2019 May 23 Thursday
നമ്മുടെ ഭാവിയുടെ സ്രഷ്ടാക്കള്‍ മറ്റാരുമല്ല; നമ്മള്‍ തന്നെയാണ്! -മഹാവീരന്‍

ഖത്തര്‍ ഫെസ്റ്റിവല്‍ സിറ്റി ഏപ്രിലില്‍ തുറക്കും

അഹമ്മദ് പാതിരിപ്പറ്റ

ദോഹ: ഖത്തറിലെ വമ്പന്‍ മാളായ ദോഹ ഫെസ്റ്റിവല്‍ സിറ്റി (ഡി.എഫ്.സി) ഏപ്രില്‍ 5ന് തുറക്കാനുള്ള ഒരുക്കത്തോടെ അന്തിമ മിനുക്കുപണികള്‍ ദ്രുതഗതിയില്‍ പൂര്‍ത്തിയാക്കുന്നു.

650 കോടി റിയാല്‍ ചെലവില്‍ നിര്‍മിക്കുന്ന ഫെസ്റ്റിവല്‍ സിറ്റി അല്‍ശമാല്‍ റോഡില്‍ നിന്ന് അകലെ ഐകിയക്ക് സമീപമാണ് സ്ഥിതി ചെയ്യുന്നത്. 400ഓളം സ്‌റ്റോറുകളാണ് ഇവിടെയുണ്ടാവുക. ലോകത്തിലെ ഏറ്റവും വലിയ മോണോപ്രിക്‌സ് ഷോറൂം, 18 സ്‌ക്രീനുകള്‍ ഉള്ള 4ഡി വോക്‌സ് സിനിമ, ആന്‍ഗ്രി ബേര്‍ഡ്‌സ് തീം പാര്‍ക്ക് തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു. ഭക്ഷണ വിഭാഗത്തില്‍ ഖത്തറിലെ ആദ്യ ഫൈവ് ഗയ്‌സ്, രാജ്യത്തെ രണ്ടാമത്തെ ചീസ് കേക്ക് ഫാക്ടറി, നേരത്തേ വില്ലാജിയോ മാളില്‍ പ്രവര്‍ത്തിച്ചിരുന്ന ഡീന്‍ ആന്റ് ഡെലൂസ തുടങ്ങിയവ ഫെസ്റ്റിവല്‍ സിറ്റിയിലുണ്ടാവും.

മറ്റൊരു വമ്പന്‍ മാള്‍ തുറന്ന് മാസങ്ങള്‍ക്കകമാണ് ഖത്തറില്‍ ഫെസ്റ്റിവല്‍ സിറ്റി തുറക്കാന്‍ പോകുന്നത്. 540 കോടി റിയാലില്‍ നിര്‍മിച്ച അല്‍റയ്യാനിലെ മാള്‍ ഓഫ് ഖത്തര്‍ ഡിസംബറിലാണ് പ്രവര്‍ത്തനമാരംഭിച്ചത്. ആയിരക്കണക്കിന് പേരാണ് ഇപ്പോള്‍ ഇവിടം സന്ദര്‍ശിക്കുന്നത്.
അതിവേഗം വളര്‍ന്നു കൊണ്ടിരിക്കുന്ന ഖത്തറിലെ റീട്ടെയില്‍ മേഖലയില്‍ ഏതാനും വര്‍ഷങ്ങള്‍ക്കകം എട്ടു മാളുകള്‍ കൂടി തുറക്കും.
ഡിഎഫ്‌സിയുടെ ഉദ്ഘാടനം നേരത്തേ പല തവണ മാറ്റിവച്ചിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം അവസാനം തുറക്കുമെന്നാണ് ആദ്യം പ്രഖ്യാപിച്ചിരുന്നത്. പിന്നീട് ഫെബ്രുവരിയിലേക്കും മാര്‍ച്ചിലേക്കും മാറ്റി. ഒടുവിലാണ് ഏപ്രിലിലേക്ക് നിശ്ചയിച്ചിരിക്കുന്നത്. മാളിനു വേണ്ട അനുബന്ധ അടിസ്ഥാന സൗകര്യങ്ങളുടെ പണി തീരാത്തതാണ് വൈകലിന് കാരണമായി പറഞ്ഞിരുന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.