2018 November 17 Saturday
ജീവിച്ചതല്ല ജീവിതം, നാം ഓര്‍മയില്‍ വയ്ക്കുന്നതാണ്, പറഞ്ഞു കേള്‍പ്പിക്കാന്‍ വേണ്ടി നാം ഓര്‍മ്മയില്‍ വയ്ക്കുന്നതാണു ജീവിതം

ഖത്തറില്‍നിന്നുള്ള ഹജ്ജ് സംഘം കുവൈത്ത് വഴി പുണ്യഭൂമിയില്‍

നിസാര്‍ കലയത്ത്

ജിദ്ദ: ഉപരോധം സൃഷ്ടിച്ച രാഷ്ട്രീയ സാങ്കേതിക തടസങ്ങള്‍ക്കിടെ ഖത്തറില്‍ നിന്നുള്ള ഹജ് സംഘം കുവൈത്ത് വഴി പുണ്യഭൂമിയിലെത്തിയതായി സഊദി ഹജ് ഉംറ മന്ത്രി ഡോ. മുഹമ്മദ് ബിന്‍തന്‍ അറിയിച്ചു.

ഖത്തര്‍ ഹജ്ജ് മിഷന്റെയും ഖത്തര്‍ കോണ്‍സുലേറ്റിന്റെയും സാന്നിധ്യം മക്കയിലും ജിദ്ദയിലുമില്ലാതെ സുരക്ഷിതമായ ഹജ്ജ് യാത്ര സാധ്യമാകില്ല എന്നു കാരണം പറഞ്ഞു നേരത്തെ ഖത്തറില്‍ നിന്നുള്ള തീര്‍ഥാടകര്‍ക്ക് രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള വെബ്‌സൈറ്റ് ഖത്തര്‍ അധികൃതര്‍ ബ്ലോക്ക് ചെയ്തിരുന്നു.

ഇതേ തുടര്‍ന്നാണ് തീര്‍ഥാടകര്‍ കുവൈത്ത് വഴി പുണ്യഭൂമിയിലെത്തിയത്. ഹജ്ജ് നിര്‍വഹിക്കുന്നതിന് ആഗ്രഹിക്കുന്ന ഒരു ഖത്തരിയെയും സഊദി വിലക്കില്ല. ഹജ്ജ് നിര്‍വഹിക്കുന്നതിന് ആഗ്രഹിക്കുന്ന മുഴുവന്‍ ഖത്തര്‍ പൗരന്മാര്‍ക്കും ജിദ്ദ മദീന വിമാനത്താവളങ്ങള്‍ വഴി എത്തുന്ന ആഭ്യന്തര തീര്‍ഥാടകരെ പോലെ പരിഗണിക്കും. തീര്‍ഥാടകരുടെ പരാതി സ്വീകരിക്കാന്‍ ടോള്‍ഫ്രീ നമ്പറുകളും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ഹജ്ജ് മന്ത്രി അറിയിച്ചു.

ഇതിനു പുറമെ മന്ത്രാലയം പുറത്തിറക്കിയ മനാസികനാ ആപ്പ് വഴിയും എല്ലാ തീര്‍ഥാടകര്‍ക്കും പരാതികള്‍ നല്‍കാവുന്നതാണ്. ദക്ഷിണേഷ്യന്‍ തീര്‍ഥാടകര്‍ക്ക് സേവനം നല്‍കുന്ന ത്വവാഫ എസ്്റ്റാബ്ലിഷ്‌മെന്റ് ഡയറക്ടര്‍ ബോര്‍ഡില്‍ രണ്ടു വനിതകളെയും മന്ത്രാലയം നിയമിച്ചുട്ടുണ്ട്.

ഏതാനും രാജ്യങ്ങളില്‍ നിന്നുള്ള തീര്‍ഥാടകര്‍ക്ക് ഇ വിസ സേവനം ആരംഭിച്ചിട്ടുണ്ട്. റഷ്യയില്‍ നിന്നുള്ള തീര്‍ഥാടകര്‍ക്ക് സ്മാര്‍ട്ട് കാര്‍ഡ് പദ്ധതിയും പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയിട്ടുണ്ട്. ഇവയടക്കം നിരവധി നവീന സേവനങ്ങള്‍ ഹജ് ഉംറ മന്ത്രാലയം ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.


 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.