2019 May 26 Sunday
നമ്മുടെ ഭാവിയുടെ സ്രഷ്ടാക്കള്‍ മറ്റാരുമല്ല; നമ്മള്‍ തന്നെയാണ്! -മഹാവീരന്‍

ക്രൂരം.. പൈശാചികം; ന്യൂസിലന്‍ഡില്‍ രണ്ടു മുസ്‌ലിം പള്ളികളില്‍ ഭീകരാക്രമണം: 49 പേര്‍ കൊല്ലപ്പെട്ടു

വെല്ലിങ്ടണ്‍: ന്യൂസിലന്‍ഡിലെ ക്രൈസ്റ്റ് ചര്‍ച്ചിലുള്ള രണ്ടു മുസ്‌ലിം പള്ളികളില്‍ വെള്ളിയാഴ്ച ജുമുഅ നിസ്‌കാരത്തിനിടെയുണ്ടായ ഭീകരാക്രമണത്തില്‍ 16 വയസുള്ള കുട്ടികള്‍ ഉള്‍പ്പടെ 49 പേര്‍ കൊല്ലപ്പെട്ടു. 48 പേര്‍ക്ക് പരുക്കേറ്റു. പലരുടെയും നില ഗുരുതരമാണെന്നും മരണ സംഖ്യ കൂടിയേക്കുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
സെന്‍ട്രല്‍ ക്രൈസ്റ്റ് ചര്‍ച്ചിലെ മസ്ജിദ് അല്‍ നൂര്‍, അഞ്ചു കിലോമീറ്റര്‍ അകലെയുള്ള ലിന്‍വുഡ് മസ്ജിദ് എന്നിവിടങ്ങളിലാണ് വെടിവയ്പുണ്ടായത്. യന്ത്രത്തോക്കുമായി എത്തിയ അക്രമിയാണ് വെടിവയ്പ് നടത്തിയതെന്ന് ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് ടി.വി.എന്‍ ഇസഡ് റിപ്പോര്‍ട്ട് ചെയ്തു.
ഇന്നലെ ന്യൂസിലാന്‍ഡ് പ്രാദേശിക സമയം ഉച്ചയ്ക്ക് 1.40നാണ് ലോകത്തെ ഞെട്ടിച്ച ദാരുണസംഭവം അരങ്ങേറിയത്. കറുത്ത വസ്ത്രവും ഹെല്‍മറ്റും ധരിച്ച് യന്ത്രത്തോക്കുമായി പള്ളിയില്‍ കടന്ന അക്രമി നിസ്‌കരിക്കുന്നവര്‍ക്കു നേരേ നിഷ്‌കരുണം തുരുതുരാ വെടിയുതിര്‍ക്കുകയായിരുന്നു. ഹെല്‍മറ്റില്‍ ഘടിപ്പിച്ച ആക്ഷന്‍ കാമറ ഗ്രോ പ്രോ വഴി കൂട്ടക്കൊല ഫേസ്ബുക്കില്‍ ലൈവായി അക്രമി കാട്ടുകയും ചെയ്തു.
സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ അല്‍ നൂര്‍ പള്ളിയിലെ 41 പേരും ലിന്‍വുഡില്‍ ഏഴുപേരുമാണ് തല്‍ക്ഷണം മരിച്ചുവീണത്. ഒരാള്‍ ക്രൈസ്റ്റ് വുഡ് ആശുപത്രിയില്‍വച്ചാണ് മരിച്ചത്. വെടിവയ്പ് നടന്ന് മിനുട്ടുകള്‍ക്കകം പ്രദേശം വളഞ്ഞ പൊലിസ് പള്ളി അടച്ചു. ഒരു സ്ത്രീ ഉള്‍പ്പടെ അക്രമിസംഘത്തില്‍ പെട്ടവരെന്നു കരുതുന്ന നാലു പേരെ കസ്റ്റഡിയിലെടുത്തു. ഒരാള്‍ 20 കാരനാണ്. എന്നാല്‍ 28കാരനായ ആസ്‌ത്രേലിയന്‍ പൗരനാണ് വെടിവച്ചതെന്ന് പുറത്തുവന്ന വീഡിയോ ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു.
പിടികൂടുമ്പോള്‍ രണ്ടുപേരുടെയും കൈവശം നിറതോക്കുകളുണ്ടായിരുന്നു. അക്രമികളുടെ വാഹനത്തില്‍ ഘടിപ്പിച്ചിരുന്ന സ്‌ഫോടക വസ്തുക്കള്‍ പൊലിസ് നിര്‍വീര്യമാക്കി. സംഭവം നടക്കുമ്പോള്‍ മസ്ജിദിനകത്ത് 50ലേറെ പേര്‍ നിസ്‌കരിക്കുന്നുണ്ടായിരുന്നെന്ന് രക്ഷപ്പെട്ടവരില്‍ ഒരാള്‍ പറഞ്ഞു. വെടിവയ്പ് ശബ്ദം കേട്ട പലരും ജനലുകളിലൂടെയും മറ്റും ചാടിയാണ് രക്ഷപ്പെട്ടത്. ഏഴ് മിനുട്ടോളമാണ് അക്രമി നിര്‍ത്താതെ വെടിയുതിര്‍ത്തതെന്ന് ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തെ തുടര്‍ന്ന് ന്യൂസിലാന്‍ഡിലെ മുസ്‌ലിം പള്ളികളും സ്‌കൂളുകളും അടച്ചിട്ടു. സംഭവത്തെ തുടര്‍ന്ന് ക്രൈസ്റ്റ് ചര്‍ച്ചില്‍ ഇന്നു നടക്കാനിരുന്ന ന്യൂസിലാന്‍ഡ് ബംഗ്ലാദേശ് മൂന്നാം ടെസ്റ്റ് മല്‍സരം റദ്ദാക്കി. മല്‍സരത്തിനെത്തിയ ബംഗ്ലാദേശ് താരങ്ങള്‍ തലനാരിഴയ്ക്കാണ് വെടിയേല്‍ക്കാതെ രക്ഷപ്പെട്ടത്.

ഒന്‍പത് ഇന്ത്യക്കാരെ
കാണാതായതായി റിപ്പോര്‍ട്ട്

വെല്ലിങ്ടണ്‍: ഭീകരാക്രമണത്തിന് ശേഷം ഇന്ത്യന്‍ വംശജരായ ഒന്‍പത് പേരെ കാണാതായതായി റിപ്പോര്‍ട്ട്. ഈ കാര്യം ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ഇന്ത്യക്കാരെ സംബന്ധിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണം പ്രതീക്ഷിക്കുകയാണെന്നും നിലവില്‍ സംഭവവുമായി ബന്ധപ്പെട്ട് ഒന്‍പത് പേരെ കാണാതായതായി വിവിധ കേന്ദ്രങ്ങളില്‍നിന്ന് വിവരം ലഭിച്ചിട്ടുള്ളതായും ന്യൂസിലന്‍ഡിലെ ഇന്ത്യന്‍സ്ഥാനപതി വ്യക്തമാക്കി. കാണാതായതായി വിവരം ലഭിച്ചവരുടെ കുടുംബാംഗങ്ങളെ ബന്ധപ്പെട്ടുവരികയാണെന്നും ഇവരെ സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ ഇന്നേ ലഭ്യമാകൂ എന്നും അദ്ദേഹം പറഞ്ഞു.

ന്യൂസിലന്‍ഡിലെ മുസ്‌ലിംകള്‍ ഞെട്ടലില്‍: താഹിര്‍ നവാസ്
(ന്യൂസിലാന്‍ഡ് ഇന്റര്‍നാഷനല്‍ മുസ്‌ലിം അസോ. നേതാവ്)

ന്യൂസിലാന്‍ഡിലെ മുസ്‌ലിം സമുദായം ഞെട്ടലിലാണെന്ന് ന്യൂസിലന്‍ഡ് ഇന്റര്‍നാഷനല്‍ മുസ്‌ലിം അസോസിയേഷന്‍ നേതാവ് താഹിര്‍ നവാസ് പറഞ്ഞു.
സമാധാനപരമായ ഈ രാജ്യത്ത് ഇത്തരമൊരു സംഭവം ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. മസ്ജിദുകളിലെ പ്രാര്‍ഥനകള്‍ക്കും മറ്റും നിയന്ത്രണം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചിട്ടുള്ളതായും അദ്ദേഹം അറിയിച്ചു.

അക്രമം ആസൂത്രിതം : ജസിന്ത ആര്‍ഡേന്‍
(ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി)

ആസൂത്രിതമായ ഭീകരാക്രമണമാണ് മുസ്‌ലിം പള്ളികളിലുണ്ടായതെന്ന് ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസിന്ത ആര്‍ഡേന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രാജ്യത്തിന്റെ ചരിത്രത്തിലെ ഇരുണ്ട ദിനങ്ങളിലൊന്നാണ് ഇതെന്നും അവര്‍ അഭിപ്രായപ്പെട്ടു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.