2019 October 18 Friday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

ഗതാഗതക്കുരുക്കില്‍നിന്ന് രക്ഷ: ആകാശപ്പാതക്കായുള്ള നടപടികള്‍ക്ക് തുടക്കം

കൊല്ലം: ജില്ലാ ആസ്ഥാനമായ ചിന്നക്കടയെ ഗതാഗതക്കുരുക്കില്‍നിന്ന് രക്ഷിക്കാന്‍ കോര്‍പറേഷന്റെ പരിഗണനയിലുള്ള ആകാശപ്പാതക്കായുള്ള നടപടികള്‍ക്ക് തുടക്കം. മണ്ണ് പരിശോധനയും സാധ്യതാ പരിശോധനയും പുരോഗമിക്കുകയാണ്. പരിശോധനാ റിപ്പോര്‍ട്ടില്‍ ആകാശപ്പാതയ്ക്ക് സാധ്യതയുണ്ടെങ്കില്‍ റിപോര്‍ട്ട് തയ്യാറാക്കും. കോര്‍പറേഷന്‍ വൈകാതെ ബന്ധപ്പെട്ടവരെ പങ്കെടുപ്പിച്ച് കോണ്‍ക്ലേവും സംഘടിപ്പിക്കും.
ഊരാലുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോപ്പറേറ്റീവ് സൊസൈറ്റിയാണ് മണ്ണ് പരിശോധനയും സാധ്യതാ പരിശോധനയും നടത്തുന്നത്. ഇവര്‍ കോര്‍പറേഷനു നല്‍കിയ ആകാശപ്പാതയുടെ രൂപരേഖയില്‍ 24 മുറികടകളും ഉള്‍പ്പെടുന്നുണ്ട്. നിര്‍മാണ സാധ്യതകള്‍ പരിശോധിച്ച ശേഷമാകും തുടര്‍ നടപടികള്‍.
കൊല്ലം ചെങ്കോട്ട ദേശീയപാത 774, ചിന്നക്കട റെയില്‍വേ മേല്‍പ്പാലം, ബീച്ച് റോഡ്, ചവറ ഭാഗത്തേക്കുള്ള ബസ്‌ബേ, ആശ്രാമം റോഡ് തുടങ്ങിയ അഞ്ചു റോഡുകളില്‍നിന്നു പ്രവേശിക്കാന്‍ കഴിയുംവിധമാണ് ആകാശപ്പാത നിര്‍മിക്കുന്നത്. ആകാശപ്പാതയിലേക്കു കയറാന്‍ ലിഫ്റ്റും യന്ത്രപ്പടിയും സ്ഥാപിക്കുന്നുണ്ട്.
ഏകദേശം 2025 കോടി രൂപ ചെലവു പ്രതീക്ഷിക്കുന്ന പാത യാഥാര്‍ഥ്യമാക്കാന്‍ നിയമാനുസൃതമായ പല സാധ്യതകളും കോര്‍പറേഷന്റെ ആലോചനയിലുണ്ട്. കൗതുകം ജനിപ്പിക്കും വിധമായിരിക്കും നിര്‍മാണം. യാത്രക്കാരെയും മറ്റും ആകര്‍ഷിക്കുമെന്നതുകൊണ്ടാണ് ആകാശപ്പാതയ്ക്കു ചുറ്റും കടമുറികള്‍ നിര്‍മിക്കുന്നത്. ഇത് കോര്‍പറേഷന് വരുമാനത്തിനും അതുപോലെ വ്യാപാര മേഖലയുടെ ഉണര്‍വിനും വഴിയൊരുക്കും.
അതിനിടെ പാതയുടെ നിര്‍മാണത്തിന് നാഷണല്‍ ഹൈവേയുടെയും കെ.എസ്.എഫ്.ഇയുടെയും അനുവാദം വേണം. ഒരു കവാടം ചെന്നിറങ്ങുക ചിന്നക്കടയിലെ കെ.എസ്.എഫ്.ഇ ഓഫിസിനു സമീപമാണ്.
ആകാശപ്പാതയുടെ നിര്‍മാണത്തെക്കുറിച്ചും എത്രമാത്രം മികച്ചരീതിയില്‍ ആകാമെന്നതു സംബന്ധിച്ചും എല്ലാവരെയും വിളിച്ചുചേര്‍ത്ത് കൂടിയാലോചന നടത്താനാണ് കോര്‍പറേഷന്‍ തീരുമാനം. കൊല്ലം പട്ടണത്തെ മെട്രോപൊളിറ്റന്‍ സിറ്റിയുടെ വളര്‍ച്ചയിലേക്കും നാടിനും ജനങ്ങള്‍ക്കും കൂടുതല്‍ വികസന സാധ്യതകള്‍ തുറന്നിടുന്നതിനും സഹായിക്കുന്നതാണ് ആകാശപ്പാതയും ഇന്റര്‍നാഷനല്‍ കണ്‍വന്‍ഷന്‍ സെന്ററും.
100 കോടിയാണ് കണ്‍വന്‍ഷന്‍ സെന്ററിന്റെ നിര്‍മാണത്തിന് വേണ്ടിവരിക. പി.പി.പി (പബ്ലിക് െ്രെപവറ്റ് പ്രോപ്പര്‍ട്ടി) മാതൃകയില്‍ കരാര്‍ നല്‍കി കണ്‍വന്‍ഷന്‍ സെന്റര്‍ സ്ഥാപിക്കുന്നതു സംബന്ധിച്ചുള്ള ആലോചനകളും നടക്കുന്നുണ്ട്. സുതാര്യമായ എല്ലാ സാധ്യതകളും അധികൃതര്‍ ചര്‍ച്ചചെയ്യുന്നുണ്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News