2019 April 25 Thursday
ഒരു പ്രഭുവിന്റെ രക്തത്തെക്കാള്‍ വില കൂടിയതത്രെ ഒരു പിച്ചക്കാരന്റെ കൈയിലുള്ള പുസ്തകം -വില്യം ഷേക്‌സ്പിയര്‍

ക്ഷീര കര്‍ഷകര്‍ക്ക് നവ്യാനുഭവമായി തങ്കച്ചന്റെ ഡെയറി ഫാം സ്‌കൂള്‍

മാനന്തവാടി: ക്ഷീര കര്‍ഷകര്‍ക്ക് അറിവിന്റെ പ്രായോഗിക പാഠങ്ങള്‍ പകര്‍ന്നു നല്‍കി തവിഞ്ഞാല്‍ ഗ്രാമ പഞ്ചായത്തിലെ യവനാര്‍കുളം പുല്‍പറമ്പില്‍ തങ്കച്ചന്റെ വീട്ടിലെ ഡയറി ഫാം സ്‌കൂള്‍. സംസ്ഥാന വെറ്റിനറി സര്‍വകാലാശക്ക് കീഴില്‍ തങ്കച്ചന്‍ ഒരുക്കിയ ഫാം സ്‌കൂളിലെത്തുന്നവര്‍ക്ക് സര്‍വകലാശാലയിലെ വിദഗ്ദരുടെ പാഠങ്ങള്‍ക്കൊപ്പം ഡെയറി ഫാമിങ്ങില്‍ തങ്കച്ചന്‍ സൃഷ്ടിച്ചെടുത്ത ഉത്തമ മാതൃക കൂടി നേരില്‍ കണ്ടുമനസിലാക്കാം.
ഹൈ ബ്രീഡ്്ഇനത്തില്‍പ്പെട്ട പന്ത്രണ്ട് പശുക്കളാണ് ഫാമിലുള്ളത്. ഒരു പശുവില്‍ നിന്നും ഒരു ദിവസം 28.5 ലിറ്റര്‍ പാലാണ് തങ്കച്ചന് ലഭിക്കുന്നത്. അതായത് ഏഴു പശുക്കളെ കറന്നെടുക്കുമ്പോള്‍ തങ്കച്ചന്റെ പാല്‍ക്കുടത്തില്‍ നിറയുന്നത് 230 ലിറ്ററോളം പാല്‍. ഒരു ദിവസം 46 ലിറ്റര്‍ പാല്‍ ചുരത്തുന്ന പശുവാണ് ഈ ഫാമിലെ താരം.
അനുഭവങ്ങളിലൂടെയും സര്‍വകലാശാലയുടെ സഹായത്തോടെയുമാണ് പശുക്കള്‍ക്ക് സുഖകരമായ കാലാവസ്ഥ ഒരുക്കി എപ്പോഴും ശുദ്ധജലം ലഭ്യമാക്കി, വൃത്തിയായി സൂക്ഷിക്കാന്‍ കഴിയുന്ന മാതൃക തൊഴുത്ത് ഒരുക്കിയത്.
ഏതു കാലാവസ്ഥയിലും പശുക്കള്‍ക്ക് സുഖജീവിതം നല്‍കുന്ന ‘ആശ്വാസ’ എന്ന താപനിയന്ത്രണ എന്ന ഉപകരണവും ഫാമിലുണ്ട്. സര്‍വകലാശാലയാണ് ഈ ഉപകരണം നല്‍കിയത്. വൃത്തിയുള്ള തൊഴുത്തില്‍ കഴിയുന്ന പശുക്കള്‍ക്ക് അകിടുവീക്കം വരാനുള്ള സാധ്യത തുലോം കുറവാണ്. ഒപ്പം ശുദ്ധമായ പാലുല്‍പാദനവും നടക്കും. ഇതാണ് ഫാം സ്‌കൂളിന്റെ വിജയത്തിന്റെ പ്രധാന ഘടകം.
മാലിന്യ നിര്‍മാര്‍ജ്ജനം ബയോഗ്യാസ് വഴിയാകുമ്പോള്‍ സ്ലറി പുല്‍കൃഷിക്ക് വളമാകുന്നു. നിറത്തിലുള്ള കുടത്തില്‍ ബള്‍ബ് കത്തിച്ച് ആവണക്കെണ്ണ പുരട്ടി ഈച്ചയേയും, കൊതുകിനേയും പമ്പ കടത്തുന്ന വിദ്യയൊക്കെ തങ്കച്ചന്റെ കണ്ടുപിടുത്തം തന്നെ.
കറവയന്ത്രം പാല്‍ ഊറ്റിയെടുക്കുന്ന തൊഴുത്തില്‍ സംഗീതം അകമ്പടിയാകുമ്പോള്‍ തങ്കച്ചന്റെ മിത്രങ്ങളായ പശുക്കളും അതാസ്വദിക്കുന്നു. ഫാം നടത്തിപ്പില്‍ വോളിബോള്‍ കോര്‍ട്ടിലെ മിന്നും താരമായ തങ്കച്ചനൊപ്പം ഭാര്യ ബീനയും മുഴുവന്‍ സമയവും കൂടെയുണ്ട്. ഇലക്‌ട്രോ്‌ട്രോണിക്‌സ് ബിരുദധാരിയായ മകന്‍ അമലിന്റെ കൈകളും ഫാമിന്റെ പ്രവര്‍ത്തനങ്ങളില്‍ തങ്കച്ചന് സഹായകമാകാറുണ്ട്.
വയനാട്ടിലെ തണുപ്പില്‍ തങ്കച്ചന്‍ വളര്‍ത്തിയെടുത്ത ഈ മാതൃക തന്നെയാണ് സംസ്ഥാനത്തെ ആദ്യത്തെ മാതൃകാ ഡെയറി ഫാം സ്‌കൂള്‍ തുടങ്ങാന്‍ വെറ്ററിനറി സര്‍വകലാശാല പുല്‍പറമ്പില്‍ ഫാമിനെ തിരഞ്ഞെടുക്കാനും കാരണം.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.