2018 October 21 Sunday
ഒരു നേതാവ് നല്ല വീക്ഷണമുള്ളവനും അത്യുത്സാഹിയും പ്രശ്‌നങ്ങളെ ഭയക്കാത്തവനുമാകണം

ക്രൈംബ്രാഞ്ചിനെ പുനഃസംഘടിപ്പിക്കുന്നു

തിരുവനന്തപുരം: കുറ്റകൃത്യങ്ങളുടെ സ്വഭാവത്തിന്റെ അടിസ്ഥാനത്തില്‍ വിഭജിച്ചിരുന്ന ക്രൈംബ്രാഞ്ചിനെ റവന്യു, ജില്ലാ അടിസ്ഥാനത്തില്‍ എസ്.പി മാര്‍ക്ക് ചുമതല നല്‍കി പുനഃസംഘടിപ്പിക്കാന്‍ ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു.
ക്രൈംബ്രാഞ്ച് സി.ഐ.ഡി എന്ന പേരിലുളള വിഭാഗം ഇനി ക്രൈംബ്രാഞ്ച് എന്നാണ് അറിയപ്പെടുക. സാമ്പത്തിക കുറ്റങ്ങള്‍, ആസൂത്രിത കുറ്റകൃത്യങ്ങള്‍, പരുക്കേല്‍പ്പിക്കലും കൊലപാതകങ്ങളും ക്ഷേത്രക്കവര്‍ച്ച എന്നിങ്ങനെ കുറ്റകൃത്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ ഐ.ജിമാര്‍ക്കും ഡി.ഐ.ജിമാര്‍ക്കും എസ്.പിമാര്‍ക്കും ചുമതല നല്‍കിയിട്ടുളളത്. ഇതോടൊപ്പം സൈബര്‍ ക്രൈം ആന്‍ഡ് പൈറസി തുടങ്ങിയ വിഭാഗങ്ങളും പ്രവര്‍ത്തിക്കുന്നു.
ഈ ഘടന കേസ് അന്വേഷണത്തിന് വലിയ പ്രയാസമുണ്ടാക്കുന്നുവെന്ന ആഭ്യന്തര വകുപ്പിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പുനഃസംഘടിപ്പിക്കുന്നത്. കൂടാതെ ഒരു ജില്ലാ കേന്ദ്രത്തിലുളള എസ്.പി പല ജില്ലകളിലെ കേസുകളിലെയും ചുമതല വഹിക്കേണ്ടിവരുന്നു.
സാമ്പത്തിക കുറ്റാന്വേഷണത്തിന് കോട്ടയം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എസ്.പി ഇപ്പോള്‍ ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട് എന്നീ ജില്ലകളുടെ ചുമതലകൂടി വഹിക്കുന്നു. ഈ രീതി ഇരകള്‍ക്കും വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്. അത് കൂടി കണക്കിലെടുത്താണ് റവന്യു ജില്ലാ അടിസ്ഥാനത്തില്‍ എസ്.പിമാര്‍ക്ക് ചുമതല നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. കൊല്ലം എസ്.പിക്ക് പത്തനംതിട്ട ജില്ലയുടെ കൂടി ചുമതലയുണ്ടാകും.
കോഴിക്കോട് എസ്.പിക്ക് വയനാടിന്റെയും കണ്ണൂര്‍ എസ്.പിക്ക് കാസര്‍കോടിന്റെയും ചുതമല നല്‍കും. ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കുറ്റകൃത്യം ഏത് തരത്തിലുള്ളതായാലും ഇനി മുതല്‍ അതാത് ജില്ലകളിലെ എസ്.പിമാര്‍ക്കായിരിക്കും ചുമതല.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.