2019 April 25 Thursday
ഒരു പ്രഭുവിന്റെ രക്തത്തെക്കാള്‍ വില കൂടിയതത്രെ ഒരു പിച്ചക്കാരന്റെ കൈയിലുള്ള പുസ്തകം -വില്യം ഷേക്‌സ്പിയര്‍

ക്ഷേത്രഭാരവാഹികളും നഗരസഭയും തമ്മില്‍ തര്‍ക്കം; മുറിച്ചെടുത്ത മരങ്ങള്‍ പൊലിസ് പിടിച്ചെടുത്തു

നീലേശ്വരം: അനുമതിയില്ലാതെ മുറിച്ചുമാറ്റിയ ലക്ഷങ്ങള്‍ വില മതിക്കുന്ന തേക്കുമരം റവന്യൂ അധികൃതര്‍ പിടിച്ചെടുത്തു. പടിഞ്ഞാറ്റംകൊഴുവലിലെ അവകാശ തര്‍ക്കം നിലനില്‍ക്കുന്ന രണ്ടു സെന്റ് ഭൂമിയിലെ രണ്ടു തേക്കുമരങ്ങളാണ് കഴിഞ്ഞ ദിവസം കൂട്ടത്തിലറ ക്ഷേത്രം അധികൃതര്‍ മുറിച്ചത്. എന്നാല്‍ ഇതു സംബന്ധിച്ച് നീലേശ്വരം നഗരസഭാ സെക്രട്ടറി നീലേശ്വരം പൊലിസില്‍ പരാതി നല്‍കി. സംഭവം സംബന്ധിച്ച് പരാതി ഉയര്‍ന്നതോടെ ഫോറസ്റ്റ് അധികൃതരും റവന്യൂ അധികൃതരും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. തുടര്‍ന്ന് അനധികൃതമായാണ് മരം മുറിച്ചെടുത്തതെന്ന് കണ്ടെത്തി. ഇതേ തുടര്‍ന്ന് നീലേശ്വരം വില്ലേജ് ഓഫിസറുടെ നേതൃത്വത്തില്‍ മരം കണ്ടുകെട്ടുകയും ചെയ്തു.
നഗരസഭാ സെക്രട്ടറിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നീലേശ്വരം എസ്.ഐ എസ്.ബി കൈലാസ്‌നാഥിന്റെ നേതൃത്വത്തില്‍ സ്ഥലത്തെത്തിയ പൊലിസ് ക്ഷേത്രം ഭാരവാഹികളുമായി ചര്‍ച്ച നടത്തി.
മരം മുറിച്ചുമാറ്റിയ ഭൂമി വര്‍ഷങ്ങള്‍ക്കുമുന്‍പ് തങ്ങള്‍ ബാലവാടി പണിയാനായി അന്നത്തെ പഞ്ചായത്തിനു നല്‍കിയതെന്നാണ് ക്ഷേത്രം ഭാരവാഹികള്‍ പറയുന്നത്. എന്നാല്‍, അരനൂറ്റാണ്ടിനുമുന്‍പ് വിദ്വാന്‍ കെ.കെ നായര്‍ക്ക് അമ്മയില്‍നിന്ന് ജന്മമായി കിട്ടിയ ഭൂമി പിന്നീട് സര്‍വോദയ മഹിളാ സമാജത്തിനു നല്‍കുകയും സമാജം പിന്നീട് ബാലവാടിക്കായി നല്‍കിയതാണെന്നും വാദമുണ്ട്.
അതേ സമയം, നഗരസഭ ഇപ്പോഴും ഈ ഭൂമി തങ്ങളുടേതാണെന്ന അവകാശവാദത്തിലാണ്. ഈ സ്ഥലത്തുനിന്ന് അങ്കണവാടി മാറിയ ശേഷം പ്രവര്‍ത്തിച്ചിരുന്ന ഉദയ മഹിളാ സമാജം കഴിഞ്ഞ മാസം പുതുക്കി പണിയുന്നതിനിടയില്‍ പഞ്ചായത്ത് ഭൂമിയാണെന്ന് അവകാശപ്പെട്ട് ഒരു സംഘം ആളുകള്‍ നിര്‍മാണ പ്രവര്‍ത്തനം തടഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ഇപ്പോള്‍ മരം മുറി വിവാദത്തിലേക്ക് എത്തിനില്‍ക്കുന്നത്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.