2018 September 19 Wednesday
പതിനായിരം ബന്ധുക്കള്‍ക്ക് പകരം നില്‍ക്കാന്‍ ഒരേയൊരു ആത്മാര്‍ഥ സുഹൃത്ത് മതി.
യൂറിപ്പിഡിസ്

ഖത്തറില്‍ പ്രവാസി തൊഴിലാളികള്‍ക്ക് എക്‌സിറ്റ് പെര്‍മിറ്റ് ഒഴിവാക്കുന്ന നിയമത്തില്‍ ഭരണാധികാരി ഒപ്പുവച്ചു

 

ദോഹ: ലേബര്‍കോഡിന്റെ ഭാഗമായ പ്രവാസി തൊഴിലാളികള്‍ക്ക് എക്‌സിറ്റ് പെര്‍മിറ്റ് ഒഴിവാക്കുന്ന നിയമത്തിന് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി അംഗീകാരം നല്‍കി. പ്രവാസികളുടെ വരവും പോക്കും താമസവും സംബന്ധിച്ച 2015ലെ 21ാം നമ്പര്‍ നിയമത്തിലെ ചില വ്യവസ്ഥകള്‍ ഭേദഗതി ചെയ്തുകൊണ്ടുള്ള 2018ലെ 13ാം നമ്പര്‍ നിയമത്തിനാണ് അമീര്‍ അംഗീകാരം നല്‍കിയത്. ഇതുപ്രകാരം ലേബര്‍ കോഡിന്റെ പരിരക്ഷയുള്ള തൊഴിലാളികള്‍ക്ക് എക്‌സിറ്റ് പെര്‍മിറ്റില്ലാതെ രാജ്യത്തിനു പുറത്തേക്കു പോകാനാകും.

എക്‌സിറ്റ് പെര്‍മിറ്റ് നിര്‍ത്തലാക്കുന്നത് പതിനായിരക്കണക്കിന് തൊഴിലാളികള്‍ക്ക് ഗുണകരമാകും. ഖത്തറിനെ സംബന്ധിച്ചിടത്തോളം ചരിത്രപരമായ തീരുമാനമാണിത്. തൊഴില്‍കരാര്‍ കാലാവധിക്കുള്ളില്‍ രാജ്യത്തിനു പുറത്തേക്കു താല്‍ക്കാലികമായോ സ്ഥിരമായോ പോകുന്നതിന് എക്‌സിറ്റ് പെര്‍മിറ്റ് വേണ്ടതില്ല. ഖത്തര്‍ തൊഴില്‍നിയമത്തിലെ ഏറ്റവും വിവാദമായ ഭാഗമാണ് പുതിയ നിയമത്തിലൂടെ പരിഷ്‌കരിച്ചിരിക്കുന്നത്. ഖത്തറിലെ തൊഴിലാളികളുടെ അവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതാണിത്.

നിയമത്തിലെ നേരത്തെയുണ്ടായിരുന്ന വ്യവസ്ഥ പ്രകാരം രാജ്യത്തെ എല്ലാ തൊഴിലാളികള്‍ക്കും ഖത്തറിനു പുറത്തേക്കുപോകുന്നതിന് തൊഴിലുടമയില്‍ നിന്നും എക്‌സിറ്റ് പെര്‍മിറ്റ് നിര്‍ബന്ധമായിരുന്നു. എന്നാല്‍ പുതിയ നിയമപ്രകാരം ലേബര്‍കോഡില്‍ കവര്‍ ചെയ്തിരിക്കുന്ന തൊഴിലാളികള്‍ക്ക് എക്‌സിറ്റ് പെര്‍മിറ്റിന്റെ ആവശ്യമില്ല. ലേബര്‍കോഡിനു പുറത്തുള്ള തൊഴിലാളികള്‍ക്ക് എക്‌സിറ്റ് അനുവദിക്കുന്നതിനുള്ള ചട്ടങ്ങളും നടപടിക്രമങ്ങളും വിശദമാക്കുന്ന മന്ത്രിതല ഉത്തരവ് ഇതിന്റെ തുടര്‍ച്ചയായുണ്ടാകും. നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യമുള്ള തൊഴിലാളികളുടെ പേരുകള്‍ രേഖപ്പെടുത്തിയ അപേക്ഷ തൊഴില്‍ സാമൂഹ്യ ക്ഷേമ മന്ത്രാലയത്തിന്റെ അനുമതിക്കായി തൊഴിലുടമ സമര്‍പ്പിക്കണമെന്നത് പുതിയ നിയമത്തിലും നിഷ്‌കര്‍ഷിക്കുന്നുണ്ട്


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.