2020 January 26 Sunday
യുദ്ധഭീതിയോടെ ഗൾഫ് മേഖല; മറ്റൊരു ഗൾഫ് യുദ്ധം താങ്ങാൻ ലോകത്തിനു ശേഷിയുണ്ടാകില്ലെന്ന് യു എൻ

ഖത്തര്‍ കടന്ന് അര്‍ജന്റീന ക്വാര്‍ട്ടറില്‍

 

സാവോ പോളോ: അവസാന മത്സരത്തില്‍ ജയം സ്വന്തമാക്കി അര്‍ജന്റീന കോപ അമേരിക്ക ഫുട്‌ബോളിന്റെ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്നലെ നടന്ന മത്സരത്തില്‍ ഖത്തറിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തകര്‍ത്തായിരുന്നു അര്‍ജന്റീന ക്വാര്‍ട്ടറില്‍ പ്രവേശിച്ചത്. ജയം അനിവാര്യമായിരുന്ന മത്സരത്തില്‍ തികഞ്ഞ ഒത്തിണക്കത്തോടെ കളിച്ച അര്‍ജന്റീനയുടെ അര്‍ഹിച്ച ജയമായിരുന്നു ഇന്നലത്തേത്. താരങ്ങളുടെ വിന്യാസത്തില്‍ വരുത്തിയ മാറ്റവും അര്‍ജന്റീനയുടെ ജയത്തെ സ്വാധീനിച്ചു.

ആദ്യ രണ്ട് മത്സരങ്ങളിലും കളിച്ച അര്‍ജന്റീനയെ ആയിരുന്നില്ല ഖത്തറിനെതിരേയുള്ള മത്സരത്തില്‍ കണ്ടത്. തുടക്കം മുതല്‍ ഖത്തറിന്റെ ക്വാര്‍ട്ടില്‍ നിറഞ്ഞാടിയ അര്‍ജന്റീന നാലാം മിനുട്ടില്‍ അതിന്റെ ഫലം അനുഭവിച്ചു. ലൗതാറോ മാര്‍ട്ടിനെസ് നേടിയ ഗോളില്‍ അര്‍ജന്റീന മുന്നിലെത്തി. ആദ്യ പത്തു മിനുട്ടിനുള്ളില്‍ തന്നെ ആദ്യഗോള്‍ വീണതോടെ ഖത്തര്‍ അല്‍പം പതറി. എന്നാല്‍ മാനസിക നില വീണ്ടെടുത്ത ഖത്തര്‍ കൗണ്ടര്‍ അറ്റാക്കുമായി അര്‍ജന്റീനിയന്‍ പ്രതിരോധത്തേയും ഗോള്‍ കീപ്പറേയും പരീക്ഷിച്ചുകൊണ്ടിരുന്നു. ഇടക്കിടെ അര്‍ജന്റീന ഖത്തറിനെ വിറപ്പിച്ച് കൊണ്ടിരുന്നെങ്കിലും ഏഷ്യന്‍ ചാംപ്യന്‍മാരാണെന്ന കരുത്ത് വിടാതെയായിരുന്നു ഖത്തറിന്റെ ഓരോ നീക്കങ്ങളും.

ആദ്യ പകുതിയില്‍ ഒരു ഗോളിന്റെ ലീഡുമായി കളി നിര്‍ത്തിയ അര്‍ജന്റീന പുതു ഊര്‍ജവുമായിട്ടായിരുന്നു തിരിച്ചെത്തിയത്. രണ്ടാം പകുതിയില്‍ ഖത്തറും കളംനിറഞ്ഞതോടെ അര്‍ജന്റീന പ്രതിരോധത്തിലായി. എന്നാല്‍ 82-ാം മിനുട്ടില്‍ ഒറ്റക്കുള്ള മുന്നേറ്റത്തിലൂടെ അഗ്യൂറോ ലക്ഷ്യം കണ്ടതോടെ അര്‍ജന്റീനയുടെ ലീഡ് രണ്ടായി ഉയര്‍ന്നു. ഇതോടെ അതി സമ്മര്‍ദത്തിനൊടുവില്‍ അര്‍ജന്റീന ക്വാര്‍ട്ടര്‍ ഉറപ്പിച്ചു. ഖത്തര്‍ ബോക്‌സില്‍ നിരവധി അവസരങ്ങള്‍ അര്‍ജന്റീനക്ക് ലഭിച്ചെങ്കിലും ഫിനിഷിങ്ങിലെ പോരായ്മ വിനയായി. ആറിലധികം അവസരങ്ങളാണ് അര്‍ജന്റീനിയന്‍ താരങ്ങള്‍ പാഴാക്കിയത്.

ഖത്തറിനെതിരേയുള്ള മത്സരത്തില്‍ ഡി ബാല കളത്തിലിറങ്ങിയതും അര്‍ജന്റീനക്ക് കരുത്തായി. വെള്ളിയാഴ്ച നടക്കുന്ന ക്വാര്‍ട്ടര്‍ മത്സരത്തില്‍ അര്‍ജന്റീന വെനസ്വലയെ നേരിടും. മറ്റൊരു മത്സരത്തില്‍ കൊളംബിയ പരാഗ്വെയെ തകര്‍ത്തതോടെയായിരുന്നു അര്‍ജന്റീനക്ക് ക്വാര്‍ട്ടര്‍ പ്രവേശനം എളുപ്പമാക്കിയത്. പരാഗ്വെ ജയിക്കുകയായിരുന്നെങ്കില്‍ അര്‍ജന്റീനക്ക് മൂന്നാം സ്ഥാനക്കാര്‍ക്ക് വേണ്ടിയുള്ള അവസരത്തിന് കാത്തിരിക്കേണ്ടിയിരുന്നു. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു കൊളംബിയയുടെ ജയം. 31-ാം മിനുട്ടില്‍ ഗുസ്താവോ ആണ് കൊളംബിയയുടെ വിജയ ഗോള്‍ നേടിയത്.

റെക്കോര്‍ഡുമായി സ്‌കൊലാനി

സാവോ പോളോ: കഴിഞ്ഞ ദിവസം അര്‍ജന്റീന-ഖത്തര്‍ മത്സരത്തിനിടെ അര്‍ജന്റീനയുടെ പരിശീലകന്‍ ലയണല്‍ സ്‌കൊലാനി ഒരു അപൂര്‍വ റെക്കോര്‍ഡ് സ്വന്തമാക്കി. 103 വര്‍ഷത്തെ കോപ അമേരിക്കയുടെ ചരിത്രത്തില്‍ ആദ്യമായി മഞ്ഞക്കാര്‍ഡ് ലഭിക്കുന്ന പരിശീലകന്‍ എന്ന റെക്കോര്‍ഡാണ് സ്‌കൊലാനി സ്വന്തം പേരില്‍ കുറിച്ചത്.
ഖത്തറുമായുള്ള നിര്‍ണായക പോരാട്ടത്തിനിടെ മത്സരത്തിന്റെ നിയമം ലംഘിച്ചതിന് റഫറി മഞ്ഞക്കാര്‍ഡ് നല്‍കിയിരുന്നു. ഇതാണ് ചരിത്രമായി മാറിയത്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.