരണം. ഗര്‍ഭിണിയാകാന്‍ തയാറെടുക്കുമ്പോള്‍ തന്നെ ചിട്ടയായ ദിനചര്യകളിലൂടെ ആരോഗ്യം മെച്ചപ്പെടുത്തേണ്ടത് അത്യാവശ്യമാണ്.

ഗര്‍ഭിണികള്‍ കഴിക്കുന്ന ഭക്ഷണത്തിന്റെ രീതി വളരെ പ്രധാനമാണ്. ഗര്‍ഭിണി കഴിക്കുന്ന ഭക്ഷണത്തിന്റെ ഗുണം ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്നതാണെന്ന് പറയാറുണ്ട്. കുഞ്ഞിന്റെ ആരോഗ്യത്തെ സ്വാധീനിക്കുമെന്നതിനാലാണ് ഗര്‍ഭിണിയുടെ ആഹാരക്രമം പ്രാധാന്യമര്‍ഹിക്കുന്നത്. ഗര്‍ഭകാലത്ത് ബഹുസ്വരവും സമ്പുഷ്ടവുമായ ഭക്ഷണക്രമം പാലിക്കേണ്ടത് അമ്മമാരുടെ കര്‍ത്തവ്യമാണ്.

നല്ല ഭക്ഷണം, ആവശ്യത്തിന് ഉറക്കം, ചെറിയ അദ്ധ്വാനങ്ങള്‍ എന്നിവ ഗര്‍ഭിണികള്‍ക്ക് ആവശ്യമാണ്. എന്തെങ്കിലും ബുദ്ധിമുട്ടുള്ളവര്‍ക്കു ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചാല്‍ മാത്രമേ ബെഡ്‌റെസ്റ്റ് ആവശ്യമായി വരൂ. ചെറിയ ജോലികള്‍ ചെയ്യുമ്പോള്‍ ഗര്‍ഭിണിയുടെ രക്തചംക്രമണം കൂടുന്നത് അമ്മയ്ക്കും ഗര്‍ഭസ്ഥശിശുവിനും ഒരുപോലെ നല്ലതാണ്.

ഗര്‍ഭിണിയുടെ ഭാരത്തെ (കിലോഗ്രാമില്‍) ഉയരത്തിന്റെ ഇരട്ടി (മീറ്ററില്‍) കൊണ്ട് ഭാഗിച്ചാല്‍ കിട്ടുന്ന സംഖ്യയാണ് ബേസിക് മെറ്റബോളിക് ഇന്റക്‌സ് അഥവാ ബി.എം.ഐ. ഇതുപ്രകാരം കണ്ടെത്തുന്ന ബി.എം.ഐ 19 നും 24നുമിടയിലാണെങ്കില്‍ അമിതവണ്ണമില്ല. 24നുമുകളില്‍ 30 വരെയാണ് ബി.എം.ഐ എങ്കില്‍ അവര്‍ക്ക് അധികവണ്ണമുണ്ടെന്ന് കരുതാം. 30നു മുകളിലുള്ളവര്‍ക്ക് പൊണ്ണത്തടിയുണ്ടാകും. 19ന് താഴെയാണ് ബി.എം.ഐ എങ്കില്‍ വേണ്ടത്ര ശരീരഭാരം ഗര്‍ഭിണിക്കില്ല എന്നുകരുതാം. നിങ്ങളുടെ ഡയറ്റീഷ്യനുമായി സംസാരിച്ച് ബി.എം.ഐ കണ്ടുപിടിക്കണം. ഇതിനനുസരിച്ചുള്ള ഭക്ഷണക്രമമാണ് ഗര്‍ഭകാലത്ത് പിന്തുടരേണ്ടത്.

19ല്‍ താഴെ ബി.എം.ഐ ഉള്ള ഗര്‍ഭിണിക്ക് ഗര്‍ഭകാലത്ത് 10 മുതല്‍ 18 കിലോഗ്രാം വരെ ഭാരം കൂടാം. ബി.എം.ഐ 19- 24 ആയ സ്ത്രീക്ക് ഗര്‍ഭകാലത്ത് കൂടാവുന്ന പരമാവധി ഭാരം 11 മുതല്‍ 16 കിലോ വരെയാണ്. അതിനുമുകളിലുള്ളവര്‍ക്ക് പരമാവധി ഏഴു മുതല്‍ 11 കിലോ വരെയേ ഗര്‍ഭകാലത്ത് ഭാരം കൂടാന്‍ പാടുള്ളൂ. 30നു മുകളില്‍ ബി.എം.ഐ ഉള്ളവര്‍ക്ക് ഗര്‍ഭകാലത്ത് പരമാവധി അഞ്ചുകിലോയേ ഭാരം കൂടാവൂ.

ഗര്‍ഭിണിക്ക് ഭാരക്കുറവുണ്ടെങ്കിലോ ഗര്‍ഭകാലത്ത് വേണ്ട അനുപാതത്തില്‍ ഭാരം കൂടിയില്ലെങ്കിലോ അത് പ്രശ്‌നമാകും. മാസം തികയാതുള്ള പ്രസവം, തൂക്കക്കുറവുള്ള കുഞ്ഞിന്റെ ജനനം, പ്രസവത്തില്‍ സങ്കീര്‍ണതകള്‍ എന്നിവ ഇതില്‍ ചിലതാണ്. എന്നാല്‍ ഗര്‍ഭകാലത്ത് അധികമായി ഭാരം കൂടുന്നതും പ്രശ്‌നമാണ്. പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദം, കുഞ്ഞിന് ജനനവൈകല്യം, സിസേറിയന്‍ വേണ്ടിവരിക എന്നിവ അവയില്‍ ചിലതാണ്.

പോഷകാംശമുള്ള ഭക്ഷണം എന്നതുകൊണ്ട് എല്ലാ ആഹാരഘടകങ്ങളും ശരിയായ അളവില്‍ അടങ്ങിയ ഭക്ഷണമെന്നാണ് ഉദ്ദേശിക്കുന്നത്. കാര്‍ബോഹൈഡ്രേറ്റ്, ഫാറ്റ്, വിറ്റാമിനുകള്‍, മിനറലുകള്‍, പ്രോട്ടീന്‍ എന്നിവയാണ് ഈ ഭക്ഷണഘടകങ്ങള്‍. ഗര്‍ഭകാലത്ത് ആഹാരത്തിലുള്ള ഈ അഞ്ചുഘടകങ്ങളുടേയും അളവ് വര്‍ധിപ്പിക്കണം. അമ്മയ്ക്ക് മാത്രമല്ല, കുട്ടിക്കുകൂടി വേണ്ട അളവില്‍ ഇവ കഴിക്കേണ്ടതാണ്. പണ്ടുള്ളവര്‍ പറയുന്നതുപേയെ രണ്ടാള്‍ക്കുള്ള ഭക്ഷണം കഴിക്കണമെന്നല്ല ഇതുകൊണ്ട് അര്‍ഥമാക്കുന്നത്. സാധാരണ കഴിച്ചുകൊണ്ടിരുന്നതിനെക്കാള്‍ ഭക്ഷണത്തിന്റെ അളവ് കൂട്ടുന്നതിനൊപ്പം അതിലൂടെ ലഭിക്കുന്ന പോഷകാംശങ്ങളുടെ അളവ് ഉറപ്പാക്കുകയാണ് വേണ്ടത്.