2019 June 24 Monday
ഭരിച്ചതുകൊണ്ടായില്ല ഭരണം ഉണ്ടെന്നു ജനങ്ങള്‍ക്ക് ബോധ്യപ്പെടുമ്പോഴേ ഏതൊരു ഗവണ്‍മെന്റും അര്‍ഥവത്താകുന്നുള്ളൂ -കാറല്‍ മാക്‌സ്‌

ഗതാഗത നിയന്ത്രണം പാളി; യാത്രക്കാര്‍ പെരുവഴിയില്‍

പത്തനംതിട്ട: കോഴഞ്ചേരി, തിരുവല്ല ഭാഗങ്ങളില്‍ നിന്ന് എത്തുന്ന കെ.എസ്.ആര്‍.ടി.സി ബസുകള്‍ സെന്റ് പീറ്റേഴ്‌സ് ജംഗ്ഷനില്‍ എത്താതെ റിംഗ് റോഡിലൂടെ ബസ് സ്റ്റാന്‍ഡിലേക്ക് പോകുന്നത് യാത്രക്കാരെ വലയ്ക്കുന്നു.

 

ടി.കെ റോഡ് നവീകരണത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ ഗതാഗത നിയന്ത്രണമാണ് ജനത്തെ വട്ടംചുറ്റിച്ചിരിക്കുന്നത്. പരിയാരം, നെല്ലിക്കാല എന്നിവിടങ്ങളില്‍ നിന്ന് മേലേവെട്ടിപ്രത്ത് എത്തുന്ന കെ.എസ്.ആര്‍.ടി.സി ബസുകള്‍ ഇടത്തേക്ക് തിരിഞ്ഞ് റിംഗ് റോഡുവഴി സ്റ്റാന്‍ഡില്‍ എത്തുകയാണ്. ഇത് കലക്ട്രേറ്റിലും ജനറല്‍ ആശുപത്രിയിലും ടൗണിലും എത്തുന്നവര്‍ക്കാണ് ഏറെ ദുരിതമായിരിക്കുന്നത്. സെന്റ് പീറ്റേഴ്‌സ് ജംഗ്ഷനിലെത്തി നഗരത്തിലൂടെ പോകണമെന്ന യാത്രക്കാരുടെ ആവശ്യവും ട്രാന്‍സ്‌പോര്‍ട് ജീവനക്കാര്‍ അംഗീകരിക്കാറില്ല.

 

അതേസമയം സ്വകാര്യബസുകള്‍ നഗരത്തില്‍ എത്തി യാത്ര തുടരുകയാണ് പതിവ്. ഇത് അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ ധിക്കാരപരമായ മറുപടിയാണ് ലഭിച്ചതെന്ന് യാത്രക്കാര്‍ പറഞ്ഞു. തിരുവല്ല, ചെങ്ങന്നൂര്‍ ഭാഗത്തേക്കുള്ള ബസുകള്‍ റിംഗ് റോഡുവഴി പോകുന്നതിനാല്‍ ടൗണില്‍ എത്തേണ്ടവര്‍ക്ക് മറ്റ് വാഹനങ്ങളെ ആശ്രയിക്കേണ്ട ഗതികേടാണുള്ളത്. ആശുപത്രിയില്‍ എത്തേണ്ട രോഗികള്‍ ഉള്‍പ്പടെയുള്ളവര്‍ കൊടും വെയിലത്ത് സ്റ്റാന്‍ഡില്‍ നിന്ന് നടന്നു പോകുന്നതും പതിവ് കാഴ്ചയാണ്. നഗരത്തില്‍ ഗതാഗത നിയന്ത്രണത്തിന് ചുമതലപ്പെടുത്തിയിരിക്കുന്ന ട്രാഫിക്ക് പൊലിസിന്റെ സേവനം മേലേവെട്ടിപ്രം ജംഗ്ഷനില്‍ ലഭിക്കുന്നില്ല. ട്രാഫിക്ക് പൊലിസിനെ ചുമതലപ്പെടുത്തി സെന്റ് പീറ്റേഴ്‌സ് ജംഗ്ഷനിലൂടെ ബസുകളുടെ സുഗമമായ യാത്രാ സൗകര്യം ഒരുക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.